മോസ്‌കോ- ഫുട്‌ബോൾ ലോകത്തിന്റെ കണ്ണും കാതും ഇനി റഷ്യയിൽ. 21-ാമത് ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് വൈകിട്ട് കിക്കോഫ്. ചരിത്രപ്രസിദ്ധമായ ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ റഷ്യ-സൗദി മത്സരത്തോടെയാണ് ഫുട്‌ബോൾ മാമാങ്കത്തിന്റെ അരങ്ങുണരുന്നത്. റഷ്യയിലെ 11 നഗരങ്ങളിലെ 12 കളിക്കളങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുക. ജൂലൈ 15 നാണ് ഇതേ സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടം.
റോബി വില്യംസിന്റെ നേതൃത്വത്തിൽ പെയ്തിറങ്ങുന്ന സംഗീതത്തിനുശേഷം ആറു മണിക്കാണ് പന്തുരുളുക. ഉദ്ഘാടന ചടങ്ങ് 5.30ന് ആരംഭിക്കും. പോപ്പ് സംഗീതത്തിനു പുറമെ, 500 നർത്തകരും ജിംനാസ്റ്റിക് പ്രതിഭകളും ചടങ്ങ് അവിസ്മരണീയമാക്കും.
പോയ വർഷം മികച്ച ഫുട്‌ബോൾ വേദിയായി തെരഞ്ഞെടുക്കപ്പെട്ട ലുഷ്‌നിക്കി മൈതാനത്ത് സൗദിയുടേയും റഷ്യയുടേയും പതാകകൾ പാറിക്കളിക്കുന്നുണ്ട്.
ലോകകപ്പ് വലിയ സംഭവമാക്കാൻ റഷ്യൻ സർക്കാർ എല്ലാ ഒരുക്കങ്ങളും കാലേക്കൂട്ടി തന്നെ ആരംഭിച്ചിരുന്നു. ലോകത്തിനു മുന്നിൽ തങ്ങളുടെ പകിട്ട് മുഴുവൻ കാണിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് റഷ്യക്കാർ. ചെറിയ നഗരങ്ങളിൽ പോലും വേദിയനുവദിച്ചുകൊണ്ട് മനോഹര സ്റ്റേഡിയങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഓരോ സ്റ്റേഡിയവും റഷ്യൻ സംസ്‌കാരവും കലയും സാങ്കേതിക മികവും സമ്മേളിച്ചവയാണ്.
വാസ്തുവിദ്യയും പുതുമയും സമ്മേളിച്ച വേദിയാണ് ലുഷ്‌നിക്കി. 1956 ൽ സ്ഥാപിതമായ ഈ സ്റ്റേഡിയത്തിന്റെ പഴയ പേര് ലെനിൻ സെൻട്രൽ സ്റ്റേഡിയമെന്നാണ്. പ്രവേശന കവാടത്തിൽ ഇപ്പോഴും കാണികളെ വരവേൽക്കാൻ ലെനിന്റെ കൂറ്റൻ പ്രതിമയുണ്ട്.
1980 ൽ സോവിയറ്റ് യൂനിയൻ ആതിഥേയത്വം വഹിച്ച ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഇവിടെയായിരുന്നു.
ഉദ്ഘാടന മത്സരത്തിൽ റഷ്യയോട് ഏറ്റുമുട്ടുന്ന സൗദി ടീമിനു പ്രോത്സാഹനം നൽകാനായി ധാരാളം ആരാധകർ മോസ്‌കോയിലെത്തിയിട്ടുണ്ട്. സൗദി അറേബ്യൻ എയർലൈൻസ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയിരുന്നു.