Sorry, you need to enable JavaScript to visit this website.

ഇത് വേറെ ഐ.പി.എല്‍, ഇതാണ് വന്‍ മാറ്റങ്ങള്‍ 

മുംബൈ - അടുത്ത വെള്ളിയാഴ്ച ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് നിരവധി ടീമുകള്‍. കഴിഞ്ഞ സെയ്ദ് മുഷ്താഖലി ട്വന്റി20 ടൂര്‍ണമെന്റില്‍ പരീക്ഷിച്ച ഇംപാക്ട് പ്ലയര്‍ എന്ന ആശയമാണ് ഏറ്റവും പ്രധാനം. മറ്റൊന്ന് ടോസിനു ശേഷമുള്ള ടീം പ്രഖ്യാപനമാണ്. ടോസിനായി ക്യാപ്റ്റന്മാര്‍ വരുമ്പോള്‍ രണ്ട് ടീം ഷീറ്റ് കൈയില്‍ കരുതാം, ആദ്യം ബാറ്റിംഗാണെങ്കില്‍ ഒരു ടീമിനെയും ആദ്യം ബൗളിംഗാണെങ്കില്‍ മറ്റൊരു ടീമിനെയും പ്രഖ്യാപിക്കാം. 
ടോസ് ചെയ്യുന്നതിന് മുമ്പ് ക്യാപ്റ്റന്മാര്‍ പ്ലേയിംഗ് ഇലവന്റെ ലിസ്റ്റ് കൈമാറുന്നതാണ് ഇപ്പോഴത്തെ രീതി. ടോസ് ആര്‍ക്കു കിട്ടിയാലും ടീമില്‍ മാറ്റം വരുത്താനാവില്ല. ഈ പരമ്പരാഗത രീതിയാണ് മാറ്റുന്നത്. ആദ്യ ഇന്നിംഗ്‌സില്‍  പെയ്‌സ്ബൗളിംഗിനനുകൂലമാവുമെന്നു കരുതുന്ന പിച്ചില്‍ ടോസ് നേടുന്ന ക്യാപ്റ്റന് ടീമില്‍ കൂടുതല്‍ പെയ്‌സര്‍മാരെ ഉള്‍പെടുത്താം. ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ടൂര്‍ണമെന്റായ എസ്.എ20യില്‍ ഈ രീതി പരീക്ഷിച്ചിരുന്നു. അവര്‍ മറ്റൊരു രീതിയിലാണ് നടപ്പാക്കിയത്. 13 കളിക്കാരുടെ പേരടങ്ങിയ ലിസ്റ്റുമായി ക്യാപ്റ്റന്മാര്‍ വരികയും ആദ്യം ബാറ്റിംഗാണോ ബൗളിംഗാണോ എന്നറിഞ്ഞ ശേഷം അന്തിമ ഇലവനെ പ്രഖ്യാപിക്കുകയുമായിരുന്നു. 
ടോസ് നേടുന്ന ടീമിന് ലഭിക്കുന്ന മുന്‍തൂക്കം നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കാരം നടപ്പാക്കിയതെന്ന് എസ്.എ20 ടൂര്‍ണമെന്റ് ഡയരക്ടര്‍ ഗ്രേം സ്മിത്ത് വിശദീകരിച്ചു. എസ്.എ20യില്‍ ഇത് പ്രകടമായി. ടോസ് നേടിയ ടീമിന്റെയും ടോസ് നഷ്ടപ്പെട്ട ടീമിന്റെയും വിജയങ്ങള്‍ ഏതാണ്ട് തുല്യമായിരുന്നു (15:16). ഇന്ത്യയില്‍ രാത്രിയിലെ മഞ്ഞുവീഴ്ച ടീമിന്റെ വിജയപരാജയങ്ങളെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീം മഞ്ഞില്‍ പന്ത് പിടിക്കാനും എറിയാനും പ്രയാസപ്പെടും. 2019 ല്‍ അവസാനമായി ഹോം ആന്റ് എവേ രീതിയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ 60 മത്സരങ്ങളില്‍ മുപ്പത്തിനാലെണ്ണം ടോസ് നേടിയ ടീമാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട ടീം ജയിച്ചത് 23 കളി മാത്രം. 
ഇംപാക്ട് പ്ലയറെ ഏത് സമയത്തും ഉപയോഗിക്കാം. ഉദാഹരണത്തിന്, വേഗം കുറഞ്ഞ പിച്ചില്‍ ടീമിന് ടോസ് നഷ്ടപ്പെടുകയും ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നുവെന്നും കരുതുക. അവര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ ഒരു സ്പിന്നറെ അധികം ഉള്‍പെടുത്താം. ബാറ്റിംഗിന്റെ സമയമാവുമ്പോള്‍ ഈ സ്പിന്നറെ മാറ്റി ഒരു ബാറ്ററെ അധികം ഉള്‍പെടുത്താം. 

Latest News