ന്യൂദല്‍ഹി- ഇന്ത്യയ്ക്ക് തന്ത്രപരമായി നിര്‍ണ്ണായകമായ അരുണാചല്‍ പ്രദേശിലെ ഡോക്ലാം മേഖലയില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാഗ്ചുക്ക് ഇന്ത്യയിലെത്തി.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ രാജാവ് ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ഭൂട്ടാന്റെ വടക്കുഭാഗത്തുള്ള രണ്ട് താഴ്‌വരകള്‍, പടിഞ്ഞാറുള്ള ഡോക്ലാം മേഖല എന്നിവിടങ്ങളിലെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാന്‍ 2021 ഒക്ടോബറില്‍ ചൈനയുമായി ഒപ്പിട്ട ധാരണ പ്രകാരമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അരുണാചലിലെ ഡോക്ലാം മേഖലയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ അതിര്‍ത്തി തര്‍ക്കമുള്ളതിനാല്‍ ഭൂട്ടാന്റെ നിലപാടുകള്‍ നിര്‍ണ്ണായകമാകും. ഭൂട്ടാന്‍ ചൈനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇന്ത്യയുടെ താത്പര്യങ്ങളെ ബാധിക്കില്ലെന്ന് ഭൂട്ടാന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചൈനയെ വിശ്വസിക്കാന്‍ ദല്‍ഹി തയ്യാറല്ല.
2023 ജനുവരിയില്‍ ഭൂട്ടാനും ചൈനയും ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ഭൂട്ടാനിലെത്തി രാജാവിന്റെ പിതാവ് ജിഗ്മെ സിംഗ്യെ വാംഗ്ചുക്കിനെയും സന്ദര്‍ശിച്ചിരുന്നു.
അതിനിടെ, ഡോക്ലാമില്‍ ത്രികക്ഷി ചര്‍ച്ച വേണമെന്ന് കഴിഞ്ഞയാഴ്ച യൂറോപ്പ് സന്ദര്‍ശനത്തിനിടെ ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗ് നടത്തിയ പ്രസ്താവന വിവാദമായി. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചാണ് രാജാവ് എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പാരമ്പര്യത്തിന്റെ ഭാഗമാണ് സന്ദര്‍ശനമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഭൂട്ടാന്‍ വിദേശകാര്യ- വിദേശ വാണിജ്യ മന്ത്രി താണ്ടി ദോര്‍ജി സംഘത്തിലുണ്ട്.
ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതികള്‍ക്കുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. നിലവില്‍ ഇന്ത്യ 4,500 കോടി രൂപയുടെ സഹായം ഭൂട്ടാന് നല്‍കുന്നുണ്ട്. ഭൂട്ടാന്‍ ജലവൈദ്യുത പദ്ധതികളില്‍ പങ്കാളിത്തമുള്ള ഇന്ത്യ വൈദ്യുതി വാങ്ങുന്നുമുണ്ട്. 2021 നവംബറില്‍ ഇരു രാജ്യങ്ങളും ഏഴ് പുതിയ വ്യാപാര ധാരണകളുണ്ടാക്കി. ഉപഗ്രഹ നിര്‍മ്മാണത്തിനും ബഹിരാകാശ ഗവേഷണത്തിലും ഇന്ത്യ സഹായിക്കുന്നുണ്ട്.






