Sorry, you need to enable JavaScript to visit this website.

ആദ്യ മലയാള ഓഡിയോ ചലച്ചിത്രം 'ബ്ലൈന്‍ഡ് ഫോള്‍ഡ്'

കൊച്ചി- അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ  കഥപറയുന്ന ചിത്രം 'ബ്ലൈന്‍ഡ് ഫോള്‍ഡ്' ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു.   ക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ്  കാരമെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഇന്റലക്ച്വല്‍ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരല്‍  ബ്രാന്‍ഡായ ക്ലുമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പരമ്പരാഗതമായ ചലച്ചിത്ര നിര്‍മ്മാണ രീതികളില്‍ നിന്ന്  വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക്  എത്തുന്നത്. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട്  സംഭവിക്കുന്ന ഉദ്യോഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദംകൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചലച്ചിത്രം പ്രേക്ഷകര്‍ക്ക്  നവീനമായ അനുഭവമാണ് സമ്മാനിക്കുക.

ഭൂരിഭാഗം സിനിമകളും ദൃശ്യഭംഗിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സിനിമയുടെ ആഖ്യാനരീതിയും ശബ്ദമിശ്രണവും സിനിമ ആസ്വാദ്യകരമാവാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് 'ബ്ലൈന്‍ഡ് ഫോള്‍ഡ്' ഓര്‍മ്മിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ അന്ധനായ ലോട്ടറി വില്പനക്കാരന്‍ രാജന്റെ വീക്ഷണത്തില്‍ നിന്നാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു കൊലപാതകം നടക്കുന്നത് കേള്‍ക്കുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന അസാധാരണ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.

അതിനൂതനമായ ശബ്ദസാങ്കേതികവിദ്യകളുടെ സഹായം  പ്രേക്ഷകര്‍ക്ക് നവീനമായ ശ്രവ്യാനുഭവം പ്രദാനം ചെയ്യും. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പരിചയസമ്പന്നരായ  സൗണ്ട് ഡിസൈനര്‍മാരും മികച്ച അനുഭവമായി സിനിമയെ  മാറ്റിയെടുക്കുവാന്‍ സഹായിച്ചിട്ടുണ്ട്. ഫ്രീക്വന്‍സി സൂചികങ്ങള്‍ക്കൊപ്പം ശബ്ദത്തിന്റെ ദിശയും ഉത്ഭവവും നിര്‍ണ്ണയിക്കപ്പെടുന്ന തരത്തില്‍ സൗണ്ട്‌സ്‌കേപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ബൈനറല്‍ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് മികച്ച സറൗണ്ട് സൗണ്ട് അനുഭവം നല്‍കുകയും അവര്‍ക്ക് ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന ചിത്രം ഡോള്‍ബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്.

സിനിമയുടെ സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത്  അജില്‍ കുര്യന്‍, കൃഷ്ണന്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ്.  പശ്ചാത്തല സംഗീതം സ്റ്റീവ് ബെഞ്ചമിനും തിരക്കഥ  രചിച്ചിരിക്കുന്നത് സൂര്യ ഗായത്രിയുമാണ്.

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ശക്തമായ സാക്ഷ്യപത്രമാണ് 'ബ്ലൈന്‍ഡ്‌ഫോള്‍ഡ്'. ഈ പരീക്ഷണാത്മക ചുവടുവെപ്പ് മലയാളസിനിമയ്ക്ക് മാത്രമല്ല  ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനകരമാണ്.

Latest News