Sorry, you need to enable JavaScript to visit this website.

റമദാൻ പാഠങ്ങൾ: ധനപൂജക്കെതിരായ പ്രതിരോധമാണ് സക്കാത്ത്

മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങള്‍ പരസ്പരബന്ധിതവും പരസ്പര പൂരകവുമാണ്. തൃതീയ സ്തംഭമായ സകാത്ത് മിച്ചധനത്തിന്റെ തുച്ഛ വിഹിതം വ്യവസ്ഥാപിതമായും സംഘടിതമായും എട്ട് വിഭാഗം ജനങ്ങള്‍ക്ക് ഫലപ്രമായി നല്‍കലാണ്. ഈ നിര്‍ബന്ധ ദാനം ഖുര്‍ആനില്‍ പ്രാധാന്യപൂര്‍വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണര്‍ത്തിയ കാര്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ നമസ്‌കാരമെന്ന സുപ്രധാന അനുഷ്ഠാനത്തോട് ചേര്‍ത്തുകൊണ്ടാണ് സകാത്തിന്റെ കാര്യം ഊന്നിപ്പറഞ്ഞത്. പ്രത്യക്ഷത്തില്‍ നമസ്‌കാരം സ്രഷ്ടാവായ അല്ലാഹുവിനോടുള്ള ബാധ്യതയാണെങ്കില്‍ സകാത്ത് സമസൃഷ്ടികളോടുള്ള ബാധ്യതയാണ്. രണ്ടും ഒപ്പത്തിനൊപ്പം തുല്യ പ്രാധാന്യത്തോടെ നിര്‍വഹിക്കേണ്ടതാണ്. ഭാഷാപരമായി സംസ്‌കരണം, വിശുദ്ധി എന്നീ അര്‍ഥങ്ങളാണ് സക്കാത്തിനുള്ളത്.
ഇസ്ലാമിക സാമ്പത്തിക ദര്‍ശനവും പരിപാടികളുമെല്ലാം ഇസ്ലാമിന്റെ പ്രപഞ്ച വീക്ഷണത്തിലധിഷ്ഠിതമാണ്. സകല പ്രപഞ്ചങ്ങളുടെയും അതിലെ അഖില വസ്തുക്കളുടെയും സ്രഷ്ടാവും നിയന്താവും പരിപാലകനും അല്ലാഹുവാണ്. ആകയാല്‍ വിഭവങ്ങളിന്മേലുള്ള പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരവും പരമാധികാരവും അവന് മാത്രമാണ്. അഖില പ്രപഞ്ചവും അതിലെ മുഴുവന്‍ ചരാചരങ്ങളും അല്ലാഹുവിന്റെ അലംഘനീയ വ്യവസ്ഥകള്‍ക്ക് വിധേയവുമാണ്.
മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്(ഖലീഫ). അടിമ (അബ്ദ്) ഉടമയെ (റബ്ബ്,ഇലാഹ് ) പ്രതിനിധീകരിക്കുമ്പോള്‍ ഈ വസ്തുത മറന്നു കൂടാത്തതാണ്. ഇതേപോലെ സമ്പത്തുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തിയ പ്രയോഗങ്ങള്‍ ഉപര്യുക്ത പൊരുള്‍ തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്. ഉദാഹരണം. അല്ലാഹുവിന്റെ ഭൂമി(4:97,39:10,), അല്ലാഹുവിന്റെ സമ്പത്ത്  ( 24:33, ) അല്ലാഹുവിന്റെ ഔദാര്യം ( 62:10,73:20, ), അല്ലാഹുവിന്റെ വിഭവം (67:15,2:60), അല്ലാഹുവിന്റെ വിഭവങ്ങളിന്മേല്‍ അല്ലാഹു മനുഷ്യരെ പ്രതിനിധികളാക്കിയിരിക്കുകയാണെന്ന് ഖുര്‍ആന്‍ (57:7) വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ ജീവധനാദികളില്‍ കഷ്ടനഷ്ടങ്ങള്‍ വരുമ്പോള്‍ സത്യവിശ്വാസി പറയുന്ന, പറയേണ്ട വാക്യം 'നമ്മളെല്ലാം അല്ലാഹുവിന്റെതാണ്; തീര്‍ച്ചയായും അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്' (ഇന്നാലില്ലാഹി..2:156) എന്നാണ്. ന്യായമായും മാന്യമായും എന്തെങ്കിലും ആസ്വദിക്കുകയോ അനുഭവിക്കുകയോ ചെയ്താല്‍ ഉടയോനായ അല്ലാഹുവിനെ ഉള്ളഴിഞ്ഞ് സ്തുതിച്ചു കൊണ്ട് അല്‍ഹംദുല്ലില്ലാഹ്' എന്നു പറയുന്നതിലും താനനുഭവിച്ചതും അനുഭവിക്കുന്നതുായ വിഭവങ്ങള്‍ തന്റേതല്ല, മറിച്ച് അല്ലാഹുവിന്റേതാണെന്ന ബോധവും ബോധ്യവുമാണുള്ളത്.
ഭക്ഷിക്കുന്നതുള്‍പ്പെടെ പല ഘട്ടങ്ങളിലും 'ബിസ്മില്ലാഹി...' എന്നുച്ചരിക്കുന്നതിലും എല്ലാത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്ന പ്രമേയമാണ് അന്തര്‍ലീനമായിട്ടുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News