ചൈനീസ് ആക്രമത്തില്‍ യു എസ് ഇന്ത്യയെ സഹായിച്ചെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ വൈറ്റ്ഹൗസ്

ന്യൂയോര്‍ക്ക്- കഴിഞ്ഞ വര്‍ഷം ചൈന ഇന്ത്യയിലേക്ക് നടത്തിയ അധിനിവേശത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന് അമേരിക്ക നിര്‍ണ്ണായകമായ സഹായം നല്‍കിയെന്ന് മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല. 

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് വൈറ്റ് ഹൗസിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്ററായ ജോണ്‍ കിര്‍ബി പറഞ്ഞത്. 

ചൈനീസ് അധിനിവേശം നടക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് അമേരിക്കയില്‍ നിന്ന് നിര്‍ണ്ണായകമായ വിവരം ലഭിച്ചുവെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. യു. എസ് ന്യൂസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യു. എസ് സൈന്യം ചില രഹസ്യാന്വേഷണ വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യവുമായി പങ്കുവെച്ചതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം അവസാനം ഹിമാലയത്തിലെ അതിര്‍ത്തി പ്രദേശത്ത് നടന്ന ചൈനീസ് സംഘര്‍ഷത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് എന്നായിരുന്നു യു. എസ് ന്യൂസിലെ റിപ്പോര്‍ട്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest News