ഗിറ്റ്ഹബിന്റെ ഇന്ത്യന്‍ എന്‍ജിനിയറിംഗ് സംഘത്തെ പിരിച്ചുവിട്ടു

ന്യൂയോര്‍ക്ക്- മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് ഹോസ്റ്റിംഗ് സേവന ദാതാവ് ഗിറ്റ്ഹബ് ഇന്ത്യയിലെ തങ്ങളുടെ എന്‍ജിനിയറിംഗ് ടീമിനെ പിരിച്ചുവിട്ടു. ഇന്ത്യയിലെ 142 എന്‍ജിനിയര്‍മാരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
2023 മാര്‍ച്ച് 27നാണ് 142 എന്‍ജിനിയര്‍മാരേയും പിരിച്ചുവിട്ടതായി കമ്പി അറിയിച്ചത്. ഇവര്‍ക്ക് രണ്ടു മാസത്തെ ശമ്പളം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  പിരിച്ചുവിട്ട എല്ലാ ജീവനക്കാരെയും ആനുകൂല്യങ്ങള്‍ക്ക് പകരമായി കര്‍ശനമായ നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ ഒപ്പുവച്ചിട്ടുണ്ട്. 

പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പിരിച്ചുവിട്ടുവെന്ന വസ്തുത അംഗീകരിച്ചിട്ടുണ്ട്. പിരിച്ചുവിടലുകളെ കുറിച്ചും നടപടികളെ ന്യായീകരിച്ചും ഗിറ്റഹബ് സി. ഇ. ഒ. തോമസ് ഡോംകെ ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്. ചില ഹബ്ബര്‍മാരോട് വിടപറയുന്നതും ബിസിനസ്സിന്റെ ഹ്രസ്വകാല ആരോഗ്യം സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ബജറ്റ് ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതും ഉള്‍പ്പെടെ നിരവധി ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്നാണ് ഡോംകെ ഇ-മെയിലില്‍ എഴുതിയത്. 

നിര്‍മിത ബുദ്ധി 'അടിയന്തിരമായി' സമന്വയിപ്പിക്കുന്നതില്‍ കമ്പനി വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതേ ഇ-മെയിലില്‍ അദ്ദേഹം വിശദമാക്കി. നിര്‍മിത ബുദ്ധിയുടെ യുഗം ആരംഭിച്ചതായും ഇ-മെയില്‍ വിശദമാക്കുന്നു. 

ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുന്നതായി കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയമനം താല്‍ക്കാലികമായി നിര്‍ത്തിയിട്ടുമുണ്ട്. 

ഗിറ്റ്ഹബിന്റെ ഡവലപര്‍ കമ്യൂണിറ്റിയില്‍ യു. എസ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഗിറ്റ്ഹബ് 2018ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. 2022 ഒക്ടോബര്‍ വരെ കമ്പനിയുടെ വരുമാനം പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറായിരുന്നു.

Latest News