Sorry, you need to enable JavaScript to visit this website.

വുകൂമനോവിച്ചിന് വിലക്ക്, ബ്ലാസ്‌റ്റേഴ്‌സിന് പിഴ, പരസ്യ മാപ്പ്

ന്യൂദല്‍ഹി - ഐ.എസ്.എല്‍ പ്ലേഓഫില്‍ കളി ബഹിഷ്‌കരിച്ചതിന്റെ പേരില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനും കോച്ച് ഇവാന്‍ വുകൂമനോവിച്ചിനുമെതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നടപടി. ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപ പിഴ വിധിച്ചു. തെറ്റായ നടപടിയുടെ പേരില്‍ ബ്ലാസ്റ്റേഴ്‌സ് പരസ്യമായി മാപ്പ് ചോദിക്കണം. ഇല്ലെങ്കില്‍ ആറു കോടി രൂപയാവും പിഴ. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്ന ടൂര്‍ണമെന്റുകളിലെ പത്ത് മത്സരങ്ങളില്‍ വുകൂമനോവിച്ചിന് വിലക്കേര്‍പ്പെടുത്തി. അഞ്ച് ലക്ഷം രൂപ പിഴയുമടക്കണം. ഡ്രസ്സിംഗ് റൂമിലോ കളിക്കാരുടെ ബെഞ്ചിലോ അദ്ദേഹം ഇരിക്കാന്‍ പാടില്ല. ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിന്ന് മാറിയാലും വുകൂമനോവിച്ചിന്റെ വിലക്ക് നിലനില്‍ക്കും. വുകൂമനോവിച്ചും പരസ്യമായി മാപ്പ് ചോദിക്കണം. ഇല്ലെങ്കില്‍ പിഴ പത്ത് ലക്ഷം രൂപയായി ഉയരും. 
മാര്‍ച്ച് മൂന്നിന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേഓഫിന്റെ എക്‌സ്ട്രാ ടൈമിലാണ് വുകൂമനോവിച് കളിക്കാരെ തിരിച്ചുവിളിച്ചത്. ബംഗളൂരു എഫ്.സിയുടെ സുനില്‍ ഛേത്രി പെട്ടെന്നെടുത്ത ഫ്രീകിക്കില്‍ ഗോളടിച്ചതാണ് കോച്ചിനെ പ്രകോപിപ്പിച്ചത്. 
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് വിധി പ്രഖ്യാപിച്ചത്. ഒരാഴ്ചക്കകം ബ്ലാസ്റ്റേഴ്‌സും വുകൂമനോവിച്ചും വിധി നടപ്പാക്കണം. അപ്പീല്‍ നല്‍കാനും അവകാശമുണ്ട്. 
ഇത്തരമൊരു സംഭവം ആഗോള സ്‌പോര്‍ട്‌സില്‍, പ്രത്യേകിച്ച് ഫുട്‌ബോളില്‍ അപൂര്‍വമാണെന്ന് എ.ഐ.എഫ്.എഫ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയില്‍ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ അറിയപ്പെട്ട രണ്ടാമത്തെ മാത്രം സംഭവമാണ് ഇത്. 2012 ല്‍ ഈസ്റ്റ്ബംഗാള്‍-മോഹന്‍ബഗാന്‍ മത്സരത്തില്‍ മാത്രമാണ് കളി പൂര്‍ത്തിയാക്കാതെ കളിക്കാര്‍ ഇറങ്ങിപ്പോയത് -കുറിപ്പില്‍ പറഞ്ഞു.
 

Latest News