സന്നാഹമൊരുക്കി സര്‍ക്കാര്‍; ആക്രമണം തുടര്‍ന്ന് അരിക്കൊമ്പന്‍

അരിക്കൊമ്പന്‍ തകര്‍ത്ത പെരിയകനാല്‍ അഷറഫിന്റെ വീട്, പെരിയകനാലില്‍ റോഡിലൂടെ പോകുന്ന അരിക്കൊമ്പന്‍

ഇടുക്കി- സര്‍വസന്നാഹവുമൊരുക്കി പിടികൂടാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെ ആക്രമണം തുടര്‍ന്ന് ഒറ്റയാന്‍ അരിക്കൊമ്പന്‍. പെരിയകനാലില്‍ അരികൊമ്പന്‍ ചൊവ്വാഴ്ച രണ്ട് വീടുകള്‍ തകര്‍ത്തു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന വീടുകളാണ് തകര്‍ത്തത്. പകല്‍ മുഴുവന്‍ പെരിയകനാല്‍ ഭാഗത്തെ തോട്ടങ്ങളില്‍ കാട്ടാനകള്‍ക്കൊപ്പം അരിക്കൊമ്പന്‍ ഉണ്ടായിരുന്നു.
പെരിയകനാല്‍ അമ്പാട്ട് വിജയന്‍, അഷറഫ് എന്നിവരുടെ വീടുകളാണ്   അരിക്കൊമ്പന്‍ തകര്‍ത്തത്. അമ്പാട്ട് വിജയന്റെ വീടിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. വിജയനും ഭാര്യയും ഈ സമയം തട്ടിന്‍പുറത്ത് കയറി രക്ഷപ്പെട്ടു. രണ്ടു ദിവസം മുമ്പ് വിജയന്റെ വീടിന്റെ പിന്‍വശം പൊളിച്ച് 20 കിലോ അരി എടുത്ത് കൊമ്പന്‍ തിന്നിരുന്നു.  വിജയന്റെ വീട്ടില്‍ നിന്ന് ഒന്നും കിട്ടാതെ മടങ്ങിയ ഒറ്റയാന്‍ സമീപത്തുള്ള അടിമാലി സ്വദേശി അഷറഫിന്റെ തോട്ടത്തിലെത്തി വീടു തകര്‍ത്തു. ജോലിക്കാരനായ പീറ്റര്‍ മാത്രമാണ് അവിടെ താമസമുള്ളത്. കാട്ടാനയെ പേടിച്ച് ഇയാള്‍ അടുത്തുള്ള ഏറ് മാടത്തിലാണ് രാത്രി ഉറങ്ങിയിരുന്നത്. ഒരു മാസത്തിനിടെ 15  വീടുകളാണ്  ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലായി ആനയുടെ ആക്രമണത്തില്‍ തകര്‍ന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ജനവാസ മേഖലകളില്‍ നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ അവലോകനയോഗം ചേര്‍ന്നു. കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍. എസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓപ്പറേഷന്‍ അരിക്കൊമ്പന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്തു.
25ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഒരു കാരണവശാലും കാഴ്ചക്കാരെയോ  വീഡിയോ   വ്‌ളോഗര്‍മാരെയോ ഈ ഭാഗത്തേക്ക് കടത്തിവിടുകയില്ല. സൂര്യനെല്ലി ബി. എല്‍ റാം ഭാഗത്ത് ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാണ് ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നടപ്പാക്കുക.
വനം വകുപ്പിന്റെ 11 ടീമുകളിലായി 71 അംഗ റാപിഡ് റെസ്‌പോണ്‍സ് ടീമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. പോലീസിന്റെ കനത്ത സുരക്ഷ ഈ ദിവസങ്ങളില്‍ പ്രദേശത്ത് ഉണ്ടായിരിക്കും. മയക്കു വെടിവെച്ച് പിടികൂടുന്ന അരിക്കൊമ്പനെ അടിമാലി വഴി കോടനാട്ടേക്ക് കൊണ്ടുപോകുന്നതിനാണ് വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പോകുന്ന വഴികളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സുരക്ഷ ഒരുക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ആംബുലന്‍സുകളും  മെഡിക്കല്‍ ടീമിന്റെ സേവനവും  ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്‌നിരക്ഷാ സേന തയ്യാറായിരിക്കും.
25ന് പുലര്‍ച്ചെ നാലു മണിയോടെ ദൗത്യം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് . ഉച്ചയ്ക്ക് മുന്‍പായി ദൗത്യം പൂര്‍ത്തീകരിക്കാനാണ് വനം വകുപ്പിന്റെ ശ്രമം. ഉച്ചകഴിഞ്ഞ് കൊമ്പനെ പിടിക്കാനുള്ള ശ്രമം ദുഷ്‌കരമാണ്. അങ്ങനെയെങ്കില്‍ ദൗത്യം അടുത്ത ദിവസത്തേക്ക് മാറ്റും. വെള്ളിയാഴ്ച ദൗത്യത്തിന്റെ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.
ഇന്ന് ചിന്നക്കനാല്‍ പഞ്ചായത്തില്‍ വൈകിട്ട് 3 മണിക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തോട്ടം ഉടമകള്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ദേവികുളം സബ് കലക്ടര്‍  രാഹുല്‍ കൃഷ്ണ ശര്‍മ,  ഡി. എഫ് .ഒ രമേഷ് ബിഷ്‌ണോയ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി മോഹന്‍ കുമാര്‍, ഭവ്യ കണ്ണന്‍ പങ്കെടുത്തു.

 

 

Latest News