Sorry, you need to enable JavaScript to visit this website.

നൈലോളങ്ങളിൽ ഹോക്കി താളം

ശർഖിയ്യയിൽ വനിതകൾ ഹോക്കി പരിശീലനത്തിൽ

ഈജിപ്തിന്റെ നൈൽ നദീതടത്തിന് കാൽപന്തിന്റെ കാൽത്തളയാണ്. നൈലിന്റെ തീരത്തിന് ഹോക്കി സ്റ്റിക്കിന്റെ കാർക്കശ്യം ഒട്ടും ചേരില്ല. നൈൽ നദി പുളഞ്ഞോടുന്ന ശർഖിയ്യയിൽ ഒരുപറ്റം പെൺകുട്ടികൾ ആ നദീതട സംസ്‌കാരം മാറ്റിയെഴുതുകയാണ്. ഹോക്കി സ്റ്റിക്ക് കൊണ്ട് അവർ ചരിത്രം തിരുത്തുന്നു. ഹോക്കിയുടെ ഉദ്ഭവം ഈജിപ്തിൽ നിന്നാണെന്ന വാദം ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് ഈ കളിയിൽ അവരുടെ മുന്നേറ്റം. 
ഫുട്‌ബോൾ ഭ്രമത്തിന് പേരെടുത്ത ഈജിപ്തിൽ ഹോക്കി കാണാൻ ഒരിക്കലും സ്‌റ്റേഡിയം നിറയില്ല. പക്ഷേ ശർഖിയ്യയിൽ ഹോക്കിയാണ് കളി. ഈജിപ്തിലെ ഈ ഗവർണറേറ്റ് ഹോക്കിയുടെ കേന്ദ്രമായി മാറുകയാണെന്ന് ഇരുപത്തിനാലുകാരി ഫോർവേഡ് ദോണിയ ശഅറാവി പറയുന്നു. ഹോക്കിയെന്നാൽ ശർഖിയ്യയാണ് ഓർമ വരിക, ഞങ്ങൾ അതു കണ്ടാണ് വളർന്നത് -കറുത്ത ജഴ്‌സിയും അതിനൊത്ത ഹിജാബുമണിഞ്ഞ് പ്രാക്ടീസ് ഗ്രൗണ്ടിലിറങ്ങും മുമ്പ് ദോണിയ പറഞ്ഞു.
കയ്‌റോക്ക് വടക്ക് 100 കിലോമീറ്ററോളം അകലെയാണ് ശർഖിയ്യ. 1995 ലാണ് ഇവിടെ പെൺകുട്ടികൾ ആദ്യമായി ഹോക്കി സ്റ്റിക്ക് കൈയിലെടുത്തത്. ഈജിപ്തിലെ പുരുഷ ഹോക്കി ഫെഡറേഷൻ രൂപം കൊണ്ടിട്ട് അപ്പോൾ 30 വയസ്സ് പോലും ആയിട്ടുണ്ടായിരുന്നില്ല. 
ശർഖിയ്യയുടെ ഹോക്കി പ്രണയത്തിന് പൗരാണിക വേരുകളുണ്ടാവാമെന്നാണ് ശർഖിയ്യ ഹോക്കി ക്ലബ്ബ് സൂപ്പർവൈസർ ഇബ്രാഹിം അൽബഗൂരി കരുതുന്നത്. പനന്തണ്ടുകൾ കൊണ്ടുള്ള സ്റ്റിക്ക് ഉപയോഗിച്ച് കളിക്കുന്ന ഹോക്കി പോലുള്ള ഒരു മത്സരം പുരാതന ഈജിപ്തിൽ നിലവിലുണ്ടായിരുന്നു. ഹോക്ഷ എന്നാണ് അത് അറിയപ്പെട്ടതെന്ന് ബഗൂരി പറഞ്ഞു. തെൽ ബസ്തയും അമർനയും പോലുള്ള പൗരാണിക നഗരങ്ങളിൽ ഈ കളി നിലവിലുണ്ടായിരുന്നു. തെൽ ബസ്ത ഇപ്പോഴത്തെ ശർഖിയ്യ പ്രദേശമാണ്. ഈജിത് ഹോക്കി ഫെഡറേഷന്റെ ലോഗൊ ഈ ചരിത്രത്തെ അനുസ്മരിക്കുന്നു. രണ്ട് പൗരാണിക ഈജിപ്ഷ്യൻ രൂപങ്ങൾ ഹോക്കി സ്റ്റിക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്നതാണ് ലോഗൊ. 
ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും ശർഖിയ്യയിൽ ഹോക്കി സജീവമാണ്. ലീഗ് ടൂർണമെന്റിൽ ഇരുപത്തെട്ടിൽ ഇരുപത്തഞ്ച് തവണയും ശർഖിയ്യയായിരുന്നു വനിത ചാമ്പ്യന്മാർ. ഹോക്കി സ്റ്റിക്കുകൾ കൂട്ടിയിടിക്കുന്ന സംഗീതം കേട്ടാണ് ഇവിടെ പെൺകുട്ടികൾ വളരുന്നത്. പ്രൊഫഷനൽ ഹോക്കി ലീഗിൽ കളിക്കാൻ ഈജിപ്തിലെ ഒരു പെൺകുട്ടിക്കും ഇതുവരെ സാധിച്ചിട്ടില്ല. പക്ഷേ അക്കാലം വൈകില്ലെന്നാണ് ദോണിയ പറയുന്നു. 
ഏഴു തവണ ഈജിപ്ഷ്യൻ ദേശീയ ചാമ്പ്യൻഷിപ് നടന്നതിൽ അഞ്ചു തവണയും ശർഖിയ്യയായിരുന്നു ചാമ്പ്യന്മാർ. 2019 ൽ ആഫ്രിക്കൻ ക്ലബ്ബ് ചാമ്പ്യന്മാരായി. ഇറ്റലിയിലെയും ഫ്രാൻസിലെയും ക്ലബ്ബുകൾ ശർഖിയ്യയിലെ നാലു പെൺകുട്ടികൾക്ക് കരാർ വാഗ്ദാനം ചെയ്തിരുന്നതായി കോച്ച് മുസ്തഫ ഖലീൽ വെളിപ്പെടുത്തി. നാലു പേരും അത് സ്വീകരിച്ചില്ല. ഒരാൾക്ക് പഠനം ഉപേക്ഷിക്കാനായില്ല. മറ്റു മൂന്നു പേർക്ക് കുടുംബവും മക്കളുമുണ്ട്. 
യുവതികളും പെൺകുട്ടികളും ഒറ്റക്ക് രാജ്യം വിടാൻ ഇപ്പോഴും മടിക്കുന്ന സാഹചര്യമുണ്ട് ഈജിപ്തിൽ. ഇത് മാറി വരികയാണെന്ന് ശർഖിയ്യയുടെ വനിത വിഭാഗം മേധാവി സുമയ്യ അബ്ദുൽഅസീസ് പറയുന്നു. തന്റെ ഹോക്കി കരിയറിന് തടസ്സമാവുന്ന വിധത്തിലുള്ള ഇണയെ സ്വീകരിക്കില്ലെന്നാണ് ദോണിയയുടെ നിലപാട്. ക്യാപ്റ്റൻ നഹല അഹ്മദിന് ഇരുപത്തെട്ട് വയസ്സായി. ഒരു മകളുണ്ട്. ഭർത്താവും ഹോക്കി താരമാണ്. ഈജിപ്തിൽ പ്രൊഫഷനൽ ലീഗ് തുടങ്ങുന്നതാണ് കൂടുതൽ അഭികാമ്യമെന്ന് നഹല കരുതുന്നു. ഈജിപ്തിലാവുമ്പോൾ കുടുംബപരമായ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ക്ലബ്ബുകളുടെ പിന്തുണയുണ്ടാവുമെന്ന് അവർ വിശ്വസിക്കുന്നു. നഹല 18 വർഷമായി ഹോക്കി  കളിക്കുന്നു. കഴിഞ്ഞ വർഷം ദേശീയ ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരിയായിരുന്നു. ആഫ്രിക്കയിലെ മികച്ച കളിക്കാരിയാവുകയാണ് അവരുടെ ലക്ഷ്യം. 
ശർഖിയ്യ വലിയ നേട്ടങ്ങൾ കൊയ്തിട്ടുണ്ടെങ്കിലും മാധ്യമ പിന്തുണ ലഭിക്കുന്നില്ല. ഹോക്കി ചെലവേറിയ ഗെയിമാണെന്നും മാധ്യമങ്ങളും അവഗണിച്ചാൽ നിലനിൽപ് പ്രയാസമാവുമെന്നും കോച്ച് ഖലീൽ ചൂണ്ടിക്കാട്ടി. 2019 ൽ മാത്രമാണ് ഒരു ഈജിപ്ത് കമ്പനി ടീമിനെ സ്‌പോൺസർ ചെയ്യാൻ മുന്നോട്ടു വന്നത്. ആഫ്രിക്കൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് ഈജിപ്ത് വേദിയൊരുക്കിയപ്പോൾ. 
ശർഖിയ്യയുടെയും ഈജിപ്ത് ദേശീയ ടീമിന്റെയും ഗോൾകീപ്പറാണ് നദ മുസ്തഫ. ഗോൾമുഖത്ത് നിൽക്കുമ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ തന്നിലാണെന്ന് തോന്നുമെന്ന് കോളേജ് വിദ്യാർഥിയായ നദ പറയുന്നു. ഗോൾകീപ്പറാണ് ടീമിന്റെ പകുതിയെന്ന ചൊല്ല് പൂർണമായും ശരിയാണെന്ന് നദ കരുതുന്നു. 
ഒരു വിദേശ നിർമിത ഹോക്കി സ്റ്റിക്കിന് 120 ഡോളറാണ് (ഒമ്പതിനായിരത്തോളം രൂപ). നദയുടെ ഗോൾകീപ്പിംഗ് കിറ്റിന് 2011 ഡോളർ ചെലവാകും. ഈജിപ്ഷ്യൻ കറൻസിക്ക് ദിനംപ്രതി മൂല്യം കുറയുന്ന സാഹചര്യത്തിൽ ഹോക്കി കളി അധികമാർക്കും സാധിക്കാത്ത വിനോദമാണ്. 


 

Latest News