ആരൊക്കെയാണ് ലോക ഫുട്‌ബോളിലെ 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? ലിയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെയും പിന്മുറക്കാർ. കഴിഞ്ഞ വർഷം എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസുമൊക്കെയായിരുന്നു ഈ പട്ടികയിൽ. ഈ വർഷത്തെ കളിക്കാരെക്കുറിച്ച പരമ്പര...
ലിയണൽ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും ഗോളടിച്ചു കൂട്ടുകയാണ് ഈ പ്രായത്തിലും. അവരുടെ പിൻഗാമികളായി എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസും കളം വാഴുന്നുണ്ട്. ഇവർക്കെല്ലാം 22 വയസ്സായി.
ആരാണ് 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? മികച്ച 39 കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇ.എസ്.പി.എൻ സോക്കറിന്റെ ടോർ ക്രിസ്റ്റിയൻ കാൾസൻ. 100 പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹം മികച്ച മുപ്പത്തൊമ്പതിലേക്ക് എത്തിയത്.
ഈ 39 പേരിൽ ഏറ്റവും കൂടുതൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നിന്നാണ് -12, പത്തുപേർ ബുണ്ടസ്‌ലിഗയിൽ നിന്നും. സ്പാനിഷ് ലീഗിൽ നിന്ന് ഒമ്പതു പേരുണ്ട്. ഫ്രഞ്ച് ലീഗിൽ നിന്നും ഇറ്റാലിയൻ ലീഗിൽ നിന്നും പോർചുഗൽ ലീഗിൽ നിന്നും ഡച്ച് ലീഗിൽ നിന്നും രണ്ടു പേർ വീതവും.
സാധാരണ ഫോർവേഡുകൾക്കാണ് ഇളംപ്രായത്തിൽ കൂടുതൽ കളി സമയം ലഭിക്കാറ്. ഡിഫന്റർമാർ പക്വതയാർജിക്കാൻ അൽപം കാലം വേണ്ടിവരും. റയൽ മഡ്രീഡിൽ ചേരാൻ പോകുന്ന പാൽമീരാസിന്റെ പതിനാറുകാരൻ എൻഡ്രിക് ഉൾപ്പെടെ പ്രതിഭകൾ അന്തിമ പട്ടികയിൽ സ്ഥാനം നേടിയില്ല.
ഇതാ ആ പട്ടിക:
39. മാന്വേൽ ഉഗാർടെ (മിഡ്ഫീൽഡർ, സ്‌പോർടിംഗ്, ഉറുഗ്വായ്)
ഉറുഗ്വായുടെ ലോകകപ്പ് ടീമിൽ ഇരുപത്തൊന്നുകാരൻ ഉണ്ടായിരുന്നു. ചെറുകിട ക്ലബ്ബുകളിലൂടെയാണ് ഉഗാർടെ വളർന്നു വന്നത്.
നല്ല പന്തടക്കവും പാസിംഗ് മികവും ബുദ്ധിശക്തിയുമുണ്ട് ഈ ഡിഫൻസിവ് മിഡ്ഫീൽഡർക്ക്. നിരന്തരം കാർഡ് വാങ്ങുന്നു എന്നതാണ് ദൗർബല്യം.
38. ജിയോവാനി റയ്‌ന (മിഡ്ഫീൽഡർ, ബൊറൂസിയ ഡോർട്മുണ്ട്, അമേരിക്ക)
പതിനേഴാം വയസ്സിൽ ജർമൻ ലീഗിൽ അരങ്ങേറി. ശക്തമായ വലങ്കാലൻ ഷോട്ടാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ കരുത്ത്. ഏത് പ്രതിരോധവും തുറന്നെടുക്കും. തുടക്കത്തിലുണ്ടായിരുന്ന ഡ്രിബ്ളിംഗ് മികവ് കുറഞ്ഞുവരുന്നതാണ് ദൗർബല്യം. പരിക്ക് നിരന്തരം അലട്ടുന്നു.
37. കുവാദിയൊ കോനെ (മിഡ്ഫീൽഡർ, ബൊറൂസിയ മോഞ്ചൻഗ്ലാഡ്ബാക്ക്, ഫ്രാൻസ്)
ഗ്ലാഡ്ബാക്ക് പ്ലേയിംഗ് ഇലവനിലെ സ്ഥിരം സാന്നിധ്യമാണ് സെൻട്രൽ മിഡ്ഫീൽഡർ. ലിവർപൂളും ചെൽസിയും നോട്ടമിട്ടിട്ടുണ്ട്. വലിയ ഏരിയ കവർ ചെയ്യുന്നു. വേഗവും ചടുലതയുമാണ് ശക്തി. ഏതു തിരക്കിലൂടെയും തെന്നി നീങ്ങാൻ മിടുക്കൻ. ആക്രമണോത്സുകത പലപ്പോഴും അനാവശ്യ ഫൗളിലേക്ക് നയിക്കുന്നു.
36. ഹാർവി എലിയറ്റ് (മിഡ്ഫീൽഡർ, ലിവർപൂൾ, ഇംഗ്ലണ്ട്)
ലിവർപൂൾ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാണ് പത്തൊമ്പതുകാരൻ. വിംഗറായാണ് കരിയർ തുടങ്ങിയത്. ഡ്രിബ്ളിംഗും പാസിംഗും ഒന്നാന്തരം. ശക്തമായ ഇടങ്കാലൻ ഷോട്ട്. പ്രതിരോധത്തിലിറങ്ങാൻ മടിയാണ്. ഈ സീസണിൽ 40 കളികളിൽ അഞ്ചു ഗോളേയുള്ളൂ എന്നതും പോരായ്മയാണ്.
35. യൂനുസ് മൂസ (മിഡ്ഫീൽഡർ, വലൻസിയ, അമേരിക്ക)
കഴിഞ്ഞ ലോകകപ്പിൽ അമേരിക്കയുടെ പ്രധാന കളിക്കാരനായിരുന്നു ഇരുപതുകാരൻ. ഒസസൂനക്കെതിരെ കഴിഞ്ഞ ദിവസം കാഴ്ചവെച്ചത് സീസണിലെ മികച്ച പ്രകടനമാണ്. പ്രീമിയർ ലീഗ് ക്ലബ്ബുകൾ നോട്ടമിട്ടിട്ടുണ്ട്. സ്പാനിഷ് ലീഗിൽ ഈ സീസണിൽ ഒരു ഗോൾ പോലുമടിച്ചിട്ടില്ലെന്നതാണ് സങ്കടം.
34. റയാൻ ശർഖി (മിഡ്ഫീൽഡർ, ലിയോൺ, ഫ്രാൻസ്)
അതിവേഗം പന്ത് റിലീസ് ചെയ്യുന്നു. മനോഹരമായ പാസിംഗ്, ഇരു കാലുകലും ശക്തമാണ്. പ്രതിരോധത്തിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്താൻ ഇരുപതുകാരൻ തയാറാവണം.
33. ബ്രന്നാൻ ജോൺസൺ (മിഡ്ഫീൽഡർ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, വെയ്ൽസ്)
പന്തുമായി അതിവേഗത്തിൽ കുതിക്കും. സ്‌പെയ്‌സുകൾ മനോഹരമായി ഉപയോഗിക്കും. സ്വാഭാവികമായി വലങ്കാലനാണ്, ഇടങ്കാലും മോശമല്ല. കുറിയ പാസുകളിൽ കൃത്യത കുറവാണ്.
32. കരീം അദെയേമി (ഫോർവേഡ്, ബൊറൂസിയ, ജർമനി)
ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ ഗോൾ അദെയേമിയുടെ എല്ലാ ഗുണങ്ങളും ഒത്തുചേർന്നതായിരുന്നു. വേഗം, ഡ്രിബ്ളിംഗ്, പ്രതിഭ. 65 മീറ്റർ അകലെ നിന്ന് കുതിച്ചാണ് സ്‌കോർ ചെയ്തത്. പൊടുന്നനെ വേഗം കുറച്ച് എൻസൊ ഫെർണാണ്ടസിനെ മറികടക്കുകയും സംയമനം പാലിച്ച് ഗോളി കെപ അരിസബലാഗയെ കീഴടക്കുകയും ചെയ്തു. അമിത വേഗം പന്തടക്കമില്ലായ്മക്ക് കാരണമാകാറുണ്ട്.
31. യെറമി പീനൊ (ഫോർവേഡ്, വിയ്യാറയൽ, സ്‌പെയിൻ)
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിലൂടെ സ്‌പെയിനിന്റെ ദേശീയ ടീമിലെത്തി ഇരുപതുകാരൻ.
റയൽ മഡ്രീഡിനും അത്‌ലറ്റിക്കൊ മഡ്രീഡിനുമെതിരായ കളികളിൽ ഗോൾ നേടി. രണ്ട് വിംഗിലും കളിക്കാനാവും. കുറിയ ശരീരമാണെങ്കിലും വായുവിൽ ശക്തനാണ്. കൂടുതൽ ഗോളടിക്കാൻ കഴിയുന്നില്ലെന്നതാണ് ദൗർബല്യം. (തുടരും)