Sorry, you need to enable JavaScript to visit this website.

മഅ്ദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചൂകൂടേയെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- വിചാരണ പൂര്‍ത്തിയായെങ്കില്‍ ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതി അബ്ദുന്നാസര്‍ മഅ്ദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി. മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി മഅദനിയുടെ ഹരജി ഏപ്രില്‍ 13 ലേക്ക് മാറ്റി.

ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണയില്‍ അന്തിമവാദം മാത്രം ബാക്കിയിരിക്കെ, മഅ്ദനി ബെംഗളൂരുവില്‍ത്തന്നെ തുടരേണ്ടതുണ്ടോയെന്നാണ് വാദത്തിനിടെ  ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്. നാളിതുവരെ മഅ്ദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം അംഗീകരിക്കുമെന്നാണ് സുപ്രീം കോടതി സൂചന നല്‍കിയിരിക്കുന്നത്. കര്‍ണാടകയുടെ മറുപടി ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയാണ് മഅ്ദനി  സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ആരോഗ്യനില വഷളായെന്നും ഓര്‍മക്കുറവും കാഴ്ചപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്കു പോകാനും അവിടെ തങ്ങാനും അനുവദിക്കണമെന്നുമാണ് ആവശ്യം. വിചാരണ നടപടി ഇഴയുകയാണെന്നും മഅ്ദനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു.  2021ല്‍ മഅ്ദനി നല്‍കിയ സമാന ആവശ്യം വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയിരുന്നു.
മഅ്ദനിയുടെ ജാമ്യവ്യവസ്ഥയില്‍ യാതൊരു ഇളവും പാടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ തുടക്കം മുതലേ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്. മഅ്ദനിയെ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News