ഇന്ത്യന്‍ ദമ്പതികളെ ഫിലിപ്പൈന്‍സില്‍ അജ്ഞാതന്‍ വെടിവെച്ചുകൊന്നു

മനില- വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ ഇന്ത്യന്‍ ദമ്പതികളെ വെടിവെച്ചു കൊന്നു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ സുഖ് വീന്ദര്‍ സിങ് (41), ഭാര്യ കിരണ്‍ദീപ് കൗര്‍ (33) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. 

സുഖ് വീന്ദര്‍ സിങ് കഴിഞ്ഞ 19 വര്‍ഷമായി മനിലയില്‍ താമസിക്കുന്നുണ്ടെങ്കിലും ഭാര്യ കിരണ്‍ദീപ് കൗര്‍ അടുത്തിടെയാണ് ഫിലിപ്പൈന്‍സിലെത്തിയത്. ശനിയാഴ്ച ജോലി കഴിഞ്ഞ് വന്ന് വീടിനു പുറത്തു വിശ്രമിക്കുകയായിരുന്ന സുഖ് വീന്ദര്‍ സിങിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളില്‍ കയറി കിരണ്‍ ദീപ് കൗറിനേയും അക്രമി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ സി. സി. ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

സുഖ് വീന്ദറിനോടൊപ്പം സഹോദരന്‍ ലഖ് വീര്‍ സിങും മനിലയിലുണ്ടായിരുന്നു. എന്നാല്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ലഖ് വീര്‍ സിങ് പഞ്ചാബിലേക്ക് പോയിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ നിരവധി തവണ സുഖ് വീന്ദര്‍ സിങിനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്നപ്പോള്‍ മനിലയിലെ ബന്ധുവിനെ വിളിച്ച് വിവരം അറിയാന്‍ ലഖ് വീര്‍ സിങ് അയച്ചപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്.

Latest News