Sorry, you need to enable JavaScript to visit this website.

അമിത് ഷായുടെ സന്ദര്‍ശനം: സുരക്ഷ ലംഘിച്ച് ബൈക്ക് ഓടിച്ച രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ബെംഗളുരു-കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ സുരക്ഷ ലംഘിച്ചതിന് രണ്ട് വിദ്യാര്‍ത്ഥികളെ കര്‍ണാടക പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബെംഗളൂരു നീലസാന്ദ്ര സ്വദേശികളായ ഇമ്രാന്‍, സിബ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് ദല്‍ഹിയിലേക്ക് മടങ്ങാന്‍ അമിത് ഷാ എച്ച് എ എല്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ നിയമങ്ങള്‍ ലംഘിച്ച് അമിത് ഷായുടെ വാഹനവ്യൂഹത്തോടൊപ്പം സഫീന പ്ലാസയില്‍ നിന്ന് മണിപ്പാല്‍ സെന്ററിലേക്ക് പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ച ശേഷം യാത്ര ചെയ്യുകയായിരുന്നു.
പോലീസുകാര്‍ തടയാന്‍ ശ്രമിച്ചിട്ടും 300 മീറ്ററോളം ബൈക്ക് യാത്ര തുടര്‍ന്നു. മണിപ്പാല്‍ സെന്ററില്‍ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടി. പോലീസുകാരെ കണ്ട് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായിരുന്നു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ ഉദ്ദേശ്യമോ ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 353 പ്രകാരവും അശ്രദ്ധയോടെ വാഹനമോടിച്ചതിന് 279 പ്രകാരവും ഭാരതിനഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. ഹെലിപാഡില്‍ നിന്ന് തുറന്ന വാഹനത്തില്‍  മോഡിയെ കൊണ്ടുവന്നപ്പോഴായിരുന്നു ഒരാള്‍ ഓടിയടുത്തത്. ജനുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മാല ചാര്‍ത്താന്‍ കുനാല്‍ ധോന്‍ഗാഡി എന്ന ബാലന്‍ സുരക്ഷ ലംഘിച്ചിരുന്നു. ഹുബ്ബള്ളിയില്‍ പ്രധാനമന്ത്രി മോഡി ദൈവമാണെന്നാണ് പിന്നീട് ആ ബാലന്‍ പ്രതികരിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News