സന്മനസ്സ് ചൂഷണം ചെയ്യുന്ന പ്രവാസികൾ; സൗദിയിലെ ദുരനുഭവങ്ങള്‍


ജിദ്ദ- കടം വാങ്ങിയാല്‍ തിരികെ നല്‍കാതെ കബളിപ്പിക്കുന്ന ചിലര്‍ നമ്മുടെ കൂട്ടത്തിലുണ്ടെന്നും സൂക്ഷിക്കണമെന്നും പ്രവാസികളെ ഉപദേശിച്ചാണ് ദീര്‍ഘകാലം സൗദി അറേബ്യയില്‍ സാമൂഹിക സേവന മേഖലകളില്‍ സജിവമായിരുന്ന പരപ്പനങ്ങാടി സ്വദേശിയും ഒ.ഐ.സി.സി നേതാവുമായിരുന്ന അബ്ദുല്‍ മജീദ് നഹ നാട്ടിലേക്ക് മടങ്ങിയത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അദ്ദേഹം ഇക്കാര്യം ഉണര്‍ത്തി ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്നും കൊടുത്താല്‍ തിരികെ കിട്ടില്ലെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ മാന്യന്മാരായി നടക്കുന്ന ചിലര്‍ക്കെങ്കിലും അതു കൊണ്ടിരുന്നു. ഉടനെ തരാമെന്ന് പറഞ്ഞ് വര്‍ഷങ്ങളോളം നഹയെ കബളിപ്പിച്ചവരില്‍ ചിലരെങ്കിലും അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് തന്നെ പറഞ്ഞുതീര്‍ക്കാന്‍ മുന്നോട്ടുവന്നുവെന്നതായിരുന്നു ആ എഫ്.ബി പോസ്റ്റിന്റെ ഫലം.
നഹയുടെ സങ്കടവും ഉപദേശവും മലയാളം ന്യൂസും വായനക്കാരിലെത്തിച്ചിരുന്നു. തല്‍ക്കാലം ഇത്രമാത്രമെന്നും വിശദമായി പിന്നീട് എഴുതുമെന്നുമുള്ള നഹയുടെ മുന്നറിയിപ്പായിരിക്കാം വലിയ തുക നല്‍കാനുള്ള ചിലരെയെങ്കിലും ഭയപ്പെടുത്തിയതും ഒത്തുതീര്‍പ്പിലെത്തിച്ചതും. മാന്യന്മാരെ കുറിച്ച് എഴുതുമെന്നു തന്നെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നത്.
സഹജീവികള്‍ക്ക് വായ്പ് നല്‍കി കുടുങ്ങുന്നവര്‍ ഒരു അബ്ദുല്‍ മജീദ് നഹയില്‍ ഒതുങ്ങുന്നില്ലെന്നാണ് ജിദ്ദയിലെ സുഹൃത്തിന്റെ അനുഭവം  മുന്നില്‍വെച്ച് സന്നദ്ധ മേഖലയില്‍ സജീവ സാന്നിധ്യമായ പ്രവാസി വെല്‍ഫെയര്‍ നേതാവ് അബ്ദുസുബ്ഹാന്‍ പറളി പറയുന്നത്. പ്രയാസങ്ങള്‍ അവതരിപ്പിച്ച് പലരും പലപ്പോഴായി വാങ്ങിയ ഒരു ലക്ഷത്തിലേറെ റിയാല്‍ തിരികെ ലഭിക്കാനുണ്ടെന്നാണ് സുഹൃത്ത് പറഞ്ഞതെന്ന് ഇത് നാണക്കേടല്ലേ എന്നു ചോദിച്ചു കൊണ്ട് അബ്ദുസുബ്ഹാന്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ ചോദിക്കുന്നത്. തിരികെ ചോദിച്ച് ശല്യം ചെയ്യാത്തവരെ ചിലര്‍ ശരിക്കും ചൂഷണം ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
വായ്പ വാങ്ങി തിരികെ നല്‍കാനുളളവരെയെല്ലാം ഗൗരവത്തോടെ സമീപിച്ച് പണം ഈടാക്കാന്‍ സുഹൃത്തിനെ സഹായിച്ചുവരികയാണെന്ന് അബ്ദുസുബ്ഹാന്‍ പറയുന്നു. ആദ്യം എല്ലാവര്‍ക്കും ഇത്തിരി ഗൗരവത്തോടെയുള്ള സന്ദേശം അയക്കുകയാണ് ചെയ്തതെന്ന് അബ്ദുസുബ്ഹാന്‍ മലയാളം ന്യൂസിനോട് പറഞ്ഞു. ഇതിന് ഫലമുണ്ടെന്നും ചിലര്‍ സുഹൃത്തിനെ വിളിച്ച് റിയാല്‍ തിരികെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ അതീതമായി സൗഹൃദ, സാഹോദര്യ ബന്ധം പുലര്‍ത്തുന്നവരാണ് പ്രവാസികള്‍. പരസ്പരം താങ്ങായി ജീവിക്കുന്നവരാണ് പലരും. ജീവിത ശൈലിയുടെ മാറ്റം കാരണം ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് ആളുകള്‍ മാറിയിട്ടുണ്ടെങ്കിലും ദാനം നല്‍കുന്നതിനേക്കള്‍ പ്രാധാന്യമുണ്ടെന്ന് കരുതി വായ്പ നല്‍കി സഹായിക്കുന്നവര്‍ ധാരാളമാണ്. ദാനം നമുക്ക് ഇഷ്ടമുള്ളവര്‍ക്ക് അങ്ങോട്ടു നല്‍കുന്നതാണെന്നും എന്നാല്‍ വായ്പ യഥാര്‍ഥത്തില്‍ ആവശ്യക്കാരനാണ് നല്‍കുന്നതെന്നും അബ്ദുസുബ്ഹാന്‍ പറയുന്നു. അതേസമയം, സമൂഹത്തില്‍ മാന്യന്മാരുടെ വേഷമണിയുന്ന പലരും പ്രവാസികളുടെ ഈ സന്മനസ്സ് ചൂഷണം ചെയ്യുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നാട്ടിലേക്കയക്കാനാണ് റിയാല്‍ വായപ് വാങ്ങിയതെന്നു പോലും അവര്‍ വിസ്മരിക്കുന്നു. ഇങ്ങനെ വിളിച്ചുകൊണ്ടേയിരിക്കേണ്ട കാര്യമില്ലെന്നും കാശ് കൈയില്‍ വരുമ്പോള്‍ അങ്ങോട്ട് എത്തിക്കുമെന്ന് പറഞ്ഞ് ഫോണ്‍ വിളി പോലും നിരുത്സാഹപ്പെടുത്താന്‍ ഉളുപ്പില്ലാത്തവരുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇല്ല എന്നു പറയാന്‍ പ്രവാസികള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഫിറോസ് മൂവാറ്റുപുഴ പ്രതികരിക്കുന്നത്. ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയാന്‍ പോലുമാകാത്തവര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. ഇത്തരക്കാരെയാണ് ചിലര്‍ അതിവിദഗ്ധമായി കബളിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കൊടുത്താല്‍ തിരികെ തന്നില്ലെങ്കില്‍ പിന്നീട് ചോദിക്കുകയില്ലല്ലോ എന്ന് ആശ്വാസം കൊള്ളുകയാണ് ചെറുകോട് സ്വദേശിയും ജിദ്ദയില്‍ റെഡ്ബുള്‍ ജീവനക്കാരനുമായ അസ്‌കര്‍ മധുരക്കറിയന്‍.

 

Latest News