കുവൈത്ത് സിറ്റി- അതിമനോഹരമായ രീതിയില്‍ ഇസ്‌ലാമിക വാസ്തുവിദ്യയും കുവൈത്തി കലാപൈതൃകങ്ങളും സ്‌പെയിനും ചേര്‍ത്തുവെച്ച മസ്ജിദുല്‍ കബീര്‍ മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും വിശ്വാസികളെ സ്വീകരിക്കുന്നു. കോവിഡിന്് ശേഷം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച മസ്ജിദുല്‍ കബീര്‍ അഥവാ ഗ്രാന്റ് മസ്ജിദില്‍ അറുപതിനായിരം വിശ്വാസികളെയാണ് ഒരേസമയം ഉള്‍ക്കൊള്ളാനാവുക. നാല്‍പ്പത്തി അയ്യായിരം ചതുരശ്ര മീറ്ററിലാണ് പള്ളിയും പരിസരങ്ങളും സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന് മാത്രം 20,000 ചതുരശ്ര മീറ്ററാണ് വിസ്തൃതി.
പ്രവാചക ചരിത്രത്തിന്റെ പ്രദര്‍ശനങ്ങളും വിശുദ്ധ ഖുര്‍ആന്‍ മനഃപാഠവുമായി ബന്ധപ്പെട്ട പരിപാടികളും വിവിധ മത്സരങ്ങളുമായി റമദാനില്‍ തിരക്കിന്റെ നാളുകളിലേക്കാണ് മസ്ജിദുല്‍ കബീര്‍ ഒരുങ്ങിയിറങ്ങുന്നത്.
1986ല്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ കാലത്താണ് മസ്ജിദുല്‍ കബീര്‍ ആരാധനയ്ക്കായി തുറന്നത്. 1979ല്‍ പണിയാരംഭിച്ച് 1986ലെ ഈദുല്‍ ഫിത്വറിന് വിശ്വാസികള്‍ സന്തോഷത്തോടെ പള്ളിയിലേക്ക് പ്രവേശിച്ചു.
കുവൈത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തിനു മേല്‍ മിനാരം തീര്‍ത്തു നില്‍ക്കുന്ന മസ്ജിദുല്‍ കബീര്‍ അന്താരാഷ്ട്ര പ്രശസ്തരായ 50 എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ 450ഓളം തൊഴിലാളികള്‍ രാപ്പകല്‍ അധ്വാനിച്ചാണ് പണി പൂര്‍തതിയാക്കിയത്. സ്‌പെയിനിലെ പഴയകാല മുസ്‌ലിം പള്ളികളുടെ മാതൃകയില്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണിത്. മൊറൊക്കോയുടെ ആന്തലൂസിയന്‍ നിര്‍മാണ മാതൃകയാണ് മസ്ജിദുല്‍ കബീറിന്റേത്. പള്ളിക്കകത്ത് ഇസ്‌ലാമിക സ്‌പെയിനിന്റെ പ്രതാപകാലം പോലെ കൊത്തുപണികളുടെ കാഴ്ചാ വൈവിധ്യങ്ങളുണ്ട്.
പള്ളിയിലെ പ്രധാന പ്രാര്‍ഥനാ ഹാളിന് 72 മീറ്ററാണ് വീതിയുള്ളത്. മാത്രമല്ല തേക്ക് മരത്തില്‍ തീര്‍ത്ത വാതിലുകള്‍ മസ്ജിദുല്‍ കബീറിന്റെ പ്രത്യേകതയാണ്. 144 ജനലുകളുമുണ്ട് പള്ളിയ്ക്ക്.
26 മീറ്റര്‍ വ്യാസവും 43 മീറ്റര്‍ ഉയരവുമുള്ള താഴികക്കുടമാണ് പള്ളിക്ക് പണിതിരിക്കുന്നത്. ദൈവത്തിന്റെ 99 നാമങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട് താഴികക്കുടം.
പള്ളിയുടെ പ്രധാന ഹാളില്‍ പതിനായിരം പുരുഷന്മാര്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെ പ്രാര്‍ഥനാ ഹാളില്‍ 950 പേര്‍ക്ക് ആരാധന നിര്‍വഹിക്കാനാവും.
350 ചതുരശ്ര മീറ്ററില്‍ ഇസ്‌ലാമിക റഫറന്‍സ് പുസ്തകങ്ങളും രേഖകളും അടങ്ങുന്ന ലൈബ്രറി പള്ളിയുടെ പ്രധാന സവിശേഷതയാണ്. അഞ്ച് ലെവലുകളിലായി 550 കാറുകള്‍ക്ക് വരെ ഇവിടെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൗതുകകരമായ കാര്യം മൂന്നു ഹാളുകള്‍ ചേര്‍ന്നതാണ് മസ്ജിദുല്‍ കബീറിന്റെ അകമെന്നതാണ്. അതില്‍ തന്നെ പ്രധാന ഹാള്‍ ജുമുഅ, പെരുന്നാള്‍, റമദാനിലെ രാത്രി നമസ്‌ക്കാരങ്ങള്‍ എന്നിവയ്ക്കു വേണ്ടി മാത്രമാണ് തുറക്കുക. സ്ഥിരമായി നമസ്‌ക്കാരം നടക്കുന്നതാണ് രണ്ടാമത്തെ ഹാള്‍. സ്ത്രീകള്‍ക്ക് നമസ്‌ക്കരിക്കാനുള്ളതാണ് മൂന്നാമത്തെ ഹാള്‍.