Sorry, you need to enable JavaScript to visit this website.

ചെന്നൈയില്‍ സ്പിന്നോ റണ്ണോ?

ഇന്ത്യ-ഓസ്‌ട്രേലിയ
മൂന്നാം ഏകദിനം
ബുധന്‍ രാവിലെ 11.00

ചെന്നൈ - ബാറ്റിംഗ് ശവപ്പറമ്പായ മുംബൈക്കും വിശാഖപട്ടണത്തിനും ശേഷം ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര സ്പിന്നിന് പേരുകേട്ട ചെന്നൈയിലേക്ക്. ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിരിക്കെ പരമ്പരയുടെ വിധി ബുധനാഴ്ച എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നിര്‍ണയിക്കപ്പെടും. 
വാലറ്റം വരെ ബാറ്റിംഗ് നിരയുള്ള ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. എന്നിട്ടും ആദ്യ രണ്ടു മത്സരങ്ങളില്‍ ബൗളര്‍മാരാണ് ആധിപത്യം പുലര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടു കളികളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 200 കടക്കാതിരുന്നത് ഇന്ത്യയില്‍ അപൂര്‍വമാണ്. വിശാഖപട്ടണത്ത് ഇന്ത്യന്‍ ബാറ്റിംഗ് നിര മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഓസീസ് പെയ്‌സാക്രമണത്തിനു മുന്നില്‍ വിറങ്ങലിച്ചു. സ്റ്റാര്‍ക്ക് അഞ്ചും ഷോണ്‍ ആബട്ടും നാഥന്‍ എല്ലിസും അവശേഷിച്ച അഞ്ചും വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 117 ന് അവസാനിച്ചു. വെറും പതിനൊന്നോവറില്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ലക്ഷ്യത്തിലേക്ക് അടിച്ചു മുന്നേറുകയും ചെയ്തു. ഇന്ത്യയുടെ എക്കാലത്തെയും കനത്ത പരാജയമായി അത്. 
ചെന്നൈയിലെ നിറഞ്ഞ സ്റ്റേഡിയത്തില്‍ ടീമുകളെ കാത്തിരിക്കുന്നത് റണ്‍സോ വിക്കറ്റോ? പരമ്പരാഗതമായി ചിദംബരം സ്റ്റേഡിയം റണ്ണൊഴുക്കിന് പ്രശസ്തമല്ല. ഇവിടെ അവസാനം ഏകദിനം അരങ്ങേറിയത് 2019 ലാണ്. ഓസ്‌ട്രേലിയന്‍ ടീം അവസാനം കളിച്ചത് 2017 ലായിരുന്നു, മഴ തടസ്സപ്പെടുത്തിയതായിരുന്നു ആ മത്സരം. 
ഓഗസ്റ്റിലെ കരീബിയന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യയുടെ അവസാന ഏകദിനമാണ് ഇത്. കരീബിയയില്‍ നിന്ന് വന്നാല്‍ ലോകകപ്പിന് മുമ്പ് മൂന്നു മത്സരം കൂടിയേ ഇന്ത്യന്‍ ടീം നാട്ടില്‍ കളിക്കൂ. ഓസ്‌ട്രേലിയക്കാവട്ടെ ലോകകപ്പിന് മുമ്പ് ഇന്ത്യയിലെ അവസാന മത്സരമാണ് ഇത്. ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കെ ഇരു ടീമുകള്‍ക്കും ഒരുങ്ങാന്‍ അധികം അവസരമില്ല. 
വിശാഖപട്ടണത്ത് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇറങ്ങിയത്. പക്ഷെ ടീമിന് പ്രതിരോധിക്കാന്‍ റണ്‍സ് ലഭിച്ചില്ല. വലങ്കൈയന്മാര്‍ക്ക് മുന്‍തൂക്കമുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരയെ സ്റ്റാര്‍ക്ക് വെള്ളം കുടിപ്പിക്കുകയായിരുന്നു. അതിനാല്‍ ഇന്ത്യ ബാറ്റിംഗ് ലൈനപ്പില്‍ മാറ്റം വരുത്തിയേക്കാം. ഓപണറായി മിച്ചല്‍ മാര്‍ഷ് കത്തിക്കയറുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ മധ്യനിരക്ക് ഈ പരമ്പരയില്‍ അധികം അവസരം ലഭിച്ചിട്ടില്ല. ഈ കളിയില്‍ ഡേവിഡ് വാണര്‍ തിരിച്ചെത്തിയേക്കാം. എങ്കില്‍ മിച്ചല്‍ മധ്യനിരയിലേക്ക് പോവും. മാര്‍നസ് ലാബുഷൈന്‍ പുറത്താവും. വാണര്‍ കിട്ടിയ അവസരം മുതലാക്കിയില്ലെങ്കില്‍ ലോകകപ്പില്‍ കാണുക ഹെഡ്-മിച്ചല്‍ ഓപണിംഗ് കൂട്ടുകെട്ടായിരിക്കും.  
രണ്ട് കളിയിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ യാദവിന് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇന്ത്യന്‍ നായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ട്വന്റി20യിലെ ഒന്നാം നമ്പറാണ് സൂര്യ. പക്ഷെ ഏകദിനങ്ങളില്‍ ഓരോ വശത്തും ഓരോ പന്ത് ഉപയോഗിക്കുന്നത് സ്വിംഗിനെ സഹായിക്കുന്നു. രണ്ട് കളിയിലും തുടക്കത്തിലേ സൂര്യക്ക് ഇറങ്ങേണ്ടി വന്നു. ട്വന്റി20യില്‍ ഇതുപോലൊരു സാഹചര്യം സൂര്യ നേരിട്ടിട്ടില്ല. ആദ്യ പന്തുകള്‍ സൂര്യ അതിജീവിക്കുമോയെന്നാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്. 
മാര്‍ക്കസ് സ്റ്റോയ്‌നിസിന് കഴിഞ്ഞ മത്സരത്തില്‍ ബൗള്‍ ചെയ്യാന്‍ അവസരം കിട്ടിയില്ല. പകരം സ്പിന്നര്‍ ആഷ്റ്റന്‍ ആഗറെ ഓസ്‌ട്രേലിയ കളിപ്പിച്ചേക്കും. 
ചെന്നൈയില്‍ തിങ്കളാഴ്ച മഴ പെയ്തിരുന്നു. ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് സൂചന. 

 

Latest News