Sorry, you need to enable JavaScript to visit this website.

കളിക്കാരിയുടെ പേരില്‍ സ്റ്റേഡിയം, ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ ആദ്യം

റായ്ബറേലി - ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായി നിലവില്‍ കളിക്കുന്ന ഒരു വനിതാ താരത്തിന്റെ പേരില്‍ സ്റ്റേഡിയം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ സ്റ്റേഡിയത്തിനാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ റാണി രാംപാലിന്റെ പേര് നല്‍കിയത്. റാണീസ് ഗേള്‍സ് ഹോക്കി ടര്‍ഫ് എന്നാണ് സ്റ്റേഡിയം അറിയപ്പെടുക. തന്റെ സന്തോഷം വിവരിക്കാന്‍ വാക്കുകളില്ലെന്ന് റാണി സോഷ്യല്‍ മീഡിയയില്‍ നന്ദി അറിയിച്ചു. 
വൈകാരികവും അഭിമാനകരവുമായ നിമിഷമാണ് ഇത്. ആദ്യമായാണ് ഒരു വനിതാ താരത്തിന്റെ പേര് ഹോക്കി സ്‌റ്റേഡിയത്തിന് നല്‍കുന്നത്. ഈ നേട്ടം ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് സമര്‍പ്പിക്കുന്നു. പുതുതലമുറ വനിതാ താരങ്ങള്‍ക്ക് ഇത് പ്രചോദനമാവട്ടെ -റാണി കുറിച്ചു. 
പരിക്കുമായി വിട്ടുനില്‍ക്കുകയായിരുന്ന റാണി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 250 തവണ റാണി ഇന്ത്യന്‍ കുപ്പായമിട്ടിട്ടുണ്ട്. അവസാനം കളിച്ചത് 2021-22 ല്‍ ബെല്‍ജിയത്തിനെതിരെ വനിതാ പ്രൊ ലീഗ് ഹോക്കിയിലായിരുന്നു. ടോക്കിയൊ ഒളിംപിക്‌സ് മുതല്‍ ഇരുപത്തെട്ടുകാരി പരിക്കുമായി വലയുകയായിരുന്നു. ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ടീമിലുള്‍പെടുത്തിയില്ല.
 

Latest News