ബ്യൂണസ്‌ഐറിസ് - ലോകകപ്പ് വിജയത്തിനു ശേഷമുള്ള ആദ്യ കളി ആഘോഷമാക്കി അര്‍ജന്റീന. ഖത്തറില്‍ കിരീടം നേടി മൂന്നു മാസത്തിനു ശേഷം ബ്യൂണസ്‌ഐറിസില്‍ നടന്ന പാനമയുമായുള്ള സൗഹൃദ മത്സരം നാടിന്റെ ജനകീയ ഉത്സവമായി. മെസ്സി തരംഗം അലയടിക്കുകയാണ് അര്‍ജന്റീനയില്‍. നിറഞ്ഞ ഗാലറിക്കു മുന്നില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് പാനമയെ അര്‍ജന്റീന തോല്‍പിച്ചു. എഴുപത്തെട്ടാം മിനിറ്റ് വരെ പിടിച്ചു നിന്ന ശേഷമാണ് പാനമ കീഴടങ്ങിയത്. മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിനു തട്ടിത്തെറിച്ചപ്പോള്‍ ഇരുപത്തൊന്നുകാരന്‍ തിയാഗൊ അല്‍മേദയാണ് ആദ്യം ഗോളടിച്ചത്. മെസ്സി ലീഡുയര്‍ത്തി. മെസ്സിയുടെ കരിയറിലെ എണ്ണൂറാം ഗോളാണ് ഇത്.
ടിക്കറ്റിന് അപേക്ഷിച്ച 15 ലക്ഷത്തോളം പേരില്‍ നിന്ന് ഭാഗ്യവാന്മാരായ എണ്‍പത്തിമൂന്നായിരം പേരാണ് കളി കണ്ടത്. അവിസ്മരണീയ അന്തരീക്ഷമാണ് അവര്‍ മോണുമെന്റല്‍ സ്‌റ്റേഡിയത്തില്‍ സൃഷ്ടിച്ചത്. മെസ്സിയും കോച്ച് ലിയണല്‍ സ്‌കാലോണിയും നിരവധി കളിക്കാരും ജീവിതപങ്കാളിമാരുമായും കുട്ടികളുമായാണ് ഗ്രൗണ്ടിലേക്ക് വന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് ഗാനം ഗാലറിയില്‍ അലയടിച്ചപ്പോള്‍ പലരും സന്തോഷാശ്രു ഒതുക്കാന്‍ പാടുപെട്ടു.
ലോകകപ്പ് ഫൈനല്‍ കളിച്ച അതേ ഇലവനാണ് അര്‍ജന്റീനക്കു വേണ്ടി ബൂട്ട് കെട്ടിയത്. അര്‍ജന്റീന പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മെസ്സിയുടെ ഫ്രീകിക്ക് ക്രോസ്ബാറിനിടിച്ചു മടങ്ങി. എന്‍സൊ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ഗോളി പറന്നു തടുത്തു. രണ്ടാം പകുതിയില്‍ ജയിക്കാനായി അര്‍ജന്റീന ശ്രമം തുടങ്ങി. മെസ്സിയുടെ രണ്ട് ഫ്രീകിക്കുകളും എയിംഗല്‍ ഡി മരിയയുടെ ഷോട്ടും ഗോളി തടുത്തു. ജയിച്ചില്ലെങ്കില്‍ ആഘോഷത്തിന്റെ പൊലിമ ഇല്ലാതാവുമെന്ന് വന്നതോടെ പിരിമുറുക്കം വര്‍ധിച്ചു. ഒടുവില്‍ മെസ്സി തന്നെ രക്ഷകനായി. മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിന് തട്ടിത്തെറിച്ചത് പകരക്കാരന്‍ അല്‍മേഡ വലയിലേക്ക് തിരിച്ചുവിട്ടു. അതോടെ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു.
കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ തന്റെ അഞ്ചാമത്തെ ഫ്രീകിക്കിലൂടെ മെസ്സി എണ്ണൂറാം ഗോള്‍ നേടി. കാണികള്‍ക്ക് അത് സ്വപ്‌നസാക്ഷാല്‍ക്കാരമായി. 28 ന് ദ്വീപ് രാജ്യമായ കുറകാവോയുമായും അര്‍ജന്റീന കളിക്കുന്നുണ്ട്.
മൂന്ന് ലോകകപ്പ് വിജയങ്ങള്‍ സൂചിപ്പിക്കുന്ന മൂന്നു നക്ഷത്രങ്ങളുള്ള പുതിയ ജഴ്‌സിയണിഞ്ഞാണ് അര്‍ജന്റീന കളിച്ചത്.
ബ്യൂണസ്‌ഐറിസിലെ 83000 പേര്‍ക്കിരിക്കാവുന്ന മോണുമെന്റല്‍ സ്‌റ്റേഡിയത്തിലാണ് പാനമക്കെതിരായ മത്സരം നടന്നത്. ലഭ്യമായ 63,000 ടിക്കറ്റിനായി 15 ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. ഇരുപതിനായിരത്തോളം ക്ഷണിതാക്കളുള്‍പ്പെടെ 83,000 പേര്‍ കളി വീക്ഷിച്ചു. രണ്ടു മണിക്കൂറിലാണ് 63,000 ടിക്കറ്റ് വിറ്റുപോയത്. 12,000 പെസൊ (5000 രൂപ) മുതല്‍ 49,999 പെസോയുടെത് വരെ (40 ലക്ഷം രൂപ) ടിക്കറ്റുകള്‍ വരെ ലഭ്യമായിരുന്നു. 1.3 ലക്ഷം മാധ്യമപ്രവര്‍ത്തകര്‍ കളി റിപ്പോര്‍ട്ട് ചെയ്യാന്‍ അര്‍ജന്റീന ഫെഡറേഷന്റെ അക്രഡിറ്റേഷന് അപേക്ഷ നല്‍കി. ആകെ 344 ജേണലിസ്റ്റുകള്‍ക്ക് ഇരിക്കാനേ സൗകര്യമുണ്ടായിരുന്നുള്ളൂ. സ്റ്റേഡിയത്തിലെത്താന്‍ സാധിക്കാത്തവര്‍ക്ക് സൗജന്യമായി ടി.വിയില്‍ കളി കാണാന്‍ അവസരമൊരുക്കി്.
ലോകകപ്പ് നേടിയ ശേഷമുള്ള ട്രോഫി പരേഡ് കാണാന്‍ 50 ലക്ഷത്തോളം പേര്‍ തെരുവിലിറങ്ങിയെന്നാണ് കണക്ക്. ജനസാഗരത്തിനിടയില്‍ പരേഡ് മുന്നോട്ടുപോവാനാവാത്ത അവസ്ഥ വന്നതോടെ കളിക്കാരെ ഹെലിക്കോപ്റ്ററില്‍ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ലോകകപ്പ് ഫൈനലില്‍ ഷൂട്ടൗട്ടിലുള്‍പ്പെടെ മൂന്നു ഗോളടിക്കുകയും അര്‍ജന്റീനക്ക് കിരീടം നേടിക്കൊടുക്കുകയും ചെയ്ത ശേഷം മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ലോക ചാമ്പ്യന്റെ ജഴ്‌സി കുറച്ചു കൂടി കാലം ധരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് മെസ്സി പറയുന്നത്.
800 ഗോളടിച്ച മെസ്സിക്കു മുന്നില്‍ 828 ഗോളുമായി ക്രിസ്റ്റിയാനൊ റൊണാള്‍ഡോയാണ് ഉള്ളത്. ഒരു ഗോള്‍ കൂടി അടിച്ചാല്‍ രാജ്യാന്തര മത്സരങ്ങളില്‍ ഗോള്‍ സെഞ്ചുറി പൂര്‍ത്തിയാക്കാം. ഇപ്പോള്‍ 98 ഗോളുണ്ട് മെസ്സിയുടെ പേരില്‍. 120 ഗോളുമായി റൊണാള്‍ഡോയാണ് ഈ പട്ടികയിലും മുന്നില്‍.
ഗോളടിവീരന്മാര്‍
ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ (പോര്‍ചുഗല്‍) 120
അലി ദാഇ (ഇറാന്‍) 109
ലിയണല്‍ മെസ്സി (അര്‍ജന്റീന) 99
മുഖ്താര്‍ ദഹരി (മലേഷ്യ) 89
ഫെറഞ്ച് പുഷ്‌കാസ് (ഹംഗറി) 84
സുനില്‍ ഛേത്രി (ഇന്ത്യ) 84