ടെറാന്റോ- പലചരക്കു സാധനങ്ങള്‍ വാങ്ങി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സിഖ് വിദ്യാര്‍ഥിക്കു നേരെ കാനഡയില്‍ ആക്രമണം. തലപ്പാവ് വലിച്ചു കീറുകയും മര്‍ദ്ദിച്ച് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. പരുക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്. ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം.
പഞ്ചാബില്‍ നിന്നുള്ള ഗഗന്‍ദീപ് (21) ആണ് ആക്രമിക്കപ്പെട്ടത്. ഗഗന്‍ദീപിന്റെ തലപ്പാവ് വലിച്ചുകീറുകയും മുടിയില്‍ പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. പോലീസ് കേസെടുത്തു.
ഗഗന്‍ദീപിനെതിരെ വംശീയ ആക്രമണമാണ് അരങ്ങേറിയതെന്നും ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുന്നതായും കൗണ്‍സിലര്‍ മോഹിനി സിംഗ് പറഞ്ഞു. ഗഗന്‍ദീപിനെ സന്ദര്‍ശിച്ച അവര്‍ ഗഗന്റെ കണ്ണുകള്‍ വീര്‍ത്ത് അടഞ്ഞിരിക്കുകയാണെന്നും വായ തുറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പറഞ്ഞു.
പതിനാലു പേരടങ്ങുന്ന സംഘമാണ് ഗഗന്‍ദീപിനെതിരെ ആക്രമണം നടത്തിയത്. ബസ്സില്‍ ശല്യപ്പെടുത്തിയ സംഘം ഗഗന്‍ദീപിന്റെ തലപ്പാവ് വലിക്കുകയായിരുന്നു. ഇതോടെ പോലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞ് ബസ്സില്‍ നിന്നും ഗഗന്‍ദീപ് ഇറങ്ങുകയായിരുന്നു. പിന്നാലെ അക്രമി സംഘവും ഇറങ്ങി ഗഗനെ ആക്രമിക്കുകയായിരുന്നു. തലപ്പാവ് വലിച്ചു കീറുകയും മുടിപിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ആക്രമണത്തില്‍ മുഖത്തിനും നെഞ്ചിനും കൈകാലുകള്‍ക്കും പരുക്കേറ്റ ഗഗന്‍ അബോധാവസ്ഥയിലായി. ബോധം വരുമ്പോള്‍ മാലിന്യക്കൂമ്പാരത്തിലായിരുന്നു. ബോധം വന്നതിനു ശേഷം ഗഗന്‍ സുഹൃത്തിനേയും പോലീസിനേയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.