ഫോബ്‌സ് മാഗസിന്‍ ശതകോടീശ്വരന്‍മാരില്‍ മലയാളികളില്‍ ഒന്നാമത് എം. എ. യൂസഫലി

ദുബൈ- ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ മലയാളികളില്‍ ആദ്യ റാങ്കില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. ലോകറാങ്കിംഗില്‍ 497-ാം സ്ഥാനത്തുള്ള എം. എ യൂസഫലിയുടെ ആസ്തി 530 കോടി ഡോളറാമ്. 

ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ 2,640 സമ്പന്നരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൂയി വിറ്റന്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് പട്ടികയില്‍ ഒന്നാമന്‍. 211 ശതകോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ടെസ്ലയുടേയും ട്വിറ്ററിന്റേയും ഇലോണ്‍ മസ്‌കിനാണ് സമ്പത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം. 180 ശതകോടി ഡോളറിന്റെ ആസ്തിയാണ് മസ്‌കിനുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ 114 ശതകോടിയുമായി മൂന്നാം സ്ഥാനം നേടി. 

ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ മുകേഷ് അംബാനി വീണ്ടുമെത്തി. ഗൗതം അദാനിയെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരികെ നേടിയത്. മുകേഷ് അംബാനിയുടെ ആസ്തി 83.4 ശതകോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനിയുടെ ആസ്തി 90 ശതകോടി ഡോളറില്‍ നിന്ന് 47.2 ശതകോടി ഡോളറിലെത്തി രണ്ടാം സ്ഥാനത്തായി. എച്ച്. സി. എല്‍ സഹസ്ഥാപകന്‍ ശിവ് നാടാറാണ് 25.6 ശതകോടിയുമായി മൂന്നാം സ്ഥാനത്തുള്ളത്. 

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (320 കോടി), ആര്‍. പി. ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (320 കോടി), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (300 കോടി), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (280 കോടി), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ (220 കോടി), ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ (210 കോടി), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്. ഡി ഷിബുലാല്‍ (180 കോടി), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (100 കോടി) എന്നിവരാണ് പട്ടികയില്‍ സ്ഥാനം നേടിയ മലയാളികള്‍. 169 ഇന്ത്യക്കാരാണ് ശതകോടീശ്വര പട്ടികയില്‍ ഇടം നേടിയത്. 

കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്നും 250 പേര്‍ പുറത്തുപോയപ്പോള്‍ 150 പേര്‍ പുതുതായി ഇടംനേടി. ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുവന്നുവെന്നും ഫോബ്‌സ് വിലയിരുത്തുന്നു.

Latest News