Sorry, you need to enable JavaScript to visit this website.

ആ കാളരാത്രികൾ ആവർത്തിക്കാതിരിക്കാൻ...

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസന കാലഘട്ടമായിരുന്ന അടിയന്തരാവസ്ഥക്ക് അര നൂറ്റാണ്ട് തികയുകയാണ്. അന്നത്തെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു കാരണം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു വിജയം അലഹബാദ് കോടതി റദ്ദാക്കിയതിനെ തുടർന്നുള്ള സംഭവവികാസങ്ങളും അവരുടെ രാജിക്കായുള്ള പ്രക്ഷേഭങ്ങളുമായിരുന്നു. എന്നാൽ അതിനേക്കാൾ എത്രയോ ഭീകരമായ നാളുകളാണ് മുന്നിലെന്ന ആശങ്കയിലാണ് ഇന്ന് ജനാധിപത്യ വിശ്വാസികൾ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയോടെയാണ് നവഫാസിസ്റ്റുകൾ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയുയർത്തിയിരിക്കുന്നത്. ഫാസിസത്തിന്റെ വളർച്ചക്ക് അനിവാര്യമായ ഒരു ശത്രുവിനേയും അതിനനുസൃതമായ പൊതുബോധത്തേയും സൃഷ്ടിക്കാനവർക്കായിട്ടുമുണ്ട്. പ്രഖ്യാപിതമായാലും അപ്രഖ്യാപിതമായാലും ഫാസിസത്തിന്റെ ദിനങ്ങളാണ് മുന്നിലെന്ന സൂചനതന്നെയാണ് ശക്തം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരിക്കും ഒരുപക്ഷെയത് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ എന്നു തീരുമാനിക്കുക. ലോകചരിത്രത്തിൽ പല ഫാസിസ്റ്റുകൾക്കും കഴിഞ്ഞ പോലെ ജനാധിപത്യപരമായ രീതിയിൽ തന്നെ അതു നടപ്പാക്കാവുന്ന അന്തരീക്ഷവും ഏറെക്കുറെ ഒരുക്കപ്പെട്ടിട്ടുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് കൊട്ടിഘോഷിക്കുമ്പോഴും ജനാധിപത്യമൂല്യങ്ങളെ മറികടക്കുന്ന രീതിയിൽ നവ ഫാസിസ്റ്റ് മൂല്യങ്ങൾക്ക് വളരാൻ കഴിഞ്ഞിരിക്കുന്നു എന്നതു തന്നെയാണ് വസ്തുത. 100 വർഷത്തിനുള്ളിൽ ഹിന്ദുരാഷ്ട്രമെന്ന 1924ലെ അവരുടെ പ്രഖ്യാപനവും ഓർക്കാവുന്നതാണ്.


ഇത്തരമൊരു സാഹചര്യമാണ് മാധ്യമപ്രവർത്തകനായ പി. കെ ശ്രീനിവാസന്റെ 'രാത്രി മുതൽ രാത്രിവരെ' എന്ന കൃതിയെ പ്രസക്തമാക്കുന്നത്. അടിയന്തരാവസ്ഥ തന്നെയാണ് പ്രമേയം. 21 മാസത്തെ തീഷ്ണവും തീവ്രവുമായ മാനസിക ഭാവങ്ങൾ സൃഷ്ടിച്ച കെട്ടുകാഴ്ചകൾ തന്റെ തലമുറയിലുള്ളവർക്ക് വിസ്മരിക്കാനാവില്ല എന്നും എന്നാൽ പിന്നീട് പിറന്നവർക്ക് ഏതോ കടങ്കഥയിലെ കോമാളിവേഷമായി മനസ്സിൽ നങ്കൂരമിട്ടിരിക്കാം എന്നും ഗ്രന്ഥകർത്താവ് അവതാരികയിൽ പറയുന്നു. അവർക്കായും ഭാവിതലമുറക്കായുമായാണ് അഞ്ചുവർഷം മാറ്റിവെച്ച് ഈ പുസ്തകരചനക്ക് ശ്രീനിവാസൻ തയ്യാറായത് എന്നുവ്യക്തം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പുസ്തകത്തിനു മറ്റൊരു പ്രസക്തി കൂടിയുണ്ട്. വിവരമില്ലാത്തവർ എന്നു നാമെല്ലാം പരിഹസിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെല്ലാം അടിയന്തരാവസ്ഥക്കുശഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തറ പറ്റിച്ചപ്പോൾ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ അവർക്ക് വൻഭൂരിപക്ഷമാണല്ലോ നൽകിയത്. അതിനാൽ നമ്മളാ ചരിത്രം വീണ്ടും വീണ്ടും വായിക്കണം. കപിലൻ എന്ന പത്രപ്രവർത്തകന്റെ അന്വേഷണത്തിലൂടെയാണ് ആ രാത്രികളുടെ ഭയാനകമായ അന്ധകാരത്തിലേക്ക് ശ്രീനിവാസൻ വെളിച്ചം വീശുന്നത്. ആ കപിലൻ ശ്രീനിവാസനല്ലാതെ മറ്റാരുമല്ല എന്നർത്ഥം. മിക്കവാറും മറ്റെല്ലാ കഥാപാത്രങ്ങളും യഥാർത്ഥത്തിൽ ജീവിച്ചിരുന്ന, പലരും ഇപ്പോഴും ജീവിക്കുന്നവരാണ് താനും.
ഇതൊക്കെയാണെങ്കിലും ഗ്രന്ഥകർത്താവും പ്രസാധകരും അവകാശപ്പെടുംപോലെ ഇതൊരു നോവലാണെന്നു പറയാനാവില്ല. കണക്കിന്റെ ഭാഷയിൽ പറഞ്ഞാൽ പത്തുശതമാനം പോലും നോവലിന്റെ അംശം ഇതിലുണ്ടെന്നു പറയാനാവില്ല. മറിച്ച് ഒരു ജേണലിസ്റ്റിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകളെ കോർത്തിണക്കുകയാണ് ശ്രീനിവാസൻ ചെയ്തിട്ടുള്ളത്. രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവർക്ക് അറിയാവുന്നവ തന്നെയാണ് ഇതിലെ മിക്കവാറും സംഭവങ്ങൾ. സത്യത്തിൽ ഇതൊരു ചരിത്ര ഗ്രന്ഥമാണ്. ജീവചരിത്രത്തെപോലും മികച്ച നോവലെന്നു കൊട്ടിഘോഷിക്കുന്ന നാട്ടിൽ അതു കാര്യമാക്കേണ്ടതില്ല എ്ന്നു തോന്നുന്നു. മാത്രമല്ല, സാഹിത്യത്തിന് കണക്കിനേയോ സയൻസിനേയോ പോലെ കൃത്യമായ നിർവ്വചനമൊന്നും സാധ്യമല്ലല്ലോ. വായിക്കുന്നവർക്ക് എന്താണതെന്നു തീരുമാനിക്കാം. 
അതേസമയം  അടിയന്തരാവസ്ഥയാണ് ഈ കൃതിയുടെ പ്രമേയം എന്നു പറയുമ്പോഴും സത്യത്തിലിത് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമാണ്. അടിയന്തരാവസ്ഥക്കെതിരെ കേരളത്തിൽ ഏറ്റവും പോരാടിയതും പീഡിപ്പിക്കപ്പെട്ടതും നക്‌സലൈറ്റുകളായിരുന്നതിനാൽ അതു സ്വാഭാവികമാണ് എന്നാൽ അതു മാത്രമല്ല അങ്ങനെ പറയാൻ കാരണം.  പുസ്തകം ആരംഭിക്കുന്നത് അടിയന്തരാവസ്ഥക്കു  മുന്നെയുള്ള നക്‌സലൈറ്റ് കാലങ്ങളിലൂടെയാണ്. വർഗ്ഗീസും അജിതയും പോലീസ് സ്‌റ്റേഷൻ അക്രമങ്ങളും ജന്മി ഉന്മൂലനങ്ങളുമൊക്കെ പുസ്തകത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥക്കുശേഷം പുസ്തകം അവസാനിക്കുന്നുമില്ല. നക്‌സലൈറ്റുകളുടെ ഇപ്പോഴത്തെ അവസ്ഥയും ഗ്രന്ഥകർത്താവ് അന്വേഷിക്കുന്നു. പിന്നേയും നക്‌സലൈറ്റുകളിലൂടെ പുസ്തകം സഞ്ചരിക്കുന്നു. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ദേശീയതലത്തിലും കേരളത്തിലുമുണ്ടായ പല സംഭവങ്ങളും കടന്നുവരുമ്പോഴും ഇന്ദിരാഗാന്ധിയും ജയപ്രകാശ് നാരായണനുമടക്കമുള്ളവർ പ്രത്യക്ഷപ്പെടുമ്പോഴും ആത്യന്തികമായി നക്‌സൽ ചരിത്രം തന്നെയാണ് പുസ്തകം. അതേസമയം നക്‌സൽ പ്രസ്ഥാനത്തെ കുറിച്ചുള്ള ആശയപരമായ പ്രശ്‌നങ്ങളിലേക്കൊന്നും കടന്നുപോകാതെ നേതാക്കളുടേയും പ്രവർത്തകരുടേയും വൈയക്തികജീവിതവും അനുഭവിച്ച പീഡനങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.   വേണുവിന്റേയോ അജിതയുടേയോ ആത്മകഥയിൽ നിന്നും ആർ കെ ബിജുരാജന്റെ നക്‌സൽ ചരിത്രം എന്ന പുസ്തകത്തിൽ നിന്നുമൊക്കെ ആ അർത്ഥത്തിൽ വ്യത്യസ്തമാണ് ഈ പുസ്തകം. പുസ്തകത്തിന് മികച്ച റീഡബിലിറ്റിയുമുണ്ട്. കരുണാകരനും അച്യുതമേനോനും ഇ എം എസും ജയറാം പടിക്കലും ഈച്ചരവാര്യരും പി ഗോവിന്ദപിള്ളും കെ വേണുവും ഐ ജി രാജനും അങ്ങാടിപ്പുറം ബാലകൃഷ്ണനുമൊക്കെ അതേ പേരിൽതന്നെ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു. 
അടിയന്തരാവസ്ഥക്കെതിരെ നക്‌സലൈറ്റുകൾ നടത്തിയ പോരാട്ടങ്ങളുടേയും മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനേയും ഐ ജിയായിരുന്ന രാജനേയും നോക്കുകുത്തികളാക്കി ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനും പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കലും അവർക്കെതിരെ നടത്തിയ കൊടുംക്രൂരതകളുടെ വിശദമായ ചരിത്രമാണ് ഈ പുസ്തകം എന്നു ഒറ്റ വാചകത്തിൽ പറയാം. അടിയന്തരാവസ്ഥക്കുശേഷം രാജന്റെ പിതാവ് ഈച്ചരവാര്യർ നടത്തിയ നിയമപോരാട്ടം പുസ്തകത്തിലെ പ്രധാന ഭാഗമാണ്. ഇവയെല്ലാം അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന പലർക്കുമറിയാം. അതേസമയം അടിയന്തരാവസ്ഥകാലത്തുതന്നെ നിരവധി വെല്ലുവിളികളെ അതിജീവിച്ച് പി എ ബക്കറിന്റെ കബനി നദി ചുവന്നപ്പോൾ എന്ന രാഷ്ട്രീയ സിനിമ തയ്യാറാക്കിയതിന്റേയും അതിന് പുരസ്‌കാരം ലഭിച്ചതിന്റേയുമൊക്കെ, അധികമാർക്കും അറിയാത്ത ചരിത്രവും പുസ്തകത്തിലുണ്ട്. 
അപ്പോഴും അടിയന്തരാവസ്ഥക്കെതിരെന്നു പറയുമ്പോഴും അക്കാലത്തെ നക്‌സൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കെ വേണുവിനെതിരെ, യാതൊരു അടിസ്ഥാനവുമില്ലാതെ പല കമ്യൂണിസ്റ്റുകാരും ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി ശ്രീനിവാസൻ ആവർത്തിക്കുന്നുണ്ട്. ഒരു അന്വേഷണവും നടത്താതെ, ഒരു ജേണലിസ്റ്റിനോ ചരിത്രകാരനോ നോവലിസ്റ്റിനോ യോജിക്കാത്ത രീതിയാണ് ഇക്കാര്യത്തിൽ അദ്ദേഹവും പിന്തുടരുന്നത്. മാത്രമല്ല പിന്നീട് കെ വേണു വിപ്ലവപ്രവർത്തനം ഉപേക്ഷിച്ചതിനെ കുറിച്ചും ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് ശ്രീനിവാസൻ എഴുതുന്നത്. എന്തുകൊണ്ടാണ് താൻ കമ്യൂണിസ്റ്റ് ആശയം തന്നെ ഉപേക്ഷിക്കുന്നു എന്നതിനെ കുറിച്ച് എത്രയോ ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും നിരവധി പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തിയിട്ടുള്ള വ്യക്തിയാണ് വേണു. അവയൊന്നും മറിച്ചുനോക്കുകയോ കേൾക്കുകയോ ചെയ്യാതെ ഇത്തരം അഭിപ്രായപ്രകടനം ഒരു ചരിത്രപുസ്തകത്തിൽ നടത്തുക എന്നത് തികഞ്ഞ ഉത്തരവാദിത്ത രഹിതമായേ കാണാനാകൂ. 
മറ്റൊരു പ്രധാന വിഷയം കൂടി പറയാതെ ഈ കുറിപ്പവസാനിപ്പിക്കാനാവില്ല. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കണമെന്ന ആവശ്യത്തെ കുറിച്ചാണത്. പല സംസ്ഥാനങ്ങളിലും ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അന്ന് പീഡിപ്പിക്കപ്പെട്ടവർക്ക് സ്വാതന്ത്ര്യസമരപെൻഷനും നൽകുന്നുണ്ട്. കേരളത്തിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ട് എത്രയോ വർഷങ്ങളായി. ഈച്ചരവാര്യരുടെ വസതിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യയോഗം നടന്നത്. തുടർന്ന് പലവട്ടം നിവേദനങ്ങൾ നൽകി. സെക്രട്ടറിയേറ്റിനു മുന്നിൽ പ്രക്ഷോഭങ്ങളും നടന്നു. യുഡിഎഫിനും എൽ.ഡി.എഫിലെ സി.പി.ഐക്കും സ്വാഭാവികമായും അതിൽ താൽപ്പര്യമുണ്ടാകില്ലല്ലോ. 
നിരന്തരസമ്മർദ്ദങ്ങളുടെ ഫലമായി വി എസ് മുഖ്യമന്ത്രിയായപ്പോൾ ഈ ആവശ്യം പരിഗണിക്കുകയും അക്കാലഘട്ടത്തിൽ പോരാടിയവരുടേയും പീഡിപ്പിക്കപ്പെവരുടേയും ലിസ്റ്റ് എടുക്കുകയും ചെയ്തു. ലിസ്റ്റ് പരിശോധിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ നക്‌സലൈറ്റുകളായിരുന്നത്രെ. സോഷ്യലിസ്റ്റുകൾക്കും ജനസംഘക്കാർക്കും പുറകിലായിരുന്നു സിപിഎംകാരുടെ എണ്ണം. അതോടെ ആ ആശയംതന്നെ സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കുശേഷവും കോൺഗ്രസിനെ വിജയിപ്പിച്ച കാപട്യം തന്നെയാണ് നാമിപ്പോഴും തുടരുന്നതെന്ന് സാരം. ഈ ആവശ്യത്തിനായി ഏറെ പോരാടിയ ടി. എൻ. ജോയിയടക്കം മരിച്ചുപോയി. ഇനിയും അവശേഷിക്കുന്ന പോരാളികൾ വളരെ കുറവ്. എന്നാൽ 'പ്രബുദ്ധരാ'യതിനാൽ നമ്മൾ ആ ആവശ്യം അംഗീകരിക്കാൻ പോകുന്നില്ല. ഫാസിസത്തെ കുറിച്ചുള്ള ഘോരഘോര പ്രസംഗങ്ങൾ തുടരുകയും ചെയ്യും.
തുടക്കം സൂചിപ്പിച്ചതുതന്നെ ആവർത്തിക്കട്ടെ. എന്തൊക്കെ പോരായ്മയുണ്ടെങ്കിലും ഭീതിദമായ വർത്തമാനകാലത്ത് അടിയന്തരാവസ്ഥയിലെ രാത്രികളെ ഓർമ്മിപ്പിക്കുന്ന ഈ പുസ്തകം അത്തരം രാത്രികൾ ഇനിയുമുണ്ടാകാതിരിക്കാനുള്ള ജാഗ്രതക്കുള്ള ഓർമ്മപ്പെടുത്തലാണ്. അന്ന് നക്‌സലൈറ്റുകൾ എന്ന പേരിട്ടാണ് പീഡിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ അർബൻ നക്‌സൽ, മാവോയിസ്റ്റ്, തീവ്രവാദി തുടങ്ങി പല വിശേഷണങ്ങളും രംഗത്തുണ്ട്. അന്നുപയോഗിച്ച മിസ എന്ന ഭീകരനിയമത്തേക്കാൾ ശക്തമാണ് ഇപ്പോഴത്തെ യുഎപിഎയും മറ്റും. എൻ ഐ എയും ഇഡിയും മറ്റെല്ലാ സംവിധാനങ്ങളുമപയോഗിച്ചും കമ്പ്യൂട്ടറുകളിൽ നുഴഞ്ഞു കയറിയും വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഇല്ലാതാക്കുന്നു. അന്നത്തെ രാത്രികളേക്കാൾ രൂക്ഷമായ കാളരാത്രികൾ നമ്മെ കാത്തിരിക്കുന്നു എന്ന വിപൽസൂചന നൽകുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സമകാലിക പ്രസക്തി. 

രാത്രി മുതൽ രാത്രിവരെ
പി. കെ. ശ്രീനിവാസൻ
ഡി. സി ബുക്‌സ് 
വില - 380 രൂപ

Latest News