ക്രാസ്‌നോഗോർസ്‌ക് - ഈ ലോകകപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാവുമെന്ന് കരുതപ്പെടുന്ന വീഡിയൊ അസിസ്റ്റന്റ് റഫറിമാരുടെ (വാർ) മുറി പൂർണ സജ്ജമായി. മോസ്‌കൊ നഗരപ്രാന്തത്തിലെ രണ്ട് മുറികളിലാണ് വീഡിയൊ റിവ്യൂ സംവിധാനമൊരുക്കിയിരിക്കുന്നത്. ആദ്യമായാണ് ലോകകപ്പിൽ വീഡിയൊ റിവ്യൂ ഉപയോഗിക്കുന്നത്. സുപ്രധാന തീരുമാനങ്ങൾ പിഴച്ചാൽ മാത്രമേ വീഡിയൊ റഫറി ഇടപെടൂ.
33 ക്യാമറ ആംഗിളുകൾ പ്രദർശിപ്പിക്കുന്ന 15 സ്‌ക്രീനുകൾ നിരീക്ഷിച്ചാണ് വീഡിയൊ റഫറി തീരുമാനമെടുക്കുക.
പരാതിയും സംശയങ്ങളും ആരോപണങ്ങളും പൂർണമായി ഒഴിവാക്കുകയാണ് വാറിന്റെ ലക്ഷ്യമെന്ന് ഫിഫ റഫറി വിഭാഗം മേധാവി മാസിമൊ ബുസാക്ക പറഞ്ഞു. നാല് വീഡിയൊ അസിസ്റ്റന്റ് റഫറിമാരാണ് ഓരോ മത്സരവും വീക്ഷിക്കുക. സംശയാസ്പദമായ പെനാൽട്ടി, ഓഫ്‌സൈഡ് വിധികളിൽ ഏറ്റവും മികച്ച ക്യാമറ ആംഗിളുകൾ അവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ മോണിറ്റർ ഓപറേറ്റർമാർ കൂടെയുണ്ടാവും. ചീഫ് വീഡിയൊ അസിസ്റ്റന്റ് റഫറിയാണ് അന്തിമ തീരുമാനമെടുക്കുക. ഓഫ്‌സൈഡിന്റെ കാര്യത്തിൽ വിദഗ്ധനായിരിക്കും ചീഫ് വീഡിയൊ റഫറിയുടെ ഒരു അസിസ്റ്റന്റ്. ഇദ്ദേഹത്തിന്റെ തീരുമാനം ശരിയാണോയെന്ന് രണ്ടാമൻ പരിശോധിക്കും. മൂവരും ചർച്ച ചെയ്യുമ്പോൾ ലൈവ് മത്സരം വീക്ഷിക്കുകയായിരിക്കും നാലാമന്റെ ജോലി.
കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന കോൺഫെഡറേഷൻസ് കപ്പിൽ വാർ പരീക്ഷിച്ചിരുന്നു. കാമറൂണിനെതിരായ കളിയിൽ ചിലെയുടെ എഡ്വേഡൊ വർഗാസ് പന്ത് വലയിലെത്തിക്കുകയും ആഘോഷം ആരംഭിക്കുകയും ചെയ്തു. റഫറി ദാമിർ സ്‌കോമിന വീഡിയൊ റിവ്യൂ ചെയ്ത കാര്യം കാണികളിൽ മഹാഭൂരിഭാഗവും ശ്രദ്ധിച്ചില്ല.
ഇടവേളക്കാണ് റഫറി കൈ കാണിച്ചതെന്ന് തെറ്റിദ്ധരിച്ച് കളിക്കാരിൽ ചിലർ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. ഒടുവിൽ ഓഫ്‌സൈഡാണെന്ന് വിധി വന്നപ്പോൾ എന്താണ് നടന്നതെന്നറിയാതെ കാണികൾ ആശയക്കുഴപ്പത്തിലായി. ലോകകപ്പിൽ ഗ്രാഫിക്‌സും ചിത്രങ്ങളുമൊക്കെയായി വീഡിയൊ റഫറിയുടെ തീരുമാനം കൂറ്റൻ സ്‌ക്രീനിൽ വിശദീകരിക്കാനാണ് തീരുമാനം.
ഡിയേഗൊ മറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ പോലുള്ളത് ഇനിയുണ്ടാവില്ലെന്ന് വാറിന് മേൽനോട്ടം വഹിക്കുന്ന ഇറ്റാലിയൻ റഫറി റോബർട് റോസെറ്റി പ്രഖ്യാപിച്ചു.