Sorry, you need to enable JavaScript to visit this website.

ദല്‍ഹി ഫൈനലില്‍, മുംബൈക്ക് പ്ലേഓഫ്

മുംബൈ - അവസാന ഘട്ടത്തില്‍ പരുങ്ങിയെങ്കിലും യു.പി വാരിയേഴ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി ദല്‍ഹി കാപിറ്റല്‍സ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ സ്ഥാനം നേടി. 13 പന്ത് ശേഷിക്കെയാണ് ദല്‍ഹി ജയിച്ചത്. 
ദല്‍ഹിയും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ചു കളിയും മുംബൈ ഇന്ത്യന്‍സും 10 പോയന്റ് വീതമാണ് നേടിയത്. എന്നാല്‍ മെച്ചപ്പെട്ട റണ്‍ റെയ്റ്റ് ദല്‍ഹിക്ക് അനുകൂലമായി. ചൊവ്വാഴ്ച ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുംബൈ നാലു വിക്കറ്റിന് തകര്‍ത്തിരുന്നു. അതോടെ യു.പിയെ തോല്‍പിച്ചാല്‍ തന്നെ ഫൈനലിലെത്താമെന്ന് ദല്‍ഹിക്ക് വ്യക്തമായി. അവര്‍ അത് അനായാസം നേടുകയും ചെയ്തു. മുംബൈയും യു.പി വാരിയേഴ്‌സും പ്ലേഓഫില്‍ പൊരുതി രണ്ടാമത്തെ ഫൈനലിസ്റ്റിനെ നിര്‍ണയിക്കും. 
എട്ട് കളികളില്‍ ആറും തോറ്റ് ബാംഗ്ലൂര്‍ ആദ്യ സീസണില്‍ നിരാശപ്പെടുത്തി. കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമായിരുന്നു അവര്‍. അവസാന കളിയില്‍ മുംബൈക്കെതിരെ ഒമ്പതിന് 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. റിച്ച ഘോഷാണ് (13 പന്തില്‍ 29) അതു തന്നെ സാധ്യമാക്കിയത്. 21 പന്തും നാലു വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം നേടി. മുംബൈക്കു വേണ്ടി അമേലിയ കെര്‍ (3-22, 27 പന്തില്‍ 31 നോട്ടൗട്ട്) ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചു. 
ദല്‍ഹിക്കെതിരെ യു.പി നിരാശപ്പെടുത്തി. തഹലിയ മക്ഗ്രാ (32 പന്തില്‍ 58 നോട്ടൗട്ട്) ആഞ്ഞടിച്ച അവസാന രണ്ടോവറില്‍ 33 റണ്‍സ് ഒഴുകിയതു കൊണ്ട് മാത്രമാണ് അവര്‍ ആറിന് 138 ലെത്തിയത്. ഓപണര്‍മാരായ മെഗ് ലാനിംഗും (15 പ്ന്തില്‍ 30 നോട്ടൗട്ട്) ശഫാലി വര്‍മയും (16 പ്ന്തില്‍ 21) ആഞ്ഞടിച്ചതോടെ ഈ സ്‌കോര്‍ ദല്‍ഹി അനായാസം പിന്നിട്ടു.
 

Latest News