ഒ. ഐ.സിയുടേത് 'ഇന്ത്യാ വിരുദ്ധ' അജണ്ടയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രലായ വക്താവ് 

ന്യൂദല്‍ഹി- രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങളുണ്ടായതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനെ (ഒ. ഐ. സി)തിരെ ഇന്ത്യ. ഒ. ഐ. സി പ്രസ്താവനയെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അപലപിച്ചു.

ഇന്ത്യയെ സംബന്ധിച്ച് ഒ. ഐ. സി സെക്രട്ടേറിയറ്റ്  പുറപ്പെടുവിച്ച പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും ഇത് അവരുടെ വര്‍ഗീയ ചിന്തയുടെയും ഇന്ത്യാ വിരുദ്ധ അജണ്ടയുടെയും ഉദാഹരണമാണെന്നും ബാഗ്ചി പറഞ്ഞു. ഇന്ത്യാ വിരുദ്ധത അവതരിപ്പിക്കുന്നതിലൂടെ ഒ. ഐ. സിയുടെ വിശ്വാസ്യതയ്ക്കാണ് കോട്ടം തട്ടുകയെന്നും പ്രസ്താവനയില്‍ പറയുന്നു. 

രാമനവമിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഹൈന്ദവ തീവ്രവാദികള്‍ നടത്തിയ മുസ്‌ലിം വിരുദ്ധ അക്രമ പ്രവര്‍ത്തനങ്ങളില്‍ ആരാധനാലയങ്ങളും നിരവധി മതപഠന സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന ഒ. ഐ. സിയുടെ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഇസ്‌ലാമോഫോബിയയുടെ ഉദാഹരണമാണിതെന്നും ഒ. ഐ. സി ചൂണ്ടിക്കാട്ടിയിരുന്നു.

Latest News