Sorry, you need to enable JavaScript to visit this website.

ലോക ചാമ്പ്യന്‍ അര്‍ജന്റീന ആദ്യ കളിക്ക് ഇറങ്ങുന്നു

ബ്യൂണസ്‌ഐറിസ് - ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ആവേശകരമായ ഷൂട്ടൗട്ടില്‍ തോല്‍പിച്ച ശേഷം ആദ്യമായി അര്‍ജന്റീന ടീം സൗദി സമയം വെള്ളിയാഴ്ച പുലര്‍ച്ചെ (ബ്യൂണസ്‌ഐറിസില്‍ വ്യാഴാഴ്ച രാത്രി) കളത്തിലിറങ്ങുന്നു. പാനമക്കെതിരായ സൗഹൃദ മത്സരത്തോടെയാണ് ലോകകപ്പ് വിജയം മൂന്നു മാസത്തിനു ശേഷം ലിയണല്‍ മെസ്സിയും കൂട്ടരും ആഘോഷിക്കുന്നത്. മൂന്ന് ലോകകപ്പ് വിജയങ്ങള്‍ സൂചിപ്പിക്കുന്ന മൂന്നു നക്ഷത്രങ്ങളുള്ള പുതിയ ജഴ്‌സിയണിഞ്ഞാണ് അര്‍ജന്റീന കളിക്കുക. ചാമ്പ്യന്മാര്‍ ആദ്യ മത്സരം കളിക്കാനിരിക്കെ അര്‍ജന്റീനയില്‍ മെസ്സി തരംഗം അലയടിക്കുകയാണ്. 
ബ്യൂണസ്‌ഐറിസിലെ 63000 പേര്‍ക്കിരിക്കാവുന്ന മോണുമെന്റല്‍ സ്‌റ്റേഡിയത്തിലാണ് പാനമക്കെതിരായ മത്സരം. 15 ലക്ഷത്തോളം പേരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. ഇരുപതിനായിരത്തോളം ക്ഷണിതാക്കളുള്‍പ്പെടെ 83,000 പേര്‍ കളി കാണാനുണ്ടാവും. രണ്ടു മണിക്കൂറിലാണ് 63,000 ടിക്കറ്റ് വിറ്റുപോയത്. 12,000 പെസൊ (5000 രൂപ) മുതല്‍ 49,999 പെസോയുടെത് വരെ (40 ലക്ഷം രൂപ) ടിക്കറ്റുകള്‍ വരെ ലഭ്യമായിരുന്നു. 1.3 ലക്ഷം മാധ്യമപ്രവര്‍ത്തകര്‍ കളി റിപ്പോര്‍ട്ട് ചെയ്യാന്‍ അര്‍ജന്റീന ഫെഡറേഷന്റെ അക്രഡിറ്റേഷന് അപേക്ഷ നല്‍കി. ആകെ 344 ജേണലിസ്റ്റുകള്‍ക്ക് ഇരിക്കാനേ സൗകര്യമുള്ളൂ. സ്റ്റേഡിയത്തിലെത്താന്‍ സാധിക്കാത്തവര്‍ക്ക് സൗജന്യമായി ടി.വിയില്‍ കളി കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.  
ലോകകപ്പ് നേടിയ ശേഷമുള്ള ട്രോഫി പരേഡ് കാണാന്‍ 50 ലക്ഷത്തോളം തെരുവിലിറങ്ങിയെന്നാണ് കണക്ക്. ജനസാഗരത്തിനിടയില്‍ പരേഡ് മുന്നോട്ടുപോവാനാവാത്ത അവസ്ഥ വന്നതോടെ കളിക്കാരെ ഹെലിക്കോപ്റ്ററില്‍ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. 
എതിരാളികളോ ടൂര്‍ണമെന്റോ ഏതായാലും ഒരേ തീവ്രതയോടെ അര്‍ജന്റീന കളിക്കുമെന്ന് കോച്ച് ലിയണല്‍ സ്‌കാലോണി വാഗ്ദാനം നല്‍കി. ഇനി അത് കടുപ്പമായിരിക്കും. ഒരു തോല്‍വി പോലും ആരാധകര്‍ അംഗീകരിക്കില്ല -കോച്ച് പറഞ്ഞു. 28 ന് ദ്വീപ് രാജ്യമായ കുറകാവോയുമായും അര്‍ജന്റീന കളിക്കുന്നുണ്ട്. 
ലോകകപ്പ് ഫൈനലില്‍ ഷൂട്ടൗട്ടിലുള്‍പ്പെടെ മൂന്നു ഗോളടിക്കുകയും അര്‍ജന്റീനക്ക് കിരീടം നേടിക്കൊടുക്കുകയും ചെയ്ത ശേഷം മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ലോക ചാമ്പ്യന്റെ ജഴ്‌സി കുറച്ചു കൂടി കാലം ധരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് മെസ്സി പറയുന്നത്. 

Latest News