സന്ദര്‍ശകരുടെ കുത്തൊഴുക്ക്; സൗദികള്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക നിര്‍ദേശം

റിയാദ്- സൗദി അറേബ്യയില്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കെ, അവര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പൗരന്മാരേയും വിദേശികളേയും ഉണര്‍ത്തി ആഭ്യന്തര മന്ത്രാലയം. ഉംറ തീര്‍ഥാടകരടക്കമുള്ള സന്ദര്‍ശകര്‍ക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്താന്‍ സുരക്ഷാ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്നാലെയാണ് ജനങ്ങളുടെ കൂടി സഹകരണം തേടുന്നത്.
സന്ദര്‍ശകര്‍ക്കുള്ള എല്ലാ തരം വിസകളും ഉദാരമാക്കിയതോടെ സൗദിയില്‍ എത്തുന്ന ടൂറിസ്റ്റുകളില്‍ വന്‍കുതിച്ചു ചാട്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സൗദയിലെ അവിശ്വസനീയ ടൂറിസ്റ്റ് സാധ്യതകളെ കുറിച്ച് എല്ലാ വിദേശ രാജ്യങ്ങളിലും സൗദി ടൂറിസം നടത്തിവരുന്ന റോഡ് ഷോകളും പ്രചാരണ പരിപാടികളും വന്‍ വിജയത്തിലാണ്. മിക്ക രാജ്യങ്ങളില്‍നിന്നും ടൂറിസ്റ്റുകളെ എത്തിക്കാന്‍ അവിടങ്ങളിലുള്ള ടൂറിസം, ട്രാവല്‍ കമ്പനികള്‍ രംഗത്തുവരുന്നു.
ഇന്ത്യയില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായി സമീപ ഭാവിയില്‍തന്നെ സൗദി മാറുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ടൂറിസം കമ്പനികളുമായി സൗദി ടൂറിസം അധികൃതര്‍ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.
സന്ദര്‍ശകരോടുള്ള നല്ല പെരുമാറ്റം നിങ്ങളുടെ സംസ്‌കാരത്തെയാണ് പ്രതിഫലിപ്പിക്കുകയെന്ന് ഉണര്‍ത്തി സൗദി ആഭ്യന്തര മന്ത്രാലയം സ്വദേശികള്‍ക്കും വിദേശികള്‍ക്കും എസ്.എം.എസ് അയക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മക്കയിലും റിയാദിലും കിഴക്കന്‍ പ്രവിശ്യകളില്‍ 911 ലേക്കും മറ്റു പ്രവിശ്യകളില്‍ 999 ലേക്കും വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
സൗദി സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ ഇവിടത്തെ ജനങ്ങളുടെ പെരുമാറ്റം പ്രത്യേകം എടുത്തു പറയാറുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കു പുറമെ, സൗദികളുടെ ആതിഥ്യ മര്യാദയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News