മകന്റെ കല്ലറയില്‍ ക്യു.ആര്‍ കോഡ് സ്ഥാപിച്ച് പ്രവാസി മാതാപിതാക്കള്‍

തൃശൂര്‍- കേരളത്തില്‍ പ്രവാസി ദമ്പതികളുടെ മകന്റെ കല്ലറയില്‍ സ്ഥാപിച്ച ക്യൂ.ആര്‍ കോഡ് വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങള്‍. ഇരുപത്തിയാറാം വയസ്സില്‍ വിടപറഞ്ഞ  ഒരു ഡോക്ടര്‍ ജീവിതകാലത്ത് നടത്തിയ സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തെ  ഓര്‍മ്മിക്കാന്‍  സഹായിക്കുന്നതാണ് തൃശൂരില്‍ ചര്‍ച്ചിലെ ശവകുടീരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്യുആര്‍ കോഡ്.
കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയിലെ ഡോ ഐവിന്‍ ഫ്രാന്‍സിസിന്റെ ശവകുടീരത്തിലാണ് മാതാപിതാക്കള്‍ ക്യുആര്‍ കോഡ് സ്ഥാപിച്ചത്. ഡോ ഐവിന്‍ ഫ്രാന്‍സിസിന്റെ പ്രതിഭ മനസ്സിലാക്കാനുതകുന്ന വീഡിയോകള്‍ കോഡ് സ്‌കാന്‍ ചെയ്ത് ആളുകള്‍ക്ക് കാണാമെന്നതാണ് മാതാപിതാക്കളുടെ തീരുമാനത്തിനു കാരണം.
കുരിയച്ചിറയിലെ കുടുംബം ഐവിന്റെ എല്ലാ കൃതികളും ഉള്‍പ്പെടുത്തി  വെബ് പേജ് രൂപകല്‍പന ചെയ്ത ശേഷം ക്യുആര്‍ കോഡ് ലിങ്ക് ചെയ്തിരിക്കയാണ്.
ഒമാനിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ഫ്രാന്‍സിസിന്റെയും ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീനയുടെയും മകനായ ഐവിന്‍ സംഗീതത്തിലും കായികരംഗത്തും നല്ല പ്രാവീണ്യം നേടിയിരുന്നു.  മെഡിക്കല്‍ കോഴ്‌സിനൊപ്പം തന്റെ കഴിവുകള്‍ വികസിപ്പിക്കാനും സമയം കണ്ടെത്തി.  
2021ല്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഐവിന്റെ മരണം.
'അവന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു, അങ്ങനെയാണ് അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ഒരു ക്യുആര്‍ കോഡ് സ്ഥാപിക്കാന്‍ ഞങ്ങള്‍ ചിന്തിച്ചതെന്ന്  ഫ്രാന്‍സിസ് പറഞ്ഞു.
ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ആളുകളുടെ പ്രൊഫൈലുകള്‍ ഐവിന്‍ സൃഷ്ടിച്ചിരുന്നു. മാതാപിതാക്കളും അത് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.  
ക്യുആര്‍ കോഡ് സ്ഥാപിക്കാനുള്ള ആശയം ഐവിന്റെ സഹോദരി എവ്‌ലിന്‍ ഫ്രാന്‍സിസിന്റേതാണെന്ന് ഫ്രാന്‍സിസ് പറഞ്ഞു. ശവകുടീരത്തില്‍ ഐവിനെക്കുറിച്ച് എന്തെങ്കിലും എഴുതിയാല്‍ മാത്രം മതിയാകില്ല, അവന്‍ ചെയ്തതെല്ലാം ചിത്രീകരിക്കണമെന്നുമാണ് അവള്‍ പറഞ്ഞത്.   കോഡ് സ്‌കാന്‍ ചെയ്യുന്ന ആളുകള്‍ക്ക് അവന്‍ എന്തായിരുന്നുവെന്ന് കൃത്യമായി അറിയാം.  10 ദിവസം കൊണ്ട് സൈറ്റും ക്യുആര്‍ കോഡും സഹോദരി സൃഷ്ടിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News