Sorry, you need to enable JavaScript to visit this website.

ഇംപാക്ട് നിയമം ഓള്‍റൗണ്ടര്‍മാര്‍ക്ക് തിരിച്ചടി

അഹമ്മദാബാദ് - മത്സരത്തിന്റെ ഏത് ഘട്ടത്തിലും ഒരു കളിക്കാരനെ പിന്‍വലിച്ച് മറ്റൊരു കളിക്കാരനെ ഇറക്കാന്‍ അനുവദിക്കുന്നതാണ് ഇംപാക്ട് പ്ലയര്‍ രീതി. ഒരു നിബന്ധനയേ ഉള്ളൂ. തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ നാല് വിദശ താരങ്ങള്‍ ഉണ്ടെങ്കില്‍ ഇംപാക്ട് പ്ലയറായി വിദേശ താരത്തെ പറ്റില്ല. 
ഇംപാക്ട് പ്ലയര്‍ എങ്ങനെയാണ് കളിയെ സ്വാധീനിക്കുക? കഴിഞ്ഞ വര്‍ഷം അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയിക്കാന്‍ 21 റണ്‍സ് വേണം. മാര്‍ക്കസ് സ്റ്റോയ്‌നിസ് എറിഞ്ഞ ഓവറിലെ ആദ്യ മൂന്നു പന്തില്‍ റിങ്കു സിംഗ് ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചു. അഞ്ചാമത്തെ പന്തില്‍ എവിന്‍ ലൂയിസിന്റെ അവിശ്വസനീയ ക്യാച്ചില്‍ റിങ്കു പുറത്തായി. കൊല്‍ക്കത്തക്ക് ജയിക്കാന്‍ അവസാന പന്തില്‍ മൂന്നു റണ്‍സ് വേണം. ഉമേഷ് യാദവാണ് ബാറ്റിംഗിന് വന്നത്. ഉമേഷിനെ സ്റ്റോയ്‌നിസ് ക്ലീന്‍ ബൗള്‍ഡാക്കി. ഇത്തരം ഘട്ടങ്ങളില്‍ ഉമേഷിനെ പോലെ ഒരു ബൗളറെ പിന്‍വലിച്ച് ബാറ്ററെ ഇറക്കാന്‍ അനുവദിക്കുന്നതാണ് ഇംപാക്ട് പ്ലയര്‍ രീതി. ഫലത്തില്‍ ഓരോ ടീമിലും 12 കളിക്കാരുള്ളതു പോലെയുണ്ടാവും. 
മറ്റൊന്ന് ടോസിനു ശേഷമുള്ള ടീം പ്രഖ്യാപനമാണ്. ടോസിനായി ക്യാപ്റ്റന്മാര്‍ വരുമ്പോള്‍ രണ്ട് ടീം ഷീറ്റ് കൈയില്‍ കരുതാം, ആദ്യം ബാറ്റിംഗാണെങ്കില്‍ ഒരു ടീമിനെയും ആദ്യം ബൗളിംഗാണെങ്കില്‍ മറ്റൊരു ടീമിനെയും പ്രഖ്യാപിക്കാം. ആദ്യം ബാറ്റിംഗാണെങ്കില്‍ ഒരു ബാറ്ററെ അധികം ടീമിലുള്‍പെടുത്താം. ബൗള്‍ ചെയ്യുമ്പോള്‍ ഈ ബാറ്ററെ പിന്‍വലിച്ച് ഇംപാക്ട് പ്ലയറായി ഒരു ബൗളറെ കൊണ്ടുവരാം. 
രണ്ടു രീതിയില്‍ ഇത് കളികളെ സ്വാധീനിക്കും. ഒന്ന് ടീമില്‍ ഓള്‍റൗണ്ടര്‍മാരുടെ എണ്ണം കുറയും. ലോകോത്തര ഓള്‍റൗണ്ടര്‍മാരെ മാത്രമേ പ്ലേയിംഗ് ഇലവനിലുള്‍പെടുത്തൂ. മറ്റൊരു മാറ്റം ടീമുകള്‍ മൂന്ന് വിദേശ കളിക്കാരെയേ പ്ലേയിംഗ് ഇലവനിലുള്‍പെടുത്തൂ എന്നതാണ്. ഇംപാക്ട് പ്ലയറായി വിദേശ താരത്തെ കൊണ്ടുവരാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇത്. ഇത് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം ഇല്ലാതാക്കാനും ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കും. ഇന്ത്യയില്‍ രാത്രിയിലെ മഞ്ഞുവീഴ്ച ടീമിന്റെ വിജയപരാജയങ്ങളെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീം മഞ്ഞില്‍ പന്ത് പിടിക്കാനും എറിയാനും പ്രയാസപ്പെടും. 2019 ല്‍ അവസാനമായി ഹോം ആന്റ് എവേ രീതിയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ 60 മത്സരങ്ങളില്‍ മുപ്പത്തിനാലെണ്ണം ടോസ് നേടിയ ടീമാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട ടീം ജയിച്ചത് 23 കളി മാത്രം. വേഗം കുറഞ്ഞ പിച്ചില്‍ ടീമിന് ടോസ് നഷ്ടപ്പെടുകയും ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നുവെന്നും കരുതുക. അവര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ ഒരു സ്പിന്നറെ അധികം ഉള്‍പെടുത്താം. ബാറ്റിംഗിന്റെ സമയമാവുമ്പോള്‍ ഈ സ്പിന്നറെ മാറ്റി ഒരു ബാറ്ററെ കൊണ്ടുവരാം.
നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സര്‍ക്കിളിന് പുറത്തുള്ള ഫീല്‍ഡര്‍മാരുടെ എണ്ണം കുറക്കുന്നതാണ് മറ്റൊരു പുതിയ മാറ്റം. 

Latest News