Sorry, you need to enable JavaScript to visit this website.

എംബാപ്പെ ക്യാപ്റ്റന്‍, ഗ്രീസ്മാന്‍ ഡെപ്യൂട്ടി; യൂറോ പൊടിപാറും

ക്ലയര്‍ഫൊണ്ടയ്ന്‍ - ഗോള്‍കീപ്പര്‍ ഹ്യൂഗൊ ലോറീസ് ലോകകപ്പിനു ശേഷം വിരമിച്ച ഒഴിവില്‍ ഫ്രാന്‍സിന്റെ ക്യാപ്റ്റനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ കീലിയന്‍ എംബാപ്പെ. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് ഫ്രാന്‍സ് ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു. കോച്ച് ദീദിയര്‍ ദെഷോമുമായുള്ള ചര്‍ച്ചക്കു ശേഷം ഇരുപത്തിനാലുകാരന്‍ ചുമതലയേല്‍ക്കാന്‍ സമ്മതിച്ചതായി ടീം വൃത്തങ്ങള്‍ വെളിപ്പെടുത്തി. യൂറോ 2024 യോഗ്യതാ റൗണ്ടില്‍ വെള്ളിയാഴ്ച നെതര്‍ലാന്റ്‌സിനെതിരെയാണ് എംബാപ്പെ ആദ്യമായി ക്യാപ്റ്റന്റെ ആംബാന്റ് അണിയുക. ഡിസംബര്‍ 18 ലെ ലോകകപ്പ് ഫൈനലിനു ശേഷം ഫ്രാന്‍സിന്റെ ആദ്യ മത്സരമാണ് ഇത്. 
ഒരു പതിറ്റാണ്ടിലേറെ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്ന ലോറീസ് ജനുവരിയിലാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ ഗോള്‍കീപ്പറായി മുപ്പത്താറുകാരന്‍ തുടരും. 
വൈസ് ക്യാപ്റ്റനായിരുന്ന സെന്റര്‍ബാക്ക് റഫായേല്‍ വരാനും വിരമിച്ചിരുന്നു. പുതിയ വൈസ് ക്യാപ്റ്റനായി ആന്റോയ്ന്‍ ഗ്രീസ്മാനെ തെരഞ്ഞെടുത്തു. 
ലോകകപ്പ് ഫൈനലില്‍ എക്‌സ്‌ട്രൈ ടൈമില്‍ 3-3 സമനിലയായതിനെത്തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. എംബാപ്പെ ഹാട്രിക് നേടിയിരുന്നു. എംബാപ്പെക്ക് ചുമതല നല്‍കിയ തീരുമാനത്തെ 1984 ല്‍ ഫ്രാന്‍സിന് യൂറോ കപ്പ് നേടിക്കൊടുത്ത നായകന്‍ മിഷേല്‍ പ്ലാറ്റീനി സ്വാഗതം ചെയ്തു. 2018 ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും എംബാപ്പെ അംഗമായിരുന്നു. ആ ലോകകപ്പിലെ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഖത്തര്‍ ലോകകപ്പില്‍ ടോപ്‌സ്‌കോററും മികച്ച രണ്ടാമത്തെ കളിക്കാരനുമായിരുന്നു. 
പാരിസില്‍ ജനിച്ച എംബാപ്പെ പി.എസ്.ജിയില്‍ ഡിഫന്റര്‍ മാര്‍ക്വിഞ്ഞോസിന്റെ വൈസ് ക്യാപ്റ്റനാണ്. യൂറോ യോഗ്യതാ റൗണ്ടില്‍ നെതര്‍ലാന്റ്‌സ്, ഗ്രീസ്, ജിബ്രാള്‍ടര്‍, അയര്‍ലന്റ് ടീമുകളടങ്ങിയ ഗ്രൂപ്പിലാണ് ഫ്രാന്‍സ്. 

Latest News