ദുബായ് - പാക്കിസ്ഥാന്‍ വേദിയൊരുക്കേണ്ട അടുത്ത ഏഷ്യാ കപ്പ് ക്രിക്കറ്റിനെക്കുറിച്ച അനിശ്ചിതത്വം അവസാനിക്കുന്നു. ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍ തന്നെ നടക്കും. എന്നാല്‍ ഇന്ത്യന്‍ ടീം അവിടെ കളിക്കില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്തു വെച്ചായിരിക്കും. യു.എ.ഇ, ഒമാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കായി പരിഗണിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കൂടി ഇതില്‍ ഉള്‍പെടുന്നതിനാല്‍ ഈ കളികള്‍ സംഘടിപ്പിക്കാന്‍ ഒരുപാട് രാജ്യങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഏഷ്യാ കപ്പില്‍ ഇത്തവണ ഏകദിന മത്സരങ്ങളാണ്.
ആറ് രാജ്യങ്ങളാണ് ഏഷ്യാ കപ്പില്‍ കളിക്കുക. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ടില്‍ കൂടി വരുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാവും. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമുള്‍പ്പെടുന്നതാണ് രണ്ടാമത്തെ ഗ്രൂപ്പ്. 13 ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ 13 മത്സരങ്ങളുണ്ടാവും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. അതില്‍ നിന്ന് രണ്ടു ടീമുകള്‍ ഫൈനലിലെത്തും. അതിനാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മൂന്നു മത്സരങ്ങള്‍ വരെ നടക്കാന്‍ സാധ്യതയുണ്ട്.
കാലാവസ്ഥ കൂടി പരിഗണിച്ചാണ് മൂന്നാമത്തെ രാജ്യത്തെ നിശ്ചയിക്കുക. സെപ്റ്റംബര്‍ ആദ്യം യു.എ.ഇയില്‍ കൊടുംചൂടായിരിക്കും. 2021 ലെ ഐ.പി.എല്‍ യു.എ.ഇയില്‍ സെപ്റ്റംബര്‍ അവസാനം നടത്തിയിട്ടുണ്ട്. മസ്‌കത്തില്‍ താരതമ്യേന ചൂട് കുറവായിരിക്കും.
ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ അന്നത്തെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി ജയ് ഷാ പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. കഴിഞ്ഞയാഴ്ച ബഹ്‌റൈനില്‍ ചേര്‍ന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. ടൂര്‍ണമെന്റ് മാറ്റിയാല്‍ പിന്മാറുമെന്ന് പാക്കിസ്ഥാന്‍ ഭീഷണി മുഴക്കി. തുടര്‍ന്നാണ് രണ്ട് രാജ്യങ്ങളിലായി ടൂര്‍ണമെന്റ് നടത്താമെന്ന ധാരണ രൂപപ്പെട്ടത്.