Sorry, you need to enable JavaScript to visit this website.

പടിയിറക്കിയ ഐ.പി.എല്ലില്‍ ശ്രീശാന്ത് തിരിച്ചെത്തുന്നു

മുംബൈ -ഒത്തുകളിയുടെ പേരില്‍ പടിയിറക്കിയ ഐ.പി.എല്ലിലേക്ക് പത്തു വര്‍ഷത്തിനു ശേഷം ശ്രീശാന്ത് തിരിച്ചെത്തുന്നു. കമന്റേറ്ററായാണ് മലയാളി പെയ്‌സ്ബൗളര്‍ ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ വേഷമിടുന്നത്. മലയാളം കമന്ററി പാനലില്‍ ശ്രീശാന്തിനെയും കേരളത്തില്‍ നിന്നുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്ററായ ടിനു യോഹന്നാനെയും ഉള്‍പെടുത്തി. ശ്രീശാന്തിനൊപ്പം ജാക്ക് കാലിസും യൂസുഫ് പഠാനും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കമന്റേറ്ററായി അരങ്ങേറും. 
കെവിന്‍ പീറ്റേഴ്‌സന്‍, ഡാനി മോറിസന്‍, ഡേവിഡ് ഹസ്സി, മാത്യു ഹയ്ഡന്‍, ഇംറാന്‍ താഹിര്‍, ടോം മൂഡി, ഡാനിയേല്‍ വെറ്റോറി, സൈമണ്‍ കാറ്റിച്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ ഇംഗ്ലിഷ് കമന്ററി സംഘത്തിലുണ്ട്. വീരേന്ദര്‍ സെവാഗ് ഹിന്ദി കമന്ററി പാനലിന് താരപ്രഭ നല്‍കും. മിഥാലി രാജ്, ഹര്‍ഭജന്‍ സിംഗ്, മുഹമ്മദ് ഖൈഫ്, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ കൂടെയുണ്ട്. 
2013 ലെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് കളിച്ചുകൊണ്ടിരിക്കെയാണ് ശ്രീശാന്ത്  ഒത്തുകളി വിവാദത്തില്‍ കുടുങ്ങി അറസ്റ്റിലാവുന്നതും വിലക്ക് ലഭിക്കുന്നതും. പിന്നീട് ഐ.പി.എല്ലിലും ഇന്ത്യന്‍ ടീമിലും തിരിച്ചുവരാനായി ശ്രീശാന്ത് നിയമയുദ്ധം നടത്തിയെങ്കിലും വിജയിച്ചില്ല.
 

Latest News