Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റെക്കോര്‍ഡുമായി കെയ്ന്‍, റോണോ; ഇറ്റലിയോട് കണക്കുതീര്‍ത്ത് ഇംഗ്ലണ്ട്

ലണ്ടന്‍ - യൂറോ 2024 യോഗ്യതാ റൗണ്ടിന് സംഭവബഹുലമായ തുടക്കം. ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച കളിക്കാരനായ മത്സരത്തില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഇരട്ട ഗോളടിച്ചു. പോര്‍ചുഗല്‍ 4-0 ന് ലെക്റ്റന്‍സ്‌റ്റെയ്‌നെ തകര്‍ത്തു. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ ഇംഗ്ലണ്ട് അവസാന കാല്‍ മണിക്കൂര്‍ പത്തു പേരായിച്ചുരുങ്ങിയിട്ടും ഇറ്റലിയെ 2-1 ന് തോല്‍പിച്ചു. ഹാരി കെയ്‌നിന്റെ ഗോളിലാണ് ഇംഗ്ലണ്ട് ജയിച്ചത്. വെയ്ന്‍ റൂണിയെ മറികടന്ന് കെയ്ന്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി. വെംബ്ലിയിലെ യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ തോറ്റ ഇംഗ്ലണ്ട് ഇറ്റലിയിലെ നേപ്പ്ള്‍സില്‍ ഡിയേഗൊ മറഡോണ സ്‌റ്റേഡിയത്തിലാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് മറുപടി കൊടുത്തത്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്ന ഇറ്റലി തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. 

പുതിയ കോച്ച്, പഴയ റോണോ
197ാം മത്സരത്തിലൂടെ ക്രിസ്റ്റിയാനൊ കുവൈത്തിന്റെ ബദര്‍ അല്‍മുതവ്വയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. പുതിയ കോച്ച് റോബര്‍ടൊ മാര്‍ടിനേസിന്റെ കീഴില്‍ പോര്‍ചുഗലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ലോകകപ്പിലെ അവസാന മത്സരങ്ങളില്‍ റൊണാള്‍ഡോയെ മുന്‍ കോച്ച് ഫെര്‍ണാണ്ടൊ സാന്റോസ് റിസര്‍വ് ബെഞ്ചിലിരുത്തിയിരുന്നു. മൊറോക്കോക്കെതിരായ തോല്‍വിയില്‍ പകരക്കാരനായി വന്നാണ് റൊണാള്‍ഡൊ 196 മത്സരങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. എട്ടാം മിനിറ്റില്‍ ജോ കാന്‍സേലോയും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെര്‍ണാഡൊ സില്‍വയും ഗോളടിച്ചു. പെനാല്‍ട്ടിയില്‍ നിന്നും പെനാല്‍ട്ടി ഏരിയയുടെ മൂലയില്‍ നിന്നുള്ള ഫ്രീകിക്കില്‍ നിന്നുമാണ് റൊണാള്‍ഡൊ സ്‌കോര്‍ ചെയ്തത്. രാജ്യാന്തര ഗോളുകളുടെ റെക്കോര്‍ഡ് 120 ആയി റൊണാള്‍ഡൊ ദീര്‍ഘിപ്പിച്ചു. സൗദി ലീഗില്‍ അന്നസ്‌റിന്റെ കഴിഞ്ഞ കളിയിലും റൊണാള്‍ഡൊ ഫ്രീകിക്കില്‍ നിന്ന് ഗോളടിച്ചിരുന്നു. 

ആ പിഴവിന് പ്രായശ്ചിത്തം
കെയ്ന്‍ 81ാം ഇന്റര്‍നാഷനല്‍ മത്സരത്തില്‍ 54ാം ഗോളാണ് സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടിനൊപ്പമോ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തിനൊപ്പമോ കെയ്‌നിന് ഇതുവരെ ഒരു പ്രധാന ട്രോഫി ഉയര്‍ത്താനായിട്ടില്ല. 
നേപ്പിള്‍സില്‍ ആദ്യ പകുതി ഇംഗ്ലണ്ടിന്റേതായിരുന്നു. ഡെക്ലാന്‍ റെയ്‌സിലൂടെ പതിമൂന്നാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തിരുന്നു. കോര്‍ണര്‍ അടിച്ചകറ്റുന്നതില്‍ ഇറ്റാലിയന്‍ പ്രതിരോധത്തിന് പിഴച്ചതായിരുന്നു ഗോളിന് കാരണം. 44ാം മിനിറ്റില്‍ ജിയോവാനി ലോസന്‍സൊ കൈ കൊണ്ട് പന്ത് തടുത്തതിന് ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു കെയ്‌നിന്റെ ചരിത്ര ഗോള്‍. ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ കെയ്‌നിന് പെനാല്‍ട്ടി പിഴച്ചതാണ് ഇംഗ്ലണ്ട് പുറത്താവാന്‍ കാരണമായത്. 
ഇടവേളക്കു ശേഷം ഇറ്റലി ആഞ്ഞടിച്ചു. അര്‍ജന്റീന ലീഗില്‍ കളിക്കുന്ന, യൂത്ത് തലങ്ങളില്‍ അര്‍ജന്റീനക്ക് കളിച്ച മാറ്റിയൊ റാറ്റെഗൂയി ഇറ്റലിക്കു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ അമ്പത്താറാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. രണ്ടു മിനിറ്റിനകം രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി ലൂക് ഷോ എണ്‍പതാം മിനിറ്റില്‍ പുറത്തായതോടെ ഇറ്റലിക്ക് അവസരമുയര്‍ന്നു. പക്ഷെ ഇംഗ്ലണ്ട് പിടിച്ചുനിന്നു. 1961 നു ശേഷം ആദ്യമായാണ് ഇറ്റലിയില്‍ ഇംഗ്ലണ്ട് ജയിക്കുന്നത്. 

ബോസ്‌നിയക്ക് ജയം
റാദെ ക്രൂനിച്ചിന്റെ ഇരട്ട ഗോളില്‍ ബോസ്‌നിയ ഹെര്‍സഗോവീന 3-0 ന് ഐസലന്റിനെ തകര്‍ത്തു. കഴിഞ്ഞ രണ്ട് യൂറോ കപ്പും കളിച്ച സ്ലൊവാക്യയെ ലെക്‌സംബര്‍ഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകളായ ഡെന്മാര്‍ക്ക് 3-1 ന് ഫിന്‍ലന്റിനെ തോല്‍പിച്ചു. ആദ്യമായി ഡാനിഷ് പ്ലേയിംഗ് ഇലവനിലെത്തിയ റാസ്മുസ് ഹോയ്‌ലന്റ് ഹാട്രിക് നേടി. ഡിയോണ്‍ ചാള്‍സിന്റെ ഇരട്ട ഗോളില്‍ വടക്കന്‍ അയര്‍ലന്റ് 2-0 ന് സാന്‍മരീനോയെ തോല്‍പിച്ചു. സ്ലൊവേനിയ 2-1 ന്് കസാഖിസ്ഥാനെ കീഴടക്കി. 

Latest News