ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ഗുജറാത്ത് സ്വദേശി

ദുബായ്- ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത പ്രവാസി ഗുജറാത്ത് വഡോദര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. കഴുത്തു ഞെരിച്ചും വിഷം നല്‍കിയുമാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ഷാര്‍ജ ബുഹൈറയില്‍ യുവാവ് ഭാര്യയെയും നാലും എട്ടും വയസ്സുള്ള രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം 11 നില കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.
ഭാര്യയുടെ ശരീരത്തില്‍ നിന്ന് വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ കഴുത്തില്‍ മുറിപ്പാടണ്ടെന്നും പോലീസ് പറഞ്ഞു. ഇവരെ കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം ഇയാള്‍ തന്നെയാണ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചത്. പോലീസ് ഫ് ളാറ്റിന്റെ വാതിലുകള്‍ പൊളിച്ച് അകത്തുകയറിയാണ് ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദുബായിലെ പ്രശസ്തമായ ഇലക്‌ട്രോണിക്‌സ് സ്ഥാപനത്തിലെ ഡയറക്ടറായ യുവാവാണ് കടുംകൈ ചെയ്തത്.  ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജര്‍മാരെയും ഭാര്യയുടെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഗുജറാത്തിലെ കുടുംബവുമായും ബന്ധപ്പെട്ടു.
ദമ്പതികള്ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കൊലപാതകം നടത്താനും ശേഷം ആത്മഹത്യ ചെയ്യാനുമുണ്ടായ കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല. ആറു മാസമായി ഇതേ കെട്ടിടത്തിലാണ് യുവാവും കുടുംബവും താമസിച്ചിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News