ഈ ലോകകപ്പിലെ ആദ്യ ഹീറോ ആയി ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ അതിശക്തമായി നിലയുറപ്പിച്ചതോടെ ലിയണല്‍ മെസ്സിക്ക് മുന്നില്‍ പിരിമുറുക്കത്തിന്റെ മറ്റൊരു വന്‍മല. ആരാണ് വര്‍ത്തമാനകാലത്തിലെ മികച്ച ഫുട്‌ബോളറെന്ന ചോദ്യത്തിന് വലിയ ഉത്തരത്തിലേക്കുള്ള ആദ്യ വെടിയാണ ക്രിസ്റ്റിയാനൊ പൊട്ടിച്ചിരിക്കുന്നത്. ഏതാണ്ടൊറ്റക്ക് ക്രിസ്റ്റിയാനൊ സ്‌പെയിനിനെതിരെ പോര്‍ചുഗലിന് സമനില നേടിക്കൊടുത്തു. ഒരു ലോകകപ്പിനെ ആധികാരികമായി സ്വന്തം പേരിലെഴുതാന്‍ ഇതുവരെ ഡിയേഗൊ മറഡോണക്കു മാത്രമേ സാധിച്ചിട്ടുള്ളൂ, 1986 ല്‍. ക്രിസ്റ്റിയാനൊ ഉയരുന്നത് ആ പദവിയിലേക്കാണോ?
മെസ്സിയുടെ സ്‌പോണ്‍സര്‍മാര്‍ ലോകകപ്പിന് മുമ്പ് താരത്തെ ആടിനൊപ്പം (ഗോട്ട്) പോസ് ചെയ്യിപ്പിച്ച് ഫീച്ചര്‍ തയാറാക്കിയിരുന്നു. ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്നതിന്റെ പ്രതീകമായിരുന്നു ആട്.
മെസ്സിയുടെ സ്‌പോണ്‍സര്‍മാര്‍ ലോകകപ്പിന് മുമ്പ് താരത്തെ ആടിനൊപ്പം (ഗോട്ട്) പോസ് ചെയ്യിപ്പിച്ച് ഫീച്ചര്‍ തയാറാക്കിയിരുന്നു. ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്നതിന്റെ പ്രതീകമായിരുന്നു ആട്. വെള്ളിയാഴ്ച സ്‌പെയിനിനെതിരെ ആദ്യ ഗോളടിച്ച ശേഷം ക്രിസ്റ്റിയാനൊ ആടായി ചമഞ്ഞ് ആ ഫീച്ചറിന് മറുപടി നല്‍കി. താനാണ് ഗ്രെയ്റ്റ്‌സ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്) എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. വീണ്ടും രണ്ട് മനോഹരമായ ഗോളടിച്ച് ആ പ്രഖ്യാപനത്തിന് അടിവരയിട്ടു. മൂന്നാമത്തെ ഗോളിന് കാരണമായ ഫ്രീകിക്ക് സൂപ്പര്‍താരത്തിന്റെ ഹീറോ സ്റ്റാറ്റസിനെ പതിന്മടങ്ങ് ഉയര്‍ത്തുന്നതായി. ഇന്ന് കളത്തിലിറങ്ങുന്ന മെസ്സിക്ക് അതിന് മറുപടി നല്‍കാനാവുമോ? കാത്തിരുന്ന് കാണാം.
നാല് ലോകകപ്പുകളില്‍ ഗോളടിച്ച നാലാമത്തെ കളിക്കാരനായി ക്രിസ്റ്റിയാനൊ- പെലെ, ഊവെ സീലര്‍, മിറോസ്്‌ലാവ് ക്ലോസെ എന്നിവര്‍ക്കു മാത്രം സാധിച്ച നേട്ടം. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലായി മൂന്നു ഗോളടിച്ച ക്രിസ്റ്റിയാനൊ ഒരു രാത്രി കൊണ്ട് അത് ഇരട്ടിയാക്കി. ലോകകപ്പിന്റെ ശ്രദ്ധ തന്നിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മെസ്സിക്ക് ഇന്ന് സാധിക്കുമോ?