വീണിടത്തുനിന്നും പൂർവാധികം ശക്തിയോടെ ജീവിതത്തെ ചേർത്തുപിടിച്ച കഥയാണ് ജുമൈലാ ബാനുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
അതിജീവനത്തിന്റെ കഥയറിയാൻ ജുമൈലയെ വിളിച്ചപ്പോൾ തമിഴ്‌നാട്ടിലെ രാജപാളയത്ത് എള്ളുകൃഷിക്കുള്ള ഒരുക്കത്തിലായിരുന്നു അവർ. ഏക്കറു കണക്കിന് പാടത്ത് എള്ളു വിതയ്ക്കുന്ന പണിക്കാർക്ക് നിർദ്ദേശം നൽകാനായി എത്തിയതാണ് ജുമൈല. ഇനി കുറച്ചു ദിവസം ഇവിടെയാണ്. എള്ളു മുഴുവൻ വിതച്ചുകഴിഞ്ഞാൽ മാത്രമേ നാട്ടിലേക്ക്്് മടങ്ങുകയുള്ളു. പലതരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ശാരീരിക വിഷമതകളുണ്ടെങ്കിലും നേരിട്ടുവന്ന് പണിക്കാർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ മാത്രമേ നല്ല വിളവ് ലഭിക്കൂ.. അനുഭവത്തിന്റെ വെളിച്ചത്തിൽ ജുമൈല പറഞ്ഞുതുടങ്ങുന്നു.

കോഴിക്കോട് നഗരത്തിൽനിന്നും ഏറെ അകലെയല്ലാത്ത കുറ്റിക്കാട്ടൂരിലാണ് ജുമൈലയുടെ വീട്. മൊയ്തീൻകുട്ടിയുടെയും സുബൈദയുടെയും ഏകമകൾ. കുറ്റിക്കാട്ടൂർ ഹൈസ്‌കൂളിൽനിന്നും എസ്.എസ്.എൽ.സി പാസായി അരീക്കോട് കോളേജ് ഓഫ് എൻജിനീയറിംഗിൽനിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്‌ളോമയും കരസ്ഥമാക്കിയ ജുമൈല ഏറെ വൈകാതെ കുടുംബിനിയുമായി. നാട്ടുകാരൻ തന്നെയായ മുസ്തഫയായിരുന്നു വരൻ. ഗൾഫുകാരനായ മുസ്തഫയുമൊത്തുള്ള സന്തോഷകരമായ ദാമ്പത്യജീവിതത്തിൽ ഒരു കുഞ്ഞ്്് ജനിച്ചു. എന്നാൽ വിധിയുടെ കറുത്ത കരങ്ങളാണ് വീഴ്ചയുടെ രൂപത്തിൽ ജുമൈലയെ തേടിയെത്തിയത്. വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റതോടെ മരുന്നുകളുടെ ലോകമായിരുന്നു കാത്തിരുന്നത്. ദിവസങ്ങളും മാസങ്ങളും നീണ്ട ചികിത്സ. ആശുപത്രിയിലും വീട്ടിലുമെല്ലാമായി പത്തുവർഷത്തോളം ശയ്യാവലംബിയായി കഴിയേണ്ടിവന്നു. ഇപ്പോഴും ചികിത്സ തുടരുകയാണ്.
പിച്ചവച്ചു നടന്ന മകളെ ലാളിക്കാനോ ഒന്നെടുക്കാൻ പോലുമോ കഴിയാതിരുന്ന നാളുകൾ. ശരീരത്തിനും മനസ്സിനും ഏറെ വേദന സമ്മാനിച്ച നിമിഷങ്ങൾ. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചികിൽസക്കായി ചെലവഴിച്ചപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടുതുടങ്ങുകയായിരുന്നു. ഒടുവിൽ ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയപ്പോൾ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്ന ചിന്തയായിരുന്നു മനസ്സിലുണ്ടായിരുന്നത്. ചെറിയ മുതൽമുടക്കിൽ എന്തെങ്കിലും ചെയ്യണമെന്നു തോന്നി. പലതരം ആശയങ്ങൾക്കൊടുവിലാണ് കൃഷിയിലൂടെ പരീക്ഷണമാകാമെന്നു കരുതിയത്. കാരണമുണ്ട്. പൂർവ്വികരുടെ കാലംതൊട്ടേ വീട്ടിൽ കൂവക്കൃഷിയുണ്ടായിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൂവ കൃഷി ചെയ്താലോ എന്നായി ചിന്ത. ആരും ഈ കൃഷി ഇപ്പോൾ നടത്തുന്നില്ലെന്നതും അനുകൂലമായി തോന്നി. ഭർത്താവ് മുസ്തഫയോടു ചോദിച്ചപ്പോൾ ആരോഗ്യം ശ്രദ്ധിക്കണമെന്നായിരുന്നു ഉപദേശം. എന്നാൽ മനസ്സിൽ ഒരാഗ്രഹം മുളപൊട്ടിയപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. എനിക്കു കഴിയും എന്ന് ഭർത്താവിനെ ബോധ്യപ്പെടുത്തി. ആത്മവിശ്വാസം കണ്ടറിഞ്ഞ് കൃഷി ചെയ്യാനുള്ള സാമ്പത്തിക സഹായവും നൽകിയതും മുസ്തഫയായിരുന്നു.
കൂവക്കൃഷി ചെയ്യാൻ പോകുന്നെന്നറിഞ്ഞപ്പോൾ പലരും കളിയാക്കി. പറമ്പിൽ വെറുതെ മുളയ്ക്കുന്ന കൂവ ആരെങ്കിലും കൃഷി ചെയ്യുമോ എന്നായിരുന്നു പലരും ചോദിച്ചത്. ഒടുവിൽ കൂവ കയറ്റുമതി ചെയ്യുന്ന ഏജൻസിയുമായി ബന്ധപ്പെട്ടു. വിപണിസാധ്യത തെളിഞ്ഞതോടെ കൃഷിക്കുള്ള ഒരുക്കങ്ങളായി. വീടിനടുത്തുതന്നെയുള്ള അഞ്ച് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൂവക്കൃഷി ചെയ്തു. എങ്ങനെ കൃഷി ചെയ്യണമെന്നോ കൂടുതൽ വിളവ് ലഭിക്കാൻ എന്തു ചെയ്യണമെന്നോ അറിയുമായിരുന്നില്ല. പറഞ്ഞുതരാനും ആരുമില്ലായിരുന്നു. ഒടുവിൽ ആദ്യകൃഷി തന്നെ സമ്പൂർണ പരാജയത്തിലാണ് കലാശിച്ചത്.
മാസങ്ങൾ നീണ്ട അധ്വാനം നിഷ്ഫലമായി. അവിടെയും നഷ്ടക്കണക്കായിരുന്നു നിരത്താനുണ്ടായിരുന്നത്. മോഹിച്ച് നടത്തിയ കൃഷി പരാജയപ്പെട്ടപ്പോൾ വലിയ നിരാശയും സങ്കടവുമായിരുന്നു. തുണയായത് ഭർത്താവായിരുന്നു. ചികിത്സയ്ക്കുവേണ്ടി കുറേ പണം ചെലവഴിച്ചതല്ലേ. ഇതും അതുപോലെ കരുതിയാൽ മതി എന്നു പറഞ്ഞായിരുന്നു അദ്ദേഹം ആശ്വസിപ്പിച്ചത്. ഈ ആശ്വാസവചനങ്ങൾ വലിയ പിന്തുണയാണ് നൽകിയത്.
നിരാശയിൽ മനസ്സ് മടുത്തിരിക്കാൻ ഒരുക്കമായിരുന്നില്ല. എന്തുകൊണ്ടാണ് തന്റെ ആദ്യപരിശ്രമം വിജയിക്കാതെ പോയതെന്ന് പഠിച്ചു. കൃഷിരീതികളെക്കുറിച്ചുള്ള അജ്ഞതയാണ് പ്രധാന കാരണമെന്നു കണ്ടെത്തി. കൃഷിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചു. അപ്പോഴാണ് തന്റെ കൃഷിരീതികൾ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. വേനൽക്കാലത്ത് നിരപ്പായ സ്ഥലത്ത് കൂവക്കൃഷി ചെയ്താൽ പറിച്ചെടുക്കാൻ കഴിയില്ലെന്ന് അറിയാൻ കഴിഞ്ഞു. ഉയരം കൂടിയ വരമ്പാക്കി മാറ്റി അവിടെയാണ് കൂവ നടേണ്ടതെന്ന് മനസ്സിലായി. ഒരിക്കൽ പരാജയപ്പെട്ടാൽ ആരും അതേ കൃഷി വീണ്ടും ചെയ്യില്ല. എന്നാൽ തിരിച്ചറിവിൽനിന്നുമുള്ള പാഠം ഉൾക്കൊണ്ട് ജുമൈല വീണ്ടും കൂവ തന്നെ കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഇനിയുമൊരു പരീക്ഷണം വേണോ എന്നായിരുന്നു ഇക്കയുടെ സംശയം. ആരോഗ്യം ഇപ്പോഴും പൂർവ്വാവസ്ഥയിലെത്തിയിട്ടില്ല എന്ന ആശങ്കയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഇത്തവണ വിജയിക്കും എന്ന ഉറപ്പിൽ വീണ്ടും കൃഷിയൊരുക്കാനുള്ള പണം വാങ്ങി. മലപ്പുറത്തെ വണ്ടൂരിൽ അഞ്ചേക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. വിശ്വാസം തെറ്റിയില്ല. ഇത്തവണ നൂറുശതമാനം വിജയമായിരുന്നു. നൂറുമേനി വിളവ് ലഭിച്ചതോടെ കൃഷി വിപുലമാക്കാൻ തന്നെയായിരുന്നു തീരുമാനം. അടുത്ത വർഷം പത്തേക്കർ ഭൂമിയിൽ കൃഷിയിറക്കി. ആ വർഷവും വിളവ് നൂറുമേനിയായിരുന്നു.
മണ്ണ് ചതിക്കില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ജുമൈലയ്ക്ക് കരുത്തു പകരുന്നതായിരുന്നു ഈ വിളവെടുപ്പ്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വണ്ടൂരിൽ നാൽപത് ഏക്കറിലാണ് കൂവയും മഞ്ഞളും കസ്തൂരിമഞ്ഞളുമെല്ലാം കൃഷി ചെയ്തിരിക്കുന്നത്. വിളഞ്ഞ കൂവയുടെയും മഞ്ഞളിന്റെയും ഉപഭോക്താക്കൾ അമേരിക്കയിലെയും ബാംഗ്ലൂരിലെയും വൻകിട കമ്പനികളാണെന്നറിയുമ്പോഴാണ് ഈ വീട്ടമ്മയുടെ പെരുമ വർധിക്കുന്നത്.
വിളവെടുത്ത വെള്ളക്കൂവ അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. തമിഴ്‌നാട്ടിൽനിന്നും എത്തിച്ച ടർമറിക് സ്റ്റീംബോയിലറിൽ മഞ്ഞൾ പുഴുങ്ങിപ്പൊടിച്ചാണ് കയറ്റുമതി ചെയ്യുന്നത്. ബാംഗ്ലൂരിലെ ഒരു കമ്പനിയാണ് മഞ്ഞൾ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. ആവശ്യമായ വിത്തുകൾ തൃശൂരിൽ നിന്നുമാണ് എത്തിച്ചത്. പ്രതിഭ, പ്രഗതി ഇനത്തിൽപ്പെട്ടവയും നാടൻ വയനാടൻ മഞ്ഞളുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എട്ടുമാസം വിളവെടുപ്പ് ദൈർഘ്യമുള്ള കൂവയും മഞ്ഞളുമാണ് ജുമൈലയുടെ ജീവിതം മാറ്റിമറിച്ചത്.
കർണാടകയിൽ നൂറ് ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. അവിടെയും നല്ല വിളവാണ് ലഭിച്ചത്. തുടർന്നാണ് തമിഴ്‌നാട്ടിലെ രാജപാളയത്ത് ഇരുനൂറ് ഏക്കറിൽ കൃഷിയിറക്കിയത്. അവിടെ കൂവ മാത്രമല്ല. വാണിജ്യാടിസ്ഥാനത്തിൽ മുല്ലപ്പൂവും കൃഷി ചെയ്യുന്നു. കൂടാതെ ചുവന്നുള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, മുളക്, കപ്പ എന്നിവയുമുണ്ട്. പശു, ആട്, കോഴി, താറാവ്, അരയന്നം, പലതരം പക്ഷികൾ എന്നിവയെയും വളർത്തുന്നുണ്ട്.
കൃഷിയെക്കുറിച്ച് കൂടുതലറിയാൻ കൃഷിഭവനുകളുടെ സഹായമാണ് തേടാറ്. കൂടാതെ യൂട്യൂബിലൂടെയും പുതിയ ആശയങ്ങൾ കണ്ടെത്താറുണ്ട്. നല്ല വിത്തുകളാണ് പലപ്പോഴും നല്ല വിളവുണ്ടാക്കുന്നതെന്ന് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടുതന്നെ നല്ലതരം വിത്തുകൾക്കായി ആന്ധ്രയിലും കർണാടകയിലുമെല്ലാം പോകാറുണ്ട്. നീണ്ട യാത്രകൾക്ക് ശരീരം സമ്മതിക്കില്ലെങ്കിലും കൂട്ടിന് മകളും മരുമകനുമുള്ളത് ആശ്വാസം പകരുന്നു.
ഏതു കൃഷിയാണെങ്കിലും തികഞ്ഞ മുൻധാരണയോടെ മാത്രമേ ഈ രംഗത്തേക്ക്്്് കടന്നുവരാവൂ എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ജുമൈല പറയുന്നു. വിപണി കണ്ടെത്തിയിട്ടു മാത്രമേ വിളവിറക്കാവൂ. വിളവെടുപ്പ് കഴിഞ്ഞ് മാർക്കറ്റ് ഇല്ല. വിൽക്കാൻ സഹായിക്കുമോ എന്നുചോദിച്ച് പലരും വിളിക്കാറുണ്ട്. അതുകൊണ്ട് വിത്തിറക്കുന്നതിനു മുൻപ് വിപണി കൂടി കണ്ടെത്തണം. കൃഷി ചെയ്യാനുദ്ദേശിക്കുന്ന ഉൽപന്നം വാങ്ങാൻ ആളുകളുണ്ടോ. വിൽക്കാൻ കഴിയുമോ എന്നറിഞ്ഞിട്ടുവേണം വിളവിറക്കാൻ. അങ്ങനെയല്ലെങ്കിൽ നൂറുമേനി വിളവ് കിട്ടിയാലും വില കിട്ടാതെ അധ്വാനവും പണവും നഷ്ടമാവും.
വണ്ടൂരിൽ കൂവയും മഞ്ഞളും മഴക്കാലത്താണ് നടുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ സീസൺ മാറ്റിയാണ് നടുന്നത്. കേരളത്തേക്കാൾ നല്ല മണ്ണാണ് തമിഴ്‌നാട്ടിലേത്. അതുകൊണ്ടാണ് തമിഴ്‌നാട്ടിലേയ്ക്ക് കുടിയേറിയത്. പണിക്കൂലിയും കുറവാണ്. ഇത്രയും സ്ഥലം ഒന്നിച്ച് കേരളത്തിൽ എവിടെ കിട്ടാനാണ്? -ജുമൈല ചോദിക്കുന്നു.
ജൈവവളവും ജൈവകീടനാശിനിയുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ആവശ്യക്കാർ ഏറെയാണ്. മഞ്ഞളും കൂവയും കസ്തൂരിമഞ്ഞളുമെല്ലാം കയറ്റുമതി ചെയ്യുകയാണെങ്കിൽ ബാക്കിയുള്ളവയെല്ലാം നേരിട്ട് വിപണിയിലെത്തിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും നേരിട്ട് പച്ചക്കറിയെത്തിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
കൃഷിയിലൂടെ വരുമാനം ലഭിച്ചുതുടങ്ങിയപ്പോൾ ഇക്ക ഗൾഫിൽനിന്നും മടങ്ങി എന്നോടൊപ്പം കൃഷിയിൽ സഹായിക്കുന്നുണ്ട്.
മകൾ ഷിഫ എം.ബി.ബി.എസ് വിദ്യാർഥിയാണിപ്പോൾ. മരുമകൻ മുബഷിർ ഷാ എം.ബി.എക്കാരനാണ്. മരുമകന്റെ പിന്തുണയും ഏറെയുണ്ട്. 'ബാനൂസ് അഗ്രോ' എന്ന പേരിലാണ് ഞങ്ങളുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.
ശാരീരികാവശതകൾ ഏറെയുണ്ട്. പണിക്കാർക്കിടയിൽ ഓടിനടക്കാനോ ജോലി ചെയ്യാനോ ഒന്നും കഴിയില്ല. എങ്കിലും അവർക്കിടയിൽ പോയിരിക്കും. തീരെ അവശയായെന്നു തോന്നുമ്പോൾ കിടക്കും. എങ്കിലും ചില ദിവസങ്ങളിൽ ഏറെ യാത്ര ചെയ്യേണ്ടിവരും. അപ്പോഴും അധ്വാനത്തിലൂടെ ലഭിച്ച വിജയത്തിൽ മതിമറന്നിരിക്കുമ്പോൾ രോഗാവസ്ഥയും മറന്നുപോകും. ഇത്രയും ശാരീരിക അവശതകൾക്കിടയിലും ഇവയെല്ലാം ചെയ്യാമെങ്കിൽ ആർക്കും ഈ രംഗത്തേക്ക് കടന്നുവരാവുന്നതാണെന്നും ജുമൈല പറയുന്നു.






