ദുബായ്- - ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ രാമചന്ദ്രൻ ജയിൽ മോചിതനായെന്ന് റിപ്പോർട്ട്. വായ്പാ തിരിച്ചടവിന് ദുബായിലെ ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത് എന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 2015 ഓഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായത്. അദ്ദേഹത്തോടൊപ്പം മകൾ മഞ്ജു, മരുമകൻ അരുൺ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. മഞ്ജു പിന്നീട് ജാമ്യത്തിലിറങ്ങി. ബാങ്കുകളുടെ വായ്പയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബാങ്കുകളുമായി അറ്റ്‌ലസ് രാമചന്ദ്രൻ ധാരണയിലെത്തിയിരുന്നെങ്കിലും സ്വർണം വാങ്ങാൻ വായ്പ നൽകിയയാൾ കൊടുത്ത കേസിൽ തീർപ്പായിരുന്നില്ല. ഇതിലും ധാരണയെത്തിയതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനാകുന്നത്. വൻ തുകയാണ് വിവിധ ബാങ്കുകൾക്ക് അറ്റ്‌ലസ് രാമചന്ദ്രൻ നൽകാനുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെ ഇവയുടെ പലിശയും ഗണ്യമായി കൂടി.






