Sorry, you need to enable JavaScript to visit this website.

നോര്‍വേക്ക് നിര്‍ഭാഗ്യം, യൂറോയിലും ഹാലാന്‍ഡ് ഇല്ല

ഓസ്‌ലൊ - ഗോളടിവീരന്‍ എര്‍ലിംഗ് ഹാലാന്‍ഡിനും നോര്‍വേക്കും ദുരന്തം ആവര്‍ത്തിക്കുകയാണോ? നിര്‍ണായക മത്സരങ്ങളില്‍ ഹാലാന്‍ഡ് പരിക്കേറ്റ് വിട്ടുനിന്നതോടെ നോര്‍വേക്ക് ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. യൂറോ കപ്പ് യോഗ്യതാ റൗണ്ട് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഹാലാന്‍ഡിന് വീണ്ടും പരിക്കേറ്റിരിക്കുകയാണ്. ഇടുപ്പിലെ പരിക്കുമായി നോര്‍വേയുടെ പരിശീലന ക്യാമ്പില്‍ നിന്ന് ഹാലാന്‍ഡ് പിന്മാറി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഹാലാന്‍ഡ് എട്ടു ഗോള്‍ നേടിയിരുന്നു. സിറ്റിയില്‍ തിരിച്ചെത്തി ഹാലാന്‍ഡ് ചികിത്സ തുടരും. സിറ്റിക്കു വേണ്ടി ഈ സീസണില്‍ ഹാലാന്‍ഡ് 42 ഗോളടിച്ചു. പരിക്ക് തടസ്സമായില്ലെങ്കില്‍ 50 മറികടക്കുമെന്നുറപ്പാണ്.  
നോര്‍വെ ക്യാമ്പിലെത്തിയ ശേഷം ഹാലാന്‍ഡിന്റെ ഇടുപ്പിലെ വേദന മൂര്‍ഛിച്ചുവെന്ന് ഫെഡറേഷന്‍ അറിയിച്ചു. ഹാലാന്‍ഡ് രാജ്യത്തെക്കാള്‍ ക്ലബ്ബിന് മുന്‍ഗണന നല്‍കുന്നുവെന്ന ആരോപണം നോര്‍വെ കോച്ച് സ്‌റ്റെയ്ല്‍ സോള്‍ബാക്കന്‍ നിരസിച്ചു. എങ്ങനെയും നോര്‍വേക്ക് കളിക്കണമെന്നായിരുന്നു ഹാലാന്‍ഡിന്റെ ആഗ്രഹം. ഹോട്ടല്‍മുറിയില്‍ കഴിഞ്ഞ രാത്രി കണ്ടപ്പോള്‍ നിരാശ പ്രകടമായിരുന്നു. സാധ്യമായതെല്ലാം ഹാലാന്‍ഡ് ചെയ്തു -കോച്ച് വിശദീകരിച്ചു. 
ഏപ്രില്‍ ഒന്നിന് ലിവര്‍പൂളിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. 11 ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിക്കുമായി സുപ്രധാന മത്സരമുണ്ട്. 
ശനിയാഴ്ച സ്‌പെയിനിനെതിരെയാണ് നോര്‍വേയുടെ യൂറോ യോഗ്യതാ മത്സരം. മൂന്നു ദിവസത്തിനു ശേഷം ജോര്‍ജിയയുമായും ഏറ്റുമുട്ടും. സ്‌കോട്‌ലന്റ്, സൈപ്രസ് ടീമുകളും ഈ ഗ്രൂപ്പിലുണ്ട്. നോര്‍വേക്കു വേണ്ടി 23 കളികളില്‍ 21 ഗോളടിച്ചിട്ടുണ്ടെങ്കിലും ഹാലാന്‍ഡിന് ഇതുവരെ പ്രധാന ടൂര്‍ണമെന്റുകളൊന്നും കളിക്കാനായിട്ടില്ല. 

Latest News