എന്നിലേറെ നിന്നെ
അറിഞ്ഞതെൻ മിഴികൾ
ആയതിനാലാവും നിന്റെ
ശൂന്യതയിലും നിനക്കായ്
മാത്രം തുടിക്കുകയാണവ-
'ഗുഡ് മോർണിംഗ്'
അൻവർ ആ മെസ്സേജിലേക്ക് നോക്കി ഇരിക്കെ അവനു കാഴ്ച് മങ്ങുന്നതായി തോന്നി. എന്തോ കണ്ണുകൾ വല്ലാതെ വേദനിക്കുന്നു.
ഇപ്പോഴാണെങ്കിൽ ഒരുപാട് വർക്ക് പെന്റിങ് ആണ്. അസുഖം, ഹോസ്പിറ്റൽ എത്ര ദിവസങ്ങൾ ആയി ഇങ്ങനെ, ലോക്ക് ഡൗൺ ആയതോടെ മനസ്സും ശരീരവും എല്ലാം മടുത്തു.
ഭീതി വിതക്കുന്ന അനുഭവങ്ങളും വാർത്തകളും. ഇനിഎത്ര കാലം ഇങ്ങനെ ജീവിക്കേണ്ടി വരും അവൻ ദീർഘ ശ്വാസം വിട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഇനി ഒരു കരകയറ്റോം ഉണ്ടാവില്ല മനസ്സമാധാനം എങ്കിലും.
ഇക്കാ എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയേ, എന്താടീ രാവിലെ തന്നെ ശല്യം? പറയാൻ ഉള്ളത് പറഞ്ഞിട്ട് പോയി നിന്റെ ജോലി നോക്ക് അവൻ ഫോണിൽ നിന്നും മുഖ മുയർത്താതെ പറഞ്ഞു. കൊച്ചു കുട്ടികളെ പോലെയാണവൾ, ഒരു കളിപ്പാട്ടം കണക്കെ അങ്ങ്
നിന്നുകൊടുക്കണം, തന്റെ ഭാവമാറ്റങ്ങൾ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകളെ
എന്നും ഭയമാണ്. നഷ്ട പ്രണയം ഇന്നും നിഴൽ പറ്റിഇരിക്കുന്ന തന്റെ കണ്ണുകളെ അറിയുന്ന നിമിഷം അവളിലെ പെണ്ണ്
അപമാനിതയാവും. ആ ഭാരം ഒരിക്കലും അവൾക്കു താങ്ങാൻ പറ്റില്ല.... ദേഷ്യം ഇപ്പോൾ തനിക്ക് ഒരലങ്കാരം ആയി മാറിയിട്ടുണ്ട്, തലക്കനം ഉള്ള ഒരു പുരുഷന്റെ അഭിമാനം അതങ്ങനെ തന്നെ ഇരിക്കട്ടെ.
ഉം....കള്ള ലക്ഷണാ , മുഖത്തു നോക്കില്ല അടുക്കളപണിക്കിടയിൽ കണ്ണിൽ എന്തോ കരട് കുടുങ്ങി അതൊന്നു നോക്കാൻ പറഞ്ഞതിന്
കടിച്ച് കീറാൻ വരണോ.
എത്ര ആണ്പിള്ളേരാ പണ്ട് ക്യു നിന്നത് ഈ കണ്ണിലേക്കു ഒന്ന് നോക്കി ഇരുന്നോട്ടെന്നും ചോദിച്ച്. ഈ മാൻമിഴികൾക്ക് ഈരെഴു ലോകവും കീഴടക്കാൻ കഴിവുണ്ടെന്നും പറഞ്ഞു. അതൊക്ക ഒരു കാലം. ഈ മുഖത്തു പോലും നോക്കാത്ത മനുഷ്യനെ കെട്ടിയതോടെ ജീവിതത്തിൽ റൊമാൻസിന് സ്ഥാനം ഇല്ലാണ്ടായി. അവൾ കലി തുള്ളി അകത്തേക്ക് കയറിപ്പോയി.
അൻവർ അവൾ പോയ ദിക്കിലേക്ക് നോക്കി, ഈ ഭ്രാന്ത് സഹിച്ചു മടുത്തു.
വാക്കുകളെക്കാൾ കണ്ണുകൾ കഥ പറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു
ലോകസഞ്ചാരം നടത്തിയ ആ കണ്ണുകൾ അലീനയുടെ നീലക്കണ്ണുകളിലെ അഗാധ ഗർത്തത്തിൽ പതിച്ചപ്പോൾ ആണ് അതിനു ശാപമോക്ഷം ലഭിച്ചത് പിന്നെ നീണ്ട അഞ്ചു വർഷം ഒരു വാക്കു പോലും തിരയാതെ കഥകൾ പറഞ്ഞു.
ഒരു വിരസതയും ഉണ്ടാക്കാതെ തന്നെ ആ സൗഭാഗ്യം കാലം തട്ടി അകറ്റിയതോടെ കൗതുകങ്ങൾ ഉപേക്ഷിച്ചു. ജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു, അൽപമെങ്കിലും മനസ്സ് അയച്ചു വിട്ടാൽ, അലിവ് കൂടിപ്പോയാൽ പിടിച്ചു നിൽക്കാൻ പറ്റില്ല.
അപ്പോഴാണ് ഈ വക കോപ്രായങ്ങളുമായി ഈ പെണ്ണ്, ഇനി ഇപ്പൊ എങ്ങനെയാണ് ഈ പ്രശ്‌നം സോൾവാകുന്നത്?
ഓഫീസിലെ വർക്ക് ലോഡ് എങ്ങിനെ തീർക്കും എന്നാലോചിക്കാം. വേഗം
റെഡി ആയി എസ്‌കേപ്പ് ആവാം. സമയം കുറെ കഴിയുമ്പോ ശ്രീമതി എല്ലാം മറക്കും. അരണ കുട്ടിയെപ്പോലെ തുമ്പിയെ പിടിച്ചു കറിവെക്കാനും, മഴവെള്ളത്തിൽ അലക്കി കുളിക്കാനും, മഞ്ചാടി കൊടുത്ത് സാധനം മേടിക്കാനും കഴിയുമെങ്കിൽ റൊമാന്റിക് ആവാമായിരുന്നു അല്ല പിന്നെ.
ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അൻവറിനു വീണ്ടും കാഴ്ചക്കുറവ് അനുഭവപ്പെട്ടു, ഫോണും കമ്പ്യൂട്ടറും പിന്നെ അൽപസ്വൽപം ടി.വിയും. ഇതിൽ
കൂടുതൽ എന്തു വേണോന്നാ ഈ കാഴ്ച കളയാൻ… അവളുടെ ശബ്ദം കാതിൽ മുഴങ്ങി. പണിത്തിരക്കൊഴിഞ്ഞു ഫോൺ എടുത്തപ്പോൾ അതിൽ ഒരു പത്തു മിസ്സ് കാൾ എങ്കിലും കാണും. റൈഹ വേഗം അവന്റെ ഫോണിലേക്കു വിളിച്ചു.
അപ്പുറത്തു ഒരു സ്ത്രീ ശബ്ദം, രാവിലെ ഓഫിസിലേക്ക് അല്ലെ പോയെ അവൾക്കു ദേഷ്യം വന്നു. മാഡം, ഞാൻ കെ.എം ഹോസ്പിറ്റലിലെ സ്റ്റാഫ് ആണേ നിങ്ങളുടെ ഹസ് ഇവിടെ അഡ്മിറ്റ് ആണ്. ഒരു ചെറിയ സർജറി. പേടിക്കേണ്ട ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ കൂട്ടി വന്നോളൂ ഒരു രണ്ടു മൂന്നു ദിവസം.....
പറഞ്ഞു തീരുമുമ്പ് ഫോൺ ഓഫ് ആക്കി അവൾ പുറത്തേക്കോടി. ഇന്ന് അൻവർ ഡിസ്ചാർജ് ആവുകയാണ്, സാധനങ്ങൾ പായ്്്ക്ക് ചെയ്യുന്നതിനിടെ അയാൾ അവളെ അടുത്തേക്ക് വിളിച്ചു. നീയൊന്നു എന്റെ അരികിൽ ചേർന്ന് നിൽക്കാമോ?
- ഉം.. അവൾ മൂളി, മുഖം എന്റെ ചെവിക്കരികിൽ അടുപ്പിച്ചു മുന്നോട്ടു നോക്കി നിൽക്കണം ട്ടോ
അവളത് അനുസരിച്ചു.
ഇപ്പൊ എനിക്ക് വസന്തകാലമാണ്. കടലിലെ തിരമാലകളുടെ
ശബ്ദം കേൾക്കാം, മഴയുടെ തണുപ്പും, കിളിയുടെ കൊഞ്ചലും… അവൾ അവന്റെ വായ പൊത്തി.
വേണ്ട ഇക്കാ ഇനി റൊമാന്റിക് ആവണ്ട. നിങ്ങളിങ്ങനെ ചേർന്ന് നിന്നുതന്നാൽ മാത്രം മതി.
എല്ലാ സങ്കടവും മാറി സന്തോഷം വരും തീർച്ച.






