മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷം, നിരവധി വാഹനങ്ങള്‍ കത്തിച്ചു

ഔറംഗബാദ്-മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഹിന്ദു, മുസ്ലീം യുവാക്കള്‍ ഏറ്റുമുട്ടിയതിനു പിന്നാലെ  500ലധികം പേരടങ്ങുന്ന ജനക്കൂട്ടം പോലീസുകാരെ ആക്രമിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പ്രശസ്തമായ രാമക്ഷേത്രമുള്ള കിരാദ്പുരയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരു വിഭാഗത്തിലും പെട്ടവര്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് പരസ്പരം കല്ലേറുണ്ടായി. കിരാദ്പുരയിലെ ഒരു പള്ളിക്ക് പുറത്ത് ചില സാമൂഹിക  വിരുദ്ധര്‍ ഉച്ചത്തില്‍  സംഗീതം വെച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പറയുന്നു. സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് പോലീസിന്റേതുള്‍പ്പെടെ ഇരുപതോളം വാഹനങ്ങള്‍ കലാപകാരികള്‍ അഗ്‌നിക്കിരയാക്കി.
സ്ഥിതിഗതികള്‍ നേരിടാന്‍ പോലീസ് സംഘങ്ങള്‍ കുതിച്ചുവെങ്കിലും അവര്‍ക്കുനേരെ കല്ലെറിഞ്ഞു. പിന്നീട് സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സ് ടീമിനെയും സ്ഥലത്ത് വിന്യസിച്ചു.
കലാപകാരികളെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും  കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിക്കുകയും ചെയ്തു.
അക്രമത്തില്‍ പങ്കെടുത്ത 500 മുതല്‍ 600 വരെ ആളുകള്‍ ആരാണെന്ന് അറിയില്ലെന്നും ചില യുവാക്കള്‍ ഏറ്റുമുട്ടിയതിന് ശേഷമാണ് ഇത് ആരംഭിച്ചതെന്നും  പോലീസ് കമ്മീഷണര്‍ നിഖില്‍ ഗുപ്ത പറഞ്ഞു. അക്രമം നടത്തിയവരെ  പിടികൂടാനുള്ള തിരിച്ചില്‍  നടക്കുകയാണ്.
ആള്‍ക്കൂട്ടത്തിന്റെ അക്രമം ഒരു മണിക്കൂറോളം നീണ്ടുനിന്നു. രാമക്ഷേത്രം സുരക്ഷിതമാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ കേന്ദ്രമായ നഗരത്തെ ആശങ്കയിലാക്കിയ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഘര്‍ഷത്തെ അപലപിച്ച  ശിവസേനയുടെ (യുബിടി) പ്രതിപക്ഷ നേതാവ്  അംബാദാസ് ദന്‍വെ ബി.ജെ.പിയേയും  ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്‍ മുസ്‌ലിമീനെയും കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പില്ലെന്നാണ്  സേന (യുബിടി) എംപി സഞ്ജയ് റാവത്ത് പ്രതികരിച്ചത്.  
കലാപത്തിന്റേയും തീവെപ്പിന്റെയും  സൂത്രധാരന്‍ ഫഡ്‌നാവിസാണെന്ന് നഗരത്തിലെ സേന (യുബിടി) നേതാവ് ചന്ദ്രകാന്ത് ഖൈരെ ആരോപിച്ചു. അതേസമയം, കലാപത്തില്‍ രാഷ്ട്രീയം കളിക്കാനാണ് സേന (യുബിടി) ശ്രമിക്കുന്നതെന്ന് ഭരണകക്ഷിയായ ശിവസേന-ബിജെപി സഖ്യം ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News