മോസ്‌കോ- സൗദി അറേബ്യയുടെ പെരുന്നാൾ രാവിൽ ദുഃഖം പരത്തി ലോകകപ്പിൽ ആതിഥേരായ റഷ്യക്ക് തകർപ്പൻ തുടക്കം. ഉദ്ഘാടന മത്സരത്തിൽ റഷ്യ 5-0നാണ് സൗദിയെ തകർത്തത്. രണ്ട് ഗോളടിച്ച ഡെനിസ് ചെറിഷേവ് ആതിഥേയ വിജയത്തിൽ താരമായി. ലൂറി ഗാസിൻസ്‌കി, ആർട്ടം സുയ്ബ, അലെക്‌സാണ്ടർ ഗോളോവിൻ എന്നിവർ ഓരോ ഗോളടിച്ചു.
ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളിൽ ഫിഫ റാങ്കിംഗിൽ ഏറ്റവും പിന്നിലായിട്ടും, സന്നാഹ മത്സരങ്ങളിൽ ജയം കാണാനാവാതെ തപ്പിത്തടഞ്ഞിട്ടും ലോകകപ്പിന്റെ അരങ്ങേറ്റ മത്സരത്തിൽ നേടിയ ജയം റഷ്യക്കാർ പ്രതീക്ഷിച്ചതിലും അപ്പുറത്തായി. ഉദ്ഘാടന മത്സരം നടന്ന മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ എൺപതിനായിരത്തോളം കാണികളിൽനിന്ന് കലവറയില്ലാത്ത പിന്തുണയാണ് ആതിഥേയ ടീമിന് ലഭിച്ചത്. ഈ വിജയത്തോടെ, ഉറുഗ്വായും ഈജിപ്തുമടങ്ങുന്ന എ ഗ്രൂപ്പിൽനിന്ന് അടുത്ത റൗണ്ടിലെത്താമെന്ന പ്രതീക്ഷയിലാണ് റഷ്യ. മത്സര ശേഷം റഷ്യൻ കളിക്കാരേയും കോച്ചിനേയും പ്രസിഡന്റ് വഌദ്മിർ പുടിൻ അഭിനന്ദിച്ചു.
ഫിഫ റാങ്കിംഗിൽ തങ്ങളേക്കാൾ പിന്നിലുള്ള റഷ്യയോട് കനത്ത തോൽവി ഏറ്റുവാങ്ങിയത് സൗദിയുടെ ലോകകപ്പ് ആവേശത്തിന്റെ നിറം കെടുത്തി. 12 വർഷത്തെ ഇടവേളക്കുശേഷമാണ് സൗദി അറേബ്യ ലോകകപ്പ് കളിക്കുന്നത്. പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
പന്ത്രണ്ടാം മിനിറ്റിൽ സൗദി പ്രതിരോധത്തിന്റെ പിഴവിൽനിന്നാണ് റഷ്യ മുന്നിലെത്തുന്നത്. ഇടതുവശത്തുനിന്ന് ഗോളോവിൻ നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ സൗദി പ്രതിരോധത്തിന് പിഴച്ചു. മാർക്ക് ചെയ്യപ്പെടാനിന്ന ഗാസിൻസ്‌കി അനായാസ ഹെഡറിലൂടെ പന്ത് വലയുടെ എതിർ മൂലയിലെത്തിച്ചു.
ആദ്യപകുതിയിൽ അലൻ സാഗോയേവ് കാൽവണ്ണക്ക് പരിക്കേറ്റ് പുറത്തുപോയതോടെ പകരക്കാരനായെത്തിയ ചെറിഷേവ് കളിയുടെ സ്വഭാവം തന്നെ മാറ്റുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് രണ്ട് മിനിറ്റുള്ളപ്പോഴായിരുന്നു ചെറിഷേവ്, റഷ്യയുടെ രണ്ടാം ഗോൾ നേടുന്നത്. റോമാൻ സോബ്‌നിൻ നൽകിയ പാസ് സ്വീകരിച്ച ചെറിഷേവ് രണ്ട് സൗദി ഡിഫന്റർമാരെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സൗദി പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. 71 ാം മിനിറ്റിലായിരുന്നു സുയ്ബയുടെ ഗോൾ. 71ാം മിനിറ്റിൽ ഗോളോവിൻ ലീഡ് 4-0 ആക്കി. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് ചെറിഷേവ് തന്റെ രണ്ടാം ഗോളടിച്ച് റഷ്യയുടെ പട്ടിക പൂർത്തിയാക്കുന്നത്.