Sorry, you need to enable JavaScript to visit this website.

സംവേദനത്തിന്റെ സർഗസംഗമം

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പ്രദീപ് പനങ്ങാടിന്റെ നേതൃത്വത്തിൽ സെന്റർ ഫോർ ആർട്ട് ആന്റ് കൾച്ചറൽ സ്റ്റഡീസ് തലസ്ഥാനനഗരിയുട സാംസ്‌കാരികരംഗത്ത് വേറിട്ട പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധാകേന്ദ്രമാകുന്നു. 
തിരുവനന്തപുരം വെള്ളയമ്പലത്തെ മ്യൂസിയം ഗാലറി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പ്രദീപ് പനങ്ങാടും ആർ.എസ്. അജിത്തും ചേർന്നുള്ള കൂട്ടുകെട്ടാണ് ഈ പ്രവർത്തനങ്ങളുടെയെല്ലാം പിന്നിൽ.
ചെറുതാണ് സുന്ദരം എന്ന ഇ.എഫ്. ഷുമാക്കറിന്റെ ആശയംപോലെ ലളിതമായ പരിപാടികളിലൂടെയാണ് ഇവരുടെ പ്രവർത്തനം സാംസ്‌കാരിക രംഗത്ത് ചലനങ്ങൾ സൃഷ്ടിക്കുന്നത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച്  ആരംഭിച്ച ചിത്ര-ശിൽപ പ്രദർശനം നാളെ സമാപിക്കും. നിരവധിപേരാണ് ദിവസവും പ്രദർശനം കാണാനെത്തുന്നത്. 
ആഷാ നന്ദൻ, അശ്വതി അരവിന്ദാക്ഷൻ, കവിതാബാലകൃഷ്ണൻ, യാമിനി മോഹൻ, ഇ.എൻ. ശാന്തി, ബിന്ദി രാജഗോപാൽ, ഇ.ജി. ചിത്ര, കെ.എസ്.നയന, എസ്.ആർ.രജനി, തുടങ്ങിയ ഇരുപതോളം പേരുടെ ചിത്രങ്ങളും ശിൽപങ്ങളുമാണ് പ്രദർശനത്തിലുള്ളത്. സ്ത്രീ നാടകവേദിയുടെ  രാഷ്ട്രീയം എന്ന വിഷയത്തിൽ സുധി ദേവയാനിയുമായി പ്രദീപ് പനങ്ങാടിന്റെ വർത്തമാനം പരിപാടി നടന്നിരുന്നു. കലാചരിത്രം എഴുത്തും രീതിശാസ്ത്രവും എന്ന വിഷയത്തിൽ കവിതാ ബാലകൃഷ്ണനുമായിട്ടായിരുന്നു വർത്തമാനം.


കഴിഞ്ഞ നാലുപതിറ്റാണ്ട് മലയാള സാഹിത്യത്തിലും സാംസ്‌കാരികപ്രവർത്തനങ്ങളിലും സർഗ്ഗാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് പ്രദീപ്  പനങ്ങാട്. കലാനിരൂപകനായ പ്രദീപ് പനങ്ങാടിന് പ്രൊഫ. എം.കെ സാനു നൽകിയ വിശേഷണം സാംസ്‌കാരിക ചരിത്രകാരനെന്നാണ്. മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ സമ്പന്നമാക്കിയതിൽ മുഖ്യപങ്ക് വിഹിച്ചത് ഇവിടുത്തെ ചെറുമാസികകളാണെന്ന് നമുക്കറിയാം.മുഖ്യധാരാപത്രങ്ങളും മാസികകളും കാലത്തിനൊപ്പിച്ച് മുന്നോട്ട്‌പോയപ്പോൾ കാലത്തിന് മുമ്പെ നമ്മെ നയിച്ചത് ഈ ചെറുമാസികകളായിരുന്നു.  കേരളകവിത,യുഗരശ്മി, അക്ഷരം, ജ്വാല, പ്രസക്തി, സമസ്യ, പ്രേരണ, രസന, സംക്രമണം. പൂർണോദയ, പാഠഭേദം, സൂചിമുഖി, പ്രസാദം......തുടങ്ങി വലിയൊരു നിര പ്രസിദ്ധീകരണങ്ങൾ ഈ രംഗത്ത് നമുക്ക് ചൂണ്ടിക്കാട്ടാനാവും. നിലവാരമുള്ളതും നിലവാരം കുറഞ്ഞതുമായ നിരവധി ലിറ്റിൽ മാഗസിനുകൾ. ലിറ്റിൽ മാഗസിനുകളുടെ സാംസ്‌കാരിക ദൗത്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചയാളാണ് പ്രദീപ് പനങ്ങാട്.
മലയാള സമാന്തര മാസികാ ചരിത്രവുമായി ബന്ധപ്പെട്ട് രണ്ടു പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂയൂട്ട് പുറത്തിറക്കിയ മലയാള സമാന്തര മാസികാചരിത്രം എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഈ രംഗത്തെ വിലപ്പെട്ട സംഭാവനയായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ലിറ്റിൽ മാഗസിൻ ഇൻസ്റ്റലേഷൻ 2015 സെപ്റ്റംബർ 20 മുതൽ 27 വരെ തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ഓപ്പൺ സ്‌പെയ്‌സിൽ സംഘടിപ്പിച്ചത് പ്രദീപ് പനങ്ങാടായിരുന്നുവെന്നതും ചരിത്രമാണ്.
ഇങ്ങനെ വിവിധതുറകളിൽ അദ്ദേഹം നൽകിവരുന്ന സംഭാവനകൾ വിലപ്പെട്ടതാണ്.എൺപതുകളിൽ കവിതയിൽതുടങ്ങി സാഹിത്യവിമർശനത്തിലൂടെ വളർന്ന് അദ്ധ്യാപകനായും മാധ്യമപ്രവർത്തകനായും പ്രവർത്തിച്ച് സാംസ്‌കാരിക പ്രവർത്തനത്തിൽ ഉറച്ചവ്യക്തിത്വമാണ് പ്രദീപിന്റേതെന്ന് പറയാം.
എം. ഗോവിന്ദന്റെ സമീക്ഷ മാസിക വളരെകുറച്ചുപേരെ വായിച്ചിരുന്നുള്ളു. കേസരി ബാലകൃഷ്ണപിള്ളയുടെ കേസരി പത്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.എന്നാൽ ഇവർ സൃഷ്ടിച്ചെടുത്ത സാംസ്‌കാരിക മുന്നേറ്റം വളരെ വലുതായിരുന്നുവെന്ന് ഇന്നുനമ്മൾ തിരിച്ചറിയുന്നുണ്ട്. തൊണ്ണൂറുകളിൽ ദുർബലപ്പെട്ടുപോയ ആഴമുള്ള ചിന്തകളിലൂടെ രൂപപ്പെടുന്ന നവഭാവുകത്വത്തെ മറ്റൊരുതരത്തിൽ മലയാളിയെ അനുഭവിപ്പിക്കാനാണ് സെന്റർ ഫോർ ആർട്ട് ആന്റ് കൾച്ചറൽസ്റ്റഡീസ് പരിശ്രമിക്കുന്നത്. പത്തോ ഇരുപതോ ആളുകൾ മാത്രമിരുന്നു ഒരു വിഷയത്തെ ആഴത്തിൽ മനസിലാക്കാൻ ശ്രമിക്കുന്നതാണ് രീതി. എം.ഗോവിന്ദൻ ഇത് മുമ്പ് പരീക്ഷിച്ച് വിജയിച്ചതാണ്. ഗോവിന്ദന്റെ ഗുരുകുലത്തിൽനിന്ന് വലിയ എഴുത്തുകാരും ചിത്രകാരന്മാരും വിമർശകരും കവികളുമൊക്കെയുണ്ടായിയെന്നത് ചരിത്രമാണ്. 
മഹാത്മാഗാന്ധിയുടെ യങ് ഇന്ത്യ എന്ന മാസിക വളരെ ചെറുതായിരുന്നുവെന്ന് ഓർക്കുക. എന്നാലത് നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായിരുന്നു. യങ് ഇന്ത്യയിലൂടെ ഗാന്ധിജി ഉയർത്തിവിട്ട ചിന്തകൾ ഇന്നും ചർച്ചചെയ്തുകൊണ്ടേയിരിക്കുന്നു. സ്വതന്ത്രചിന്തയും സ്വതന്ത്രമാധ്യമപ്രവർത്തനങ്ങളും നമ്മുടെ രാജ്യത്ത് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കാനാവും.

Latest News