Sorry, you need to enable JavaScript to visit this website.

ജിദ്ദ കശപിശ, എഫ്-1 വിശദീകരണം നല്‍കും

ജിദ്ദ - സൗദി എഫ്-1 ഗ്രാന്റ്പ്രിയില്‍ മൂന്നാം സ്ഥാനത്തെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പം ഇന്റര്‍നാഷനല്‍ ഓട്ടോമോബൈല്‍ ഫെഡറേഷന്‍ (എഫ്.ഐ.എ) വിശദമായി ചര്‍ച്ച ചെയ്യും. അടുത്ത റെയ്‌സായ ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രിക്ക് മുമ്പ് ഇക്കാര്യത്തില്‍ വിശദീകരണക്കുറിപ്പ് ഇറക്കും. 
ഞായറാഴ്ചയിലെ റെയ്‌സില്‍ ഫെര്‍ണാണ്ടൊ അലോണ്‍സോയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അതുവഴി മുന്‍ ലോക ചാമ്പ്യന്‍ നൂറാമത്തെ വിജയപീഠം കയറി. എന്നാല്‍ വിജയാഘോഷവും മാധ്യമപ്രവര്‍ത്തകരുമായുള്ള അഭിമുഖം പൂര്‍ത്തിയാക്കുകയുമൊക്കെ ചെയ്ത ശേഷം സ്ഥാനങ്ങളില്‍ മാറ്റമുണ്ടെന്ന് എഫ്.ഐ.എ പ്രഖ്യാപിച്ചു. അലോണ്‍സോക്ക് 10 പോയന്റ് പെനാല്‍ട്ടിയുണ്ടെന്നും താരം നാലാം സ്ഥാനത്തേക്ക് പോയതായും അറിയിപ്പ് വന്നു. മെഴ്‌സിഡസിന്റെ ജോര്‍ജ് റസ്സലിനെ മൂന്നാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചു. പിറ്റ് സ്റ്റോപ്പിലെ അഞ്ച് സെക്കന്റ് പൂര്‍ത്തിയാവും മുമ്പ് കാറിന്റെ പിന്‍ ടയറില്‍ ഒരു മെക്കാനിക്ക് സ്പര്‍ശിച്ചുവെന്നായിരുന്നു അലോണ്‍സോക്ക് പെനാല്‍ട്ടി വിധിക്കാന്‍ കാരണം.  
അലോണ്‍സോയുടെ ടീമായ ആസ്റ്റണ്‍ മാര്‍ടിന്‍ അപ്പീല്‍ നല്‍കിയതോടെ എഫ്.ഐ.എ നിലപാട് മാറ്റി. കാറില്‍ സ്പര്‍ശിച്ചു എന്ന ഒറ്റക്കാരണത്താല്‍ പെനാല്‍ട്ടി വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. കാറില്‍ മെക്കാനിക് എന്തെങ്കിലും മാറ്റം വരുത്തിയാലേ പിഴ വേണ്ടൂ എന്നും അവര്‍ തീരുമാനിച്ചു. വീണ്ടും അലോണ്‍സൊ മൂന്നാമതും റസ്സല്‍ നാലാമതുമായി. ഒരുപാട് വൈകി പെനാല്‍ട്ടി പ്രഖ്യാപിച്ച എഫ്.ഐ.യെ അലോണ്‍സൊ കുറ്റപ്പെടുത്തിയിരുന്നു. ഈ സീസണിലെ ആദ്യ ഗ്രാന്റ്പ്രിയായ ബഹ്‌റൈനിലും അലോണ്‍സായിരുന്നു മൂന്നാം സ്ഥാനത്ത്. 
മെക്കാനിക് കാര്‍ സ്പര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ നടപടികള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ വ്യക്തത വേണ്ടതുണ്ടെന്നും എഫ്.ഐ.എ പറഞ്ഞു. ഏപ്രില്‍ രണ്ടിന് മെല്‍ബണിലാണ് അടുത്ത ഗ്രാന്റ്പ്രി. 

Latest News