Sorry, you need to enable JavaScript to visit this website.

ജനതയുടെ ആരോഗ്യം നിസ്സാരമായി കാണുന്ന ഒരു നാട്; അതാണ് കേരളം

രണ്ടാഴ്ചയായി മാലിന്യപ്പുകയിൽ മൂടിയ കൊച്ചി നഗരത്തിലെ അവസ്ഥ സംബന്ധിച്ച് ധാരാളം ട്രോളുകളിറങ്ങി. ചിലതൊക്കെ രസകരവുമായി. പുകയൊന്ന് കെട്ടടങ്ങി ക്യാപ്റ്റനെ അഭിനന്ദിക്കാനിരിക്കുന്ന സാംസ്‌കാരിക നായകരുടെ വരി, കൂറ്റനാട്ടിൽ നിന്ന് കൊച്ചിയിൽ അപ്പം വിറ്റു വന്ന് പരലോകം പൂകിയ ആൾ, കൊച്ചിയിലെങ്ങിനെയെങ്കിലും മഴ പെയ്യിക്കാൻ വൈശാലിയിലെ ഋഷ്യശൃംഗനായും കുമാരനെ വശീകരിച്ച ദാസ്യയുടെ മകൾ വൈശാലിയുമായി മാറിയ യുവ വിപ്ലവകാരികൾ എന്നിങ്ങനെ പലതും. ഹരിയാനയിലും രാജസ്ഥാനിലും യു.പിയിലും ബ്രസീലിലെ ആമസോൺ വനങ്ങൾ കത്തിയാൽ വരെ തൽക്ഷണം പ്രതികരിക്കുന്ന കൂട്ടരാണ് കേരളത്തിലെ മഹാ ബുദ്ധിജീവികൾ. അവരെയും കുറ്റം പറയാനാകില്ല. വെറുതെ ഓരോന്ന് വിളിച്ചു പറഞ്ഞ് അവാർഡുകളുടേയും ഫൊലോഷിപ്പുകളുടേയും അക്കാദമി അംഗത്വത്തിന്റേയും യാത്ര മുടക്കേണ്ട വല്ല കാര്യവുമുണ്ടോ? സാഹിത്യകാരന്മാർ ഒപ്പിട്ട ഭീമഹരജിയായിരുന്നു പഴയ കാലത്തെ ട്രെൻഡ്. അതിനിനിയും രണ്ടര വർഷം കൂടി കഴിയണമായിരിക്കും. മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്ക് വരെ ശ്വാസം മുട്ടി ഉറങ്ങാനാവാത്തത് വലിയ ക്ഷീണമായി. എന്നാലും കുഴപ്പമില്ല, കൊച്ചിയിലെ യുവ സംവിധായകന്റെ തൃപ്പുണിത്തുറയിലെ അളിയന്റെ വീട്ടിൽ പരമാനന്ദം. കറുത്തത് പോയിട്ട് വെളുത്ത പുക പോലും ഒരിടത്തുമില്ല. ചെറിയൊരു നടിയും ന്യായീകരണ തിലക സ്ഥാനത്തിനായി മത്സര രംഗത്തെത്തിയതും ഉഷാറായി. 

ബ്രഹ്മപുരത്തെ മാലിന്യ പ്ലാൻറിലുണ്ടായ തീപ്പിടിത്തം കാരണം ദിവസങ്ങളോളം നഗരത്തിൽ മുഴുവൻ പുക വ്യാപിച്ചത് ദേശീയ ഹരിത ട്രൈബ്യൂണൽ വരെ ശ്രദ്ധിച്ചു. 500 കോടി രൂപ വരെ കേരള സർക്കാരിൽ നിന്ന് പിഴ ഈടാക്കാൻ സാധ്യതയുണ്ട്. സംസ്ഥാന ബജറ്റിലാണെങ്കിൽ സകലതിലും കൈവരിച്ചു. ആ ഒരെണ്ണം ബാക്കിയുണ്ട്. മനുഷ്യർ ശ്വസിക്കുന്ന വായു. ഇതിന് അടിയന്തരമായി നികുതി ഏർപ്പെടുത്താവുന്നതാണ്. 
ഇതിനിടയ്ക്ക് കേരളമാകെ ചാറൽ മഴ പെയ്ത ദിവസം കൊച്ചിക്കാർക്കും കിട്ടി മഴ. കൊച്ചിയിൽ പെയ്ത മഴയുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങൾ മുറുകുകയാണ്. പെയ്തത് ആസിഡ് മഴയാണെന്ന വാദം ശക്തമായി ഉയരുന്നത് നഗരവാസികളുടെ ആശങ്ക കൂട്ടുന്നു. 
പ്ലാസ്റ്റിക് അടക്കം ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും കത്തിയമർന്നത് കാരണം അന്തരീക്ഷത്തിൽ രാസമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തീപ്പിടിത്തത്തിന് പിന്നാലെ പെയ്ത മഴയിൽ രാസമാലിന്യങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് ആസിഡ് മഴയെന്ന വാദം ഉന്നയിക്കുന്നവരുടെ പ്രധാന ആരോപണം. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ആസിഡ് സാന്നിധ്യം അപകടകരമാണെന്നും അതിനാൽ കിണറുകൾ ഉൾപ്പെടെ മഴ വെള്ളം വീഴാത്ത തരത്തിൽ മൂടിയിടണമെന്നുമൊക്കെയുള്ള സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. 

കേരളത്തിലും പുറത്തുമുള്ള ഫുഡ് ലവേഴ്‌സിന്റെ ഇഷ്ട കേന്ദ്രമാണ് കൊച്ചിയും പരിസരങ്ങളും. അറബിക്കടലും കൊച്ചിയിലേയും പരിസരത്തേയും കായലുകളും മത്സ്യ സമ്പത്ത് കൊണ്ട് സമൃദ്ധമാണ്. 
ഫോർട്ടുകൊച്ചിയിലൊക്കെ കായൽ മീനുകൾ ടൂറിസ്റ്റുകൾക്ക് ഫ്രൈ ചെയ്തു കൊടുക്കുന്നത് ഒരു കുടിൽ വ്യവസായമാണ്. പെരിയാറിന്റെ തീരങ്ങൾ മുതൽ കോട്ടയം, ആലപ്പുഴ ഭാഗം വരെ ധാരാളം കേന്ദ്രങ്ങളുണ്ട്. രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾക്ക് പ്രസിദ്ധമായവ ബ്രഹ്മപുരത്തെ മലിനീകരണം കൊച്ചിയുടെ ഐശ്വര്യത്തിന്റെ പ്രതീകമായ മത്സ്യ വ്യവസായത്തെ ബാധിക്കുമോയെന്നും ആശങ്കയുയർന്നു.
ബ്രഹ്മപുരത്ത് കത്തിയ പ്ളാസ്റ്റിക് മാലിന്യത്തിൽ നിന്നുള്ള വിഷജലം കടമ്പ്രയാറിലൂടെ ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലെയും കൊച്ചി തീരക്കടലിലെയും ആവാസ വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായി. കാൻസറിനും ജനിതക വൈകല്യങ്ങൾക്കും കാരണമാകുന്ന ഡയോക്സിൻ സംബന്ധിച്ചാണ് ആശങ്കകൾ ഏറെയും. ഡയോക്സിൻ സാന്നിദ്ധ്യം പഠിക്കാൻ തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. 


ഡയോക്സിൻ പോലുള്ള വിഷപദാർത്ഥങ്ങൾ ദീർഘനാൾ മത്സ്യങ്ങളിലും മറ്റ് ജലജീവികളിലും അവശേഷിക്കും. കായലിലെയും തീരക്കടലിലെയും ആവാസ വ്യവസ്ഥയെയും ബാധിക്കും. വിഷ സാന്നിദ്ധ്യം ഉറപ്പായാൽ കുറഞ്ഞത് വർഷത്തേക്കെങ്കിലും ഇവിടെയുള്ള മത്സ്യസമ്പത്ത് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത സ്ഥിതി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
ഇതിനെല്ലാം പിന്നിൽ വിപ്ലവ നേതാക്കളുടെ ബന്ധുബലവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 53 കോടി രൂപയുടേതാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കരാർ. കൊച്ചിയിലെ മാലിന്യ സംസ്‌കരണം ഏറ്റെടുത്ത കമ്പനിയ്ക്ക് കേരളമാകെ കരാർ ലഭിക്കാൻ പാകത്തിൽ ഇടപെടൽ നടന്നുവെന്നാണ് ശ്രുതി. ഇതും ഇതിനപ്പുറവും ഇവിടെ സംഭവിക്കും. കോഴിക്കോട്ടെ ബസ് വെയിറ്റിംഗ് ഷെൽട്ടറുകളിൽ യാത്രക്കാർക്ക് ഇരിക്കാനെന്ന വിധം നിർമിച്ച ഒരു വളഞ്ഞ ഇരുമ്പു കമ്പിയുണ്ട്. ഇതിൽ ഇരിക്കാൻ കഴിയുന്നവനെ ഒളിമ്പിക്‌സിലേക്ക് ധൈര്യമായി അയക്കാം. കോടികൾ മുടക്കിയാണ് ഇതിന്റെ കരാർ നഗരസഭ നൽകിയത്. തലശേരിയിലെ ടോപ് വിപ്ലവ സിങ്കത്തിന്റെ ബന്ധുവാണ് ഇതിന് പിന്നിലെന്ന് മാപ്രകൾ പറയുന്നു. 

കൊച്ചി കറുപ്പിൽ മൂടിയ ദിവസങ്ങളിൽ ശ്രദ്ധേയമായത് നടി സരയു മോഹൻ പങ്കുവച്ച പോസ്റ്റാണ് . കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്. ഒന്നും തന്നെ കാണാനായില്ലെന്ന് സരയു പറയുന്നു. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്.... ഒന്നും തന്നെ കാണാനായില്ല.... മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളിൽ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയിൽ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം എന്ന് മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുന്നു. എന്നിങ്ങനെയായിരുന്നു സരയുവിന്റെ വാക്കുകൾ. ഈ താരത്തിന് കലാരംഗത്ത് കുതിച്ചുയരാൻ ആഗ്രഹമൊന്നുമില്ലായിരിക്കും. 

***   ***   ***

നമ്മുടെ കടക്കു പുറത്ത് സ്ലോഗന് ആഗോള തലത്തിലും സ്വീകാര്യത ലഭിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. രാജ്യത്തെ ബാങ്കുകൾ തുടർച്ചയായി തകരുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് പ്രതികരിക്കാതെ അദ്ദേഹം വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. 
സിലിക്കൻ വാലി ബാങ്ക് തകർന്നതിനെ പറ്റിയുള്ള ചോദ്യം ഉയർന്നതോടെയാണ് ബൈഡൻ ഇറങ്ങിപ്പോയത്. ബാങ്ക് തകർന്നത് എന്തുകൊണ്ട് എന്നത് സംബന്ധിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം? ഇതൊരു തരംഗമായി തുടരില്ലെന്ന് ഉറപ്പ് നൽകാനാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. 
ചോദ്യത്തിന് പിന്നാലെ ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. മറുപടി നൽകാതെ മുറിക്ക് അകത്തേക്ക് പോയി ബൈഡൻ വാതിലടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. നേരത്തെ ചൈനയുടെ ചാരബലൂണിനെ പറ്റിയുള്ള വാർത്താസമ്മേളനത്തിനിടയിലും ബൈഡൻ ഇറങ്ങിപ്പോയിരുന്നു.

***   ***   ***

നാസി ട്വീറ്റ് വിവാദത്തിൽ പെട്ട സ്പോർട്സ് അവതാരകൻ ഗാരി ലിനേകർക്ക് മുന്നിൽ ബിസിസി കീഴടങ്ങി. ഇതോടെ ബിബിസി ജീവനക്കാരും, മാനേജ്മെന്റും തമ്മിൽ പോര് രൂപപ്പെട്ടു. കോർപ്പറേഷന്റെ നിഷ്പക്ഷ നിയമങ്ങൾ ലംഘിച്ചെന്ന പേരിൽ മാച്ച് ഓഫ് ദി ഡേ അവതാരകനെ സസ്പെൻഡ് ചെയ്തെങ്കിലും ജീവനക്കാരുടെ പ്രതിഷേധം മൂലം തിരിച്ചെടുക്കേണ്ടിവന്നു. ഈ പരീക്ഷണം മറ്റ് അവതാരകരും പിന്തുടരുമെന്നാണ് ആശങ്ക. ഗവൺമെന്റിന്റെ പുതിയ അഭയാർത്ഥി നയത്തെ നാസി ജർമ്മനിയുമായി താരതമ്യം ചെയ്തതിനാണ് 62-കാരനായ ലിനേകറെ പുറത്തിരുത്തിയത്. എന്നാൽ ഈ നിലപാട് ഇപ്പോൾ തിരുത്തിയ ബിബിസി അവതാരകനെ തിരിച്ചെത്തിക്കുകയും ചെയ്തു. സഹഅവതാരകരും, ഫുട്ബോൾ പണ്ഡിതൻമാരും ഗാരിയ്ക്ക് പിന്തുണ അറിയിച്ച് പിൻവാങ്ങിയതാണ് ബിബിസിയ്ക്ക് തിരിച്ചടിയായി മാറിയത്.
ലിനേകറുടെ വിവാദ ട്വീറ്റിൽ കൃത്യമായ നടപടി കൈക്കൊണ്ടെന്നും, കീഴടങ്ങിയിട്ടില്ലെന്നുമാണ് ഡയറക്ടർ ജനറൽ ടിം ഡേവി അവകാശപ്പെടുന്നത്. ലിനേകർക്ക് നൽകിയ പരിഗണന മറ്റ് അവതാരകരും, റിപ്പോർട്ടർമാരും പ്രയോജനപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് സ്വന്തം രാഷ്ട്രീയ അഭിപ്രായങ്ങൾ ഇവർ ഓൺലൈനിൽ രേഖപ്പെടുത്തി നിഷ്പക്ഷ നിയമങ്ങളുടെ ബലം പരിശോധിക്കുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.


തങ്ങളുടെ സോഷ്യൽ മീഡിയ നിബന്ധനകൾ സ്വതന്ത്ര റിവ്യൂവിന് വിധേയമാക്കാൻ കോർപ്പറേഷൻ കമ്മീഷനെ നിയോഗിച്ചു. ബിബിസി വിഷയം കൈകാര്യം ചെയ്ത രീതി നട്ടെല്ലില്ലാത്തതാണെന്ന് കൺസർവേറ്റീവ് ഡെപ്യൂട്ടി ചെയർമാൻ ലീ ആൻഡേഴ്സൺ വിമർശിച്ചു. ഫുട്ബോളിൽ ഒരു താരവും ക്ലബിനേക്കാൾ വലുതല്ല. എന്നാൽ താൻ ബിബിസിയിലും വലുതാണെന്ന് ലിനേകർ തെളിയിച്ചു-അദ്ദേഹം വിലയിരുത്തി. 
ബിബിസിയിൽ വാർത്തകൾ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും ബ്രിട്ടീഷ് സർക്കാർ തുടർച്ചയായി കൈകടത്തിയെന്ന് ദി ഗാർഡിയൻ പത്രം വെളിപ്പെടുത്തി. 2020 മുതൽ 2022 വരെയുള്ള വിവിധ ഇ -മെയിൽ സന്ദേശങ്ങൾ തെളിവായി പുറത്തുവിട്ടു. സർക്കാർ നിർദേശത്തിന്റെ ഭാഗമായി കോവിഡിന്റെ തുടക്കത്തിൽ നിയന്ത്രണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ 'ലോക്ക്ഡൗൺ' എന്ന വാക്ക് ഉപയോഗിക്കരുത് എന്നതടക്കമുള്ള നിർദേശം ബിബിസി ജീവനക്കാർക്ക് നൽകി. ലേബർ പാർട്ടിയെ കടന്നാക്രമിക്കുന്ന വാർത്തകൾ നൽകാനും ബിബിസിക്ക് സമ്മർദമുണ്ടായി. രാഷ്ട്രീയ വിഷയങ്ങളിൽ മൗനം പാലിച്ചതിന് ജീവനക്കാരെ അഭിനന്ദിക്കുന്ന സീനിയർ എഡിറ്ററുടെ സന്ദേശവും ഗാർഡിയൻ പുറത്തുവിട്ടു.

***   ***   ***

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരം നൽകുമെന്നാണ് കെ പി സി സി അധ്യക്ഷൻ ഡി.കെ ശിവകുമാർ വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മാണ്ഡ്യ മണ്ഡലത്തിൽനിന്നും യുവ നേതാവും നടിയുമായ ദിവ്യ സ്പന്ദനയെ കോൺഗ്രസ് മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 
മോഡിയേയും ബി ജെ പിയേയും മുൾമുനയിൽ നിർത്തിയ കോൺഗ്രസിന്റെ മുൻ സോഷ്യൽ മീഡിയ ഹെഡ് ആയിരുന്നു നടി കൂടിയായ ദിവ്യ സ്പന്ദന. 2003 മുതൽ സിനിമയിൽ സജീവമായിരുന്ന ദിവ്യ 2012 ലാണ് കോൺഗ്രസിൽ ചേർന്നത്. 2013ൽ കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് മത്സരിച്ച് അവർ ലോക്‌സഭാംഗമായി. രാഷ്ട്രീയത്തിൽ സജീവമായ ശേഷമാണ് അവർ സിനിമ ഉപേക്ഷിച്ചത്. സോഷ്യൽ മീഡിയയിലൂടെ ബി ജെ പിക്കെതിരെ ദിവ്യ നടത്തുന്ന പ്രതികരണങ്ങൾ അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് പിന്നാലെ ദിവ്യ ട്വിറ്ററിൽനിന്ന് അപ്രത്യക്ഷയായി. പിന്നാലെ അവർ കോൺഗ്രസ് സോഷ്യൽ മീഡിയ നേതൃ പദവിയും ഒഴിഞ്ഞു. സോഷ്യൽ മീഡിയ നേതൃപദവി ഒഴിഞ്ഞെങ്കിലും അവർ കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നില്ല. ഇതിനൊപ്പം ബി.ജെ.പി സുമലതയേയും രംഗത്തിറക്കുമ്പോൾ താരങ്ങളുടെ പോരാട്ടത്തിനായിരിക്കും അയൽ സംസ്ഥാനം സാക്ഷ്യം വഹിക്കുക. 

***   ***   ***

മലയാളത്തിലെ ടെലിവിഷൻ ന്യൂസ് ചാനൽ മുഖങ്ങളിൽ വീണ്ടും മാറ്റം വരുന്നു. നിലവിൽ ഓൺലൈൻ ചാനലായി പ്രവർത്തിക്കുന്ന ദ ഫോർത്ത് സാറ്റ്‌ലൈറ്റ് ചാനലായി മാറുന്നതോട് കൂടി പ്രമുഖരായ നിരവധി മാധ്യമപ്രവർത്തകരാണ് അവിടേക്ക് എത്തിച്ചേരുന്നത്. പുതിയ മാനേജ്‌മെന്റിന് കീഴിൽ കൂടുതൽ ശക്തമായ സാന്നിധ്യമായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായി റിപ്പോർട്ടറും പ്രമുഖരായ പലരേയും എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അയ്യപ്പദാസ്, സ്മൃതി പരുത്തിക്കാട്, അരുൺകുമാർ, അഭിലാഷ് മോഹൻ, നിഷ പുരുഷോത്തമൻ തുടങ്ങിയ പ്രമുഖർ നിലവിലെ ചാനലുകൾ വിടുമെന്നാണ് സൂചന. 
മനോരമ ന്യൂസ് ചാനലിന്റെ പ്രധാന മുഖങ്ങളിൽ ഒരാളായ അയ്യപ്പദാസ് ചാനലിൽ നിന്നും രാജി പ്രഖ്യാപിച്ച് കഴിഞ്ഞു. മനോരമ വിടുന്ന അയ്യപ്പദാസ് സാറ്റ്‌ലൈറ്റ് ചാനലായി മാറാൻ പോവുന്ന ഫോർത്തിലേക്കാണ് പോവുന്നത്. 24 ന്യൂസ് ചാനലിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട സുജയ പാർവതി റിപ്പോർട്ടർ ചാനലിലേക്ക് എത്തുമെന്നാണ് സൂചന. നികേഷ് കുമാറിൽ നിന്നും റിപ്പോർട്ടർ ചാനൽ മാംഗോ ഫെറോ എന്ന ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഏറ്റെടുത്തിരിക്കുകയാണ്. 


പ്രമുഖ മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണൻ അടുത്തിടെ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ വിഭാഗം ഹെഡായി ചുമതലയേൽക്കുകയും ചെയ്തിട്ടുണ്ട്. മീഡിയ വണ്ണിൽ നിന്നും രാജിവെച്ചെത്തുന്ന സ്മൃതി പരുത്തിക്കാടും റിപ്പോർട്ടറിൽ സുപ്രധാന പദവിയിൽ ഉണ്ടാവും. മാതൃഭൂമി ന്യൂസിലെ സീനിയർ ന്യൂസ് എഡിറ്റർ പദവിയിൽ നിന്നുമായിരുന്നു സ്മൃതി മീഡിയ വണ്ണിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് വർഷമല്ലേ വരുന്നത്. ചാനലുകൾക്ക് ആവശ്യക്കാരേറി വരുമല്ലോ. അച്ചടി മാധ്യമങ്ങളിലെന്ന പോലെ ടിവി ജേണലിസ്റ്റുകൾക്കും വേജ് ബോർഡ് ഏർപ്പെടുത്തി നടപ്പാക്കാനും സമയമായി. 

***   ***   ***

ഓസ്‌കർ അവാർഡ് ലഭിച്ച കീരവാണി ചെറുപ്പത്തിലേ ആശാരിയുടെ തട്ടും മുട്ടും കേട്ടാണ് വളർന്നതെന്ന നാല് പ്രമുഖ മാധ്യമങ്ങളിലെ പ്രയോഗത്തെ പരിഹസിക്കാൻ വരട്ടെ. കേരളത്തിലെ ഏത് ജേണലിസം ഇൻസ്റ്റിറ്റൂട്ടിലാണ് ഇത്ര വിശദമായി സംഗീത ശാഖയെ കുറിച്ച് പഠിപ്പിക്കുന്നത്? കാർപെന്റർ എന്ന മ്യൂസിക് ബാൻഡ് അവർ കേട്ടിട്ടില്ലെന്നത് അത്ര വലിയ കുറ്റമാണോ? മമ്മൂട്ടി എന്ന വാക്കിന് പൂവാലൻ എന്നർഥം കൊടുക്കുന്ന ഗൂഗിൾ ട്രാൻസ്‌ലേറ്ററിനെയൊക്കെ അല്ലേ ആശ്രയിക്കുന്നത്. പത്രവായന കുറയുന്ന പുതിയ തലമുറകൾ ഇതിലും മോശക്കാരാവാനാണ് സാധ്യത. ബംഗളുരുവിലെ സീരിയൽ കില്ലർ വാർത്ത വായിച്ച് കേരളത്തിലും സീരിയലുകൾ മനുഷ്യരെ കൊല്ലുന്നുവെന്ന് പറഞ്ഞതിന്റെ അത്രയ്ക്ക് വരില്ലല്ലോ. 

Latest News