Sorry, you need to enable JavaScript to visit this website.

സ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് മുസ്ലിംകളെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ടു

ജയ്പൂര്‍-രാജസ്ഥാനമായ ജയ്പൂരിനെ പിടിച്ചുകുലുക്കി 2008 മെയ് 13 നുണ്ടായ ബോംബ് സ്‌ഫോനടത്തില്‍ നാല് പേരെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി. മുഹമ്മദ് സെയ്ഫ്, സെയ്ഫൂര്‍ റഹ്മാന്‍, സര്‍വാര്‍ ആസ്മി, മുഹമ്മദ് സല്‍മാന്‍ എന്നിവരെയാണ് വെറുതെ വിട്ടത്.  
ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീര്‍ ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹൈക്കോടതിയില്‍  അപ്പീലുകള്‍ സമര്‍പ്പിച്ച നാല് പ്രതികളെയും വെറുതെവിട്ടത്. 48 ദിവസം നീണ്ട വിചാരണക്കൊടുവിലാണ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥന് നിയമപരിജ്ഞാനം ഇല്ലെന്ന് ബെഞ്ച് വിധിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനും ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.
പ്രത്യേക ദൗത്യ സേന മുന്നോട്ടുവെച്ച മുഴുവന്‍ വാദങ്ങളും തെറ്റാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയതെന്നും അതിനാലാണ് പ്രതികളെ വെറുതെ വിട്ടതെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സയ്യിദ് സാദത്ത് അലി പറഞ്ഞു.
നാല് പ്രതികള്‍ക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് 16 വയസ്സായിരുന്നുവെന്ന് കോടതി അംഗീകരിച്ചു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞാണ് കോടതി വെറുതെ വിട്ടത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ എടിഎസിനും പ്രോസിക്യൂഷനും കഴിഞ്ഞിട്ടില്ല. ബോംബ് സ്ഥാപിച്ചുവെന്നോ പ്രതി സൈക്കിള്‍ വാങ്ങിയെന്നോ തെളിയിക്കപ്പെട്ടിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥനെ കുറിച്ച് കോടതി ശക്തമായ പരാമര്‍ശങ്ങളാണ് നടത്തിയത്.  ഉദ്യോഗസ്ഥരായ രാജേന്ദ്ര സിങ് നയന്‍, ജയ് സിങ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ മഹേന്ദ്ര ചൗധരി എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജസ്ഥാന്‍ ഡിജിപിയോട് കോടതി ഉത്തരവിട്ടു.
2008 മെയ് 13 ന് നഗരത്തില്‍ 8 സ്ഥലങ്ങളില്‍ തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. ഇതില്‍ 71 പേര്‍ മരിക്കുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് സെയ്ഫ്, സെയ്ഫൂര്‍ റഹ്മാന്‍, സര്‍വാര്‍ ആസ്മി, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ കൊലപാതകം, രാജ്യദ്രോഹം, സ്‌ഫോടകവസ്തു നിയമം എന്നിവയില്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നത്.
കേസില്‍ 13 പേരെയാണ് പോലീസ് പ്രതികളാക്കിയിരുന്നത്. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്, രണ്ട് പേര്‍ ഹൈദരാബാദിലെയും ദല്‍ഹിയിലെയും ജയിലുകളില്‍ തടവിലാണ്. ബാക്കിയുള്ള രണ്ട് കുറ്റവാളികള്‍ ദല്‍ഹിയിലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജയ്പൂര്‍ ജയിലിലായിരുന്ന നാല് പ്രതികള്‍ക്കാണ് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചിരുന്നത്.

ഇത്രയും വലിയ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട നാലുപേരെയും ഹൈക്കോടതി വെറുതെ വിട്ടത് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിന്റെ അഭിഭാഷകനെ സംശയത്തിലാക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News