കേരളത്തിലെ പുതിയ തലമുറ ഡിഗ്രിക്ക് മുമ്പ് തന്നെ ഇന്ത്യയ്ക്ക് പുറത്തേക്ക് പറക്കാനുള്ള തിരക്കിലാണ്. അവരെ സഹായിക്കാൻ നാട്ടിലെങ്ങും നിരവധി ഏജൻസികളുണ്ട്. പുതുതലമുറ കുടുംബസമേതം യുകെ ഉൾപ്പടെ വിദേശ രാജ്യങ്ങളിലേയ്ക്ക് കൂട്ടത്തോടെ ചേക്കേറുകയാണെന്നും നാട്ടിൽ പ്രായമായ മാതാപിതാക്കൾ ഒറ്റക്കാണെന്നും ബി.ബി.സി വാർത്ത നൽകി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാർത്ത സംപ്രേഷണം ചെയ്തത്. 'കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം' എന്ന പേരിലാണ് ബിബിസി വാർത്ത കൊടുത്തത്.
തുടർവിദ്യാഭ്യാസ രംഗത്ത് മുമ്പിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാർഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് ചില സ്‌കൂളുകളെന്നും വാർത്തയിലുണ്ട്. ചൈന പോലുള്ള രാജ്യങ്ങൾക്ക് സമാനമായ ജനസംഖ്യ വർധനയാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. വാർത്തയിൽ ഇടം നേടിയ കുമ്പനാട്ടെ പല വീടുകളും ആൾ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ചില ഇടങ്ങളിൽ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്കും. വിദേശ രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറിയ സാഹചര്യത്തിൽ പഠിക്കാൻ വിദ്യാർഥികൾ നാട്ടിൽ ഇല്ലാത്ത അവസ്ഥയുണ്ട്. വിരലിൽ എണ്ണാവുന്ന വിദ്യാർഥികൾ മാത്രം പഠിക്കുന്ന ചില സ്‌കൂളുകളിൽ വരും വർഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്ക വാർത്തയിലൂടെ അധ്യാപകർ പങ്കു വെക്കുന്നുണ്ട്. കുട്ടികളെ തേടി അധ്യാപകർ വീടുകൾ കേറേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നു. കുമ്പനാട്ടിലെ 150 വർഷം പഴക്കമുള്ള ഒരു സർക്കാർ യുപി സ്‌കൂളിൽ 50 വിദ്യാർഥികളാണ് ഇപ്പോൾ പഠിക്കുന്നത്. 1980 കളുടെ അവസാനം വരെ 700 കുട്ടികൾ ഉണ്ടായിരുന്ന സ്‌കൂളിൽ വളരെ പെട്ടെന്നാണ് 50 ലേക്ക് ചുരുങ്ങിയത്. പഠിക്കുന്നവരിൽ ഭൂരിഭാഗവും പട്ടണത്തിന്റെ സമീപം താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഏഴ് വിദ്യാർഥികൾ മാത്രമുള്ള ഏഴാം ക്ലാസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളത്. ഇവിടെ 2016 ൽ പഠിച്ചത് ഒരു വിദ്യാർഥി മാത്രമാണെന്നും അധ്യാപകർ പറഞ്ഞതായി വാർത്തയിലുണ്ട്. ആവശ്യത്തിന് വിദ്യാർഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് വെല്ലുവിളിയാണ്. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾക്ക് നൽകാനായി എട്ട് അധ്യാപകർ ഓരോ മാസവും 2,800 രൂപ ചെലവഴിക്കുന്നു. ഈ പ്രദേശത്ത് കുട്ടികൾ ഇല്ലെന്നും, ആളുകൾ താമസിക്കുന്നത് വളരെ കുറവാണെന്നും സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ. ജയദേവിയെ വാർത്ത ക്വാട്ട് ചെയ്യുന്നുണ്ട്. കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000 ൽപ്പരം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്നും കുമ്പനാട് ഉൾപ്പെടുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശയുടെ ഉദ്ധരണിയുമുണ്ട്.
കൊട്ടാര സമാനമായ വീടുകൾ പണിത് ഇട്ടിട്ടാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുകയാണ്. സമീപത്തുള്ള വൃദ്ധ സദനങ്ങളും പ്രായമായ മാതാപിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നവർ അവിടെ സ്ഥിരതാമസം ആക്കുന്നതാണ് ഇതിനു കാരണമെന്നത് പുതിയ കാര്യമല്ല.
*** *** ***
കേരളം ഒരു ചില്ലുകൊട്ടാരണമാണെന്നാണ് മെട്രോ മാൻ ഇ. ശ്രീധരൻ പറയുന്നത്. കേരളത്തെ പുറത്തുനിന്ന് നോക്കുമ്പോൾ മനോഹരവും തിളക്കമുള്ളതുമാണ്, എന്നാൽ അകത്ത് ഒന്നുമില്ല. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന പണത്തിന്റെ ബലത്തിലാണ് സംസ്ഥാനം നിലനിൽക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.
സാമൂഹിക സൂചികകളുടെ അടിസ്ഥാനത്തിൽ കേരളം വളരെ പുരോഗമിച്ച സംസ്ഥാനമാണെന്ന തോന്നൽ. പശ്ചിമേഷ്യയിൽ നിന്ന് ഒഴുകുന്ന പണം കൊണ്ട് മാത്രമാണ് കേരളം മുന്നേറുന്നത്. ആളുകൾ വിദേശ രാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്യുകയും പ്രതിവർഷം 80,000 കോടി രൂപ അയയ്ക്കുകയും ചെയ്യുന്നു. അല്ലാതെ കേരളത്തിന് അഭിമാനിക്കാൻ ഒന്നുമില്ല. എല്ലാ ഭക്ഷ്യവസ്തുക്കളും നമ്മൾ ഇറക്കുമതി ചെയ്യുന്നു. കേരളം ഒരു ഗ്ലാസ് ഹൗസാണ്. ഇത് പുറത്ത് നിന്ന് നോക്കുമ്പോൾ വളരെ മനോഹരവും തിളക്കവുമാണ്. ഉള്ളിൽ നമുക്ക് ഒന്നുമില്ല.- ശ്രീധരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിക്കുകയാണെങ്കിൽ സംസ്ഥാനത്തിനു നല്ലതിനായി കൂടെ നിൽക്കുമെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. നിലമ്പൂർ -നഞ്ചൻകോട് റെയിൽപാത, തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ തുടങ്ങി ഒന്നുരണ്ട് പദ്ധതികൾ വേണ്ടെന്നുവച്ചതോടെയാണ് താൻ പിണറായി വിജയനുമായി അകലുന്നത്. എന്നാൽ പാലാരിവട്ടം പാലത്തിന് അദ്ദേഹം സന്ദേശം അയച്ചു. ഒരു പൈസ പോലും വാങ്ങാതെ ഞാൻ പോയി അത് ചെയ്തു തീർത്തു- ശ്രീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയായിക്കഴിഞ്ഞാൽ രാഷ്ട്രതന്ത്രജ്ഞനാവുകയാണ് വേണ്ടത്. അല്ലാതെ പാർട്ടിക്കാരനാവരുത്. അധികാരമേറ്റാൽ ജനങ്ങൾ രാഷ്ട്രീയക്കാരാകുന്നത് അവസാനിപ്പിക്കണം. പാർട്ടിക്ക് എന്താണ് നല്ലത് എന്നല്ല, സംസ്ഥാനത്തിന് എന്താണ് നല്ലത് എന്നാണ് അവർ ചിന്തിക്കേണ്ടത്. സി അച്യുതമേനോൻ, ഇ.കെ നായനാർ തുടങ്ങിയ മികച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ നമുക്കുണ്ടായിരുന്നു.- ശ്രീധരൻ പറഞ്ഞു.
*** *** ***
കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുള്ള നടിമാരുടെ വെളിപ്പെടുത്തലുകൾ നിരവധി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ നായക നടൻ സിനിമയിലെ പ്രമുഖയായ സ്ത്രീക്കെതിരെ കാസ്റ്റിങ് കൗച്ച് സമീപനം ആരോപിക്കുന്നു. നടനും ലോക്സഭാ എംപിയുമായ രവി കിഷൻ ആണ് സിനിമാ മേഖലയിലെ ഒരു പ്രമുഖയായ സ്ത്രീ അർധരാത്രി തന്നെ കോഫി കുടിക്കാൻ ക്ഷണിച്ചെന്നു വെളിപ്പെടുത്തിയത്. ഭോജ്പുരി, ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ് രവി കിഷൻ. താൻ രക്ഷപ്പെടുകയായിരുന്നു എന്ന് നടൻ പറഞ്ഞു. കാസ്റ്റിങ് കൗച്ചിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം ടെലിവിഷൻ ഷോയിലൂടെ വെളിപ്പെടുത്തിയത്.
സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിരുന്നു. ഒരു സ്ത്രീയാണ് തന്നെ വിളിച്ചത്. അവരുടെ പേര് പറയാൻ ഇപ്പോൾ നിർവാഹമില്ല. ഇൻഡസ്ട്രിയിലെ വളരെ ശക്തയായ ഒരാളാണ് അവരിപ്പോൾ. ഒരു കപ്പ് കാപ്പി കുടിക്കാൻ രാത്രി വരണം എന്നായിരുന്നു അവർ പറഞ്ഞത്. സാധാരണ ആളുകൾ പകലാണ് കാപ്പി കുടിക്കാൻ വിളിക്കാറ്. രവി കിഷന് പോയി നോക്കാമായിരുന്നു. കട്ടൻ കാപ്പിയാണോ അതോ ചുക്ക് കാപ്പിയാണോ പാതിരാക്ക് ഓഫർ ചെയ്യുന്നത് എങ്കിലും അറിയാമായിരുന്നില്ലേ?
*** *** ***
മൊബൈൽ ഫോണുകൾ ഇല്ലാത്ത ജീവിതം ചിന്തിക്കാനേ വയ്യെന്നായിരിക്കുന്നു. മിക്ക ആളുകൾക്കും അവരുടെ ഫോണുകൾ നോക്കാതെയും തൊടാതെയും ഒരു ദിവസം ചെലവഴിക്കുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്. അമേരിക്കൻ എൻജിനിയറായ മാർട്ടിൻ കൂപ്പറാണ് മൊബൈൽ ഫോണിന്റെ പിതാവായി അറിയപ്പെടുന്നത്. ഉപജ്ഞാതാവായ മാർട്ടിൻ കൂപ്പർ, അത് ആദ്യമായി അവതരിപ്പിച്ച് 50 വർഷം കഴിഞ്ഞിരിക്കുകയാണ്. അര നൂറ്റാണ്ട് മുമ്പ് മൊബൈൽഫോൺ കണ്ടുപിടിക്കുമ്പോൾ അത് മനുഷ്യന്റെ ജീവിതത്തെ ഇത്രമാത്രം സ്വാധീനിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ഇപ്പോൾ ആളുകൾ ഫോൺ ഉപയോഗിക്കുന്ന രീതിയിൽ അദ്ദേഹം നിരാശനാണ്. 94 കാരനായ കൂപ്പർ അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്കുള്ള നിരാശ പ്രകടിപ്പിച്ചു, ആളുകൾ അവരുടെ ഫോണുകളിലേക്ക് നോക്കി തെരുവ് മുറിച്ചുകടക്കുന്നത് കാണുമ്പോൾ തകർന്നു പോവുകയാണ്. അത്തരം പെരുമാറ്റം അശ്രദ്ധയും അപകടകരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെ ക്രിയാത്മകമായി പരിവർത്തനം ചെയ്യാൻ മൊബൈൽ ഫോണിന് കഴിവുണ്ടെന്ന് കൂപ്പർ ഇപ്പോഴും വിശ്വസിക്കുന്നു. ഒരു ദിവസം രോഗങ്ങളെ കീഴടക്കാൻ ഉപകരണത്തിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. കൊച്ചുമക്കൾ ചെയ്യുന്നതുപോലെ സെൽ ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ലെന്നും 94 കാരനായ അദ്ദേഹം എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു.
1972ന്റെ അവസാനത്തിലാണ് എവിടെയും ഉപയോഗിക്കാവുന്ന ഒരു ഫോൺ വേണമെന്ന്
തീരുമാനിച്ചത്. ഏകദേശം മൂന്ന് മാസത്തിന് ശേഷം 1973ൽ മോട്ടോറോള ഡൈന ടി.എ.സി 800 എന്ന ആദ്യത്തെ വയർലെസ് സെല്ലുലാർ ഫോൺ അവതരിപ്പിക്കുകയും ചെയ്തു. ഈ കാലത്ത് അദ്ദേഹം മോട്ടറോളയ്ക്കായി ജോലി ചെയ്യുകയായിരുന്നു, ഈഫോണിന് ഒരു കിലോയിലധികം ഭാരമുണ്ടായിരുന്നു. ഏകദേശം 25 മിനിറ്റ് സംസാരിക്കാനുള്ള ബാറ്ററി ലൈഫ് ഉണ്ടായിരുന്നു.
1973 ഏപ്രിൽ 3-ന് മോട്ടറോളയുടെ ആദ്യത്തെ ഹാൻഡ്ഹെൽഡ് മൊബൈൽ ഫോൺ യാഥാർഥ്യമായി.
1.1 കിലോഗ്രാം ഭാരമുള്ള ഒരു ഉപകരണത്തിൽ അദ്ദേഹം ആദ്യത്തെ പൊതു മൊബൈൽ ഫോൺ കോൾ ചെയ്തു. കാലിഫോർണിയയിലെ ഡെൽ മാറിലെ ഡൈന എൽഎൽസിയുടെ സഹസ്ഥാപകനും നിലവിലെ ചെയർമാനുമാണ്.
ഏറ്റവും പുതിയ ഐഫോണാണ് ഇപ്പോൾ മാർട്ടിൻ ഉപയോഗിക്കുന്നത്. ഏത് പുതിയ മോഡൽ ഇറങ്ങിയാലും അത് വാങ്ങുകയും സമഗ്രമായി പരിശോധിക്കുകയും ചെയ്യും. എന്നാൽ ദശലക്ഷക്കണക്കിന് ആപ്ലിക്കേഷനുകൾ ഫോണിൽ ലഭ്യമാണ്, ഇതെല്ലാം അൽപ്പം കൂടുതലല്ലേയെന്നുമാണ് മാർട്ടിൻ കൂപ്പറിന്റെ സംശയം.
*** *** ***
അമേരിക്കയിൽ വൈസ് പ്രസിഡന്റ് കമല ഹാരിസ് നമ്മുടെ നാട്ടുകാരി. ബ്രിട്ടനിൽ പ്രധാനമന്ത്രി പദത്തിൽ റിഷി സുനക് എന്ന ഇന്ത്യക്കാരൻ. ലോകത്തിന്റെ ഏത് ഭാഗത്തും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രാധാന്യമേറി വരികയാണ്.
ഏറ്റവുമൊടുവിൽ സ്‌കോട്ട്ലാന്റിന്റെ പുതിയ ഫസ്റ്റ് മിനിസ്റ്ററായി പാക്കിസ്ഥാൻ വംശജനായ ഹംസ യൂസഫാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്‌കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) യുടെ അധ്യക്ഷനായതോടെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. സ്‌കോട്ലാന്റ് ഫസ്റ്റ് മിനിസ്റ്ററാകുന്ന ആദ്യ മുസ്്‌ലിം നേതാവാണ് 37കാരനായ യൂസഫ്. ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനാകുന്ന ആദ്യ മുസ്്‌ലിം നേതാവ് കൂടിയാണ് ഇദ്ദേഹം. ബ്രിട്ടന്റെ ഭാഗമായുള്ള പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യമാണ് സ്‌കോട്ട്ലാന്റ്. രാജ്യത്തിന്റെ സമ്പൂർണ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്ന് ഹംസ യൂസഫ് പ്രഖ്യാപിച്ചു.
ഏറെ കാലമായി സമ്പൂർണ സ്വതന്ത്ര രാജ്യമായി മാറാൻ കൊതിക്കുന്നു സ്‌കോട്ട്ലാന്റ്. രാജ്യത്തെ ജനങ്ങൾ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. പുതിയ തലമുറ അത് സാധ്യമാക്കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെ യൂസഫ് പറഞ്ഞു. 1960കളിൽ പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്ന് സ്‌കോട്ട്ലാന്റിലേക്ക് കുടിയേറിയവരാണ് യൂസഫിന്റെ മുത്തച്ഛൻ. പേരക്കുട്ടി സ്‌കോട്ട്ലാന്റിന്റെ ഭരണാധികാരിയാകുമെന്ന് അവർ സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് യൂസഫ് വികാരഭരിതനായി പറഞ്ഞു. നിങ്ങളുടെ നിറമോ, വിശ്വാസമോ ഒന്നും ഉന്നത പദവിയിലെത്തുന്നതിന് തടസമാകില്ലെന്ന സന്ദേശം കൂടിയാണ് സ്‌കോട്ടിഷ് ജനത നൽകുന്നതെന്നും യൂസഫ് പറഞ്ഞു.
യൂസഫ് രാജ്യത്തെ അഭിസംബോധന ചെയ്യവെ പിതാവിന്റെ മാതാപിതാക്കളും മാതാവും ഭാര്യയും കണ്ണീർ പൊഴിക്കുന്ന ദൃശ്യങ്ങളായിരുന്നു വാർത്താ ചാനലുകളിൽ. രാജ്യത്ത് വർധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കൂടുതൽ ശ്രദ്ധ നൽകും.
രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിന് പോരാടുമെന്ന് തിരഞ്ഞെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ട്രാൻസ്ജെന്റേഴ്സിനെ ചേർത്ത് പിടിക്കും. മത-ലിംഗ ന്യൂനപക്ഷങ്ങൾക്ക് തുല്യമായ അവകാശം ഉറപ്പാക്കും. ജീവിത ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കും-യൂസഫ് നയം വ്യക്തമാക്കി.
*** *** ***
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയിൽ ഭരണകൂടങ്ങൾ നിർജീവമാണെന്ന് ഇന്ത്യയിലെ സുപ്രീംകോടതി വിമർശിച്ചു. പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നത് സഹോദരങ്ങളോടാണെന്ന് ഓർക്കണമെന്ന് കോടതി പറഞ്ഞു. വാദത്തിനിടെ പിഎഫ്ഐ റാലിയിൽ വിദ്യാർഥി മുദ്രവാക്യം വിളിച്ച സംഭവം സോളിസിറ്റർ ജനറൽ കോടതിയിൽ പരാമർശിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹരജി പരിഗണിക്കവേയാണ് അതിരൂക്ഷമായ വിമർശനം സുപ്രീംകോടതി ഉയർത്തിയത്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ചിലർ ടെലിവിഷനിലും പൊതുവേദികളിലും പ്രസംഗങ്ങൾ നടത്തുകയാണ്.
എന്തുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾ വിദ്വേഷപ്രസംഗം നടത്തില്ലെന്ന് പ്രതിജ്ഞ എടുക്കാത്തതെന്ന് വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.
പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് ചിലർ പ്രസംഗിക്കുന്നു. ഈ രാജ്യത്തെ തെരഞ്ഞെടുത്ത സഹോദരങ്ങളോടാണ് ഇങ്ങനെ പറയുന്നതെന്ന് ഓർക്കണമെന്ന് കോടതി പറഞ്ഞു.
മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കാൻ വിദൂരപ്രദേശങ്ങളിൽനിന്ന് ആളുകൾ ഒത്തുകൂടിയിരുന്നു.
അവർ നല്ല പ്രഭാഷകരായിരുന്നു, എന്നാൽ ഇപ്പോൾ തീവ്രസ്വഭാവക്കാർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് കേൾക്കുന്നതെന്നും കോടതി വിമർശിച്ചു. വാദത്തിനിടെ ആലപ്പുഴയിലെ പിഎഫ്ഐ ജാഥയിൽ വിദ്യാർഥിയെ കൊണ്ട് വിദ്വേഷമുദ്രവാക്യം വിളിപ്പിച്ച സംഭവത്തിൽ കേരളത്തിന് നോട്ടീസ് അയക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
*** *** ***
ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് എത്തുന്നത്. നിലവിൽ ഹോളിവുഡിൽ സജീവമാണ് പ്രിയങ്ക. ബോളിവുഡിൽ വല്ലപ്പോഴുമാണ് താരത്തിന്റെ സിനിമകൾ എത്താറുള്ളത്. എന്തുകൊണ്ടാണ് ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോൾ. ബോളിവുഡിൽ തനിക്ക് ലഭിക്കുന്ന അവസരങ്ങളിൽ താൻ സന്തുഷ്ടയായിരുന്നില്ല എന്നാണ് പ്രിയങ്ക പറയുന്നത്. 'ഞാൻ ബോളിവുഡിൽ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.'
അത്തമൊരു പൊളിട്ടിക്‌സിൽ ഞാൻ മടുത്തിരുന്നു, ബ്രേക്ക് ആവശ്യമാണെന്ന് തോന്നി.
സംഗീതം എനിക്ക് ലോകത്തിന്റെ മറ്റൊരു കോണിലേക്ക് പോകാനുള്ള അവസരം നൽകി. എനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഒരുപാട് കാലം ഞാൻ അഭിനയിച്ചിരുന്നു.
സംഗീതത്തിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ അമേരിക്കയിലേക്ക് പോരുകയായിരുന്നു. ഒരുപാട് നല്ല സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു- പ്രിയങ്ക ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞു.






