Sorry, you need to enable JavaScript to visit this website.

കുറുമ്പി ഭഗവതി; ഐതിഹ്യകഥകളും മൂന്ന് ദേശങ്ങളും

ലഘുവും ലളിതാഖ്യാനവുമായ പതിനഞ്ച് അധ്യായങ്ങളുള്ള തന്റെ ആദ്യ നോവലായ 'കുറുമ്പി ഭഗവതി ' എന്ന പ്രഥമ കൃതിയിലൂടെ ധന്യ അജിത്ത് എന്ന എഴുത്തുകാരി ശ്രമിക്കുന്നത് യുക്തിഭദ്രമല്ലാത്ത നാട്ടുമ്പുറത്തെ ഐതിഹ്യകഥകളെ തന്റെ യുക്തിചിന്തകൊണ്ട് ഒന്ന് പൊളിച്ചെഴുതാനാണ്.
ലണ്ടനിലെ കാന്റർബർഗ്, ഇലവൂർ എന്ന കേരളീയ ഗ്രാമം, പിന്നെ ദുബായ് എന്നിങ്ങനെ മൂന്ന് ദേശങ്ങളിലൂടെയാണ് നോവലിലെ കഥാഗതികൾ സഞ്ചരിക്കുന്നത്. മഹാനഗരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി (കുഞ്ചി) തന്റെ അമ്മമ്മ, അമ്മ എന്നിവരിലൂടെ കേട്ടറിഞ്ഞ നാട്ടിലെ ഒരു കാവിലെ ചരിത്രത്തിൽ ആകൃഷ്ടയാവുകയും തന്റെ ബാല്യത്തിലെ ഓർമ്മകളിലൂടെ വീണ്ടെടുത്ത കാവിന്റെ സുഖകരമായ ആ ഓർമ്മകൾക്ക് മുകളിൽ തന്റെ യുക്തിബോധ ചിന്തകൾ ചോദ്യങ്ങളുതിർക്കുകയും ചെയ്യുമ്പോൾ യാഥാർത്ഥ്യബോധത്തെ മറികടക്കുന്ന തരത്തിൽ തന്റെ യുക്തികൾ കാറ്റിൽ പറന്നു പോവുകയും ചെയ്യുന്ന ഭ്രമാത്മകമായ ഒരു ലോകത്തെ നേരിടേണ്ടി വരുന്ന അനുഭവാവസ്ഥകളെയും കടന്നു പോകുന്നുണ്ട് ഈ നോവൽ.


ഇലവൂർ എന്ന തന്റെ ഗ്രാമത്തിൽ അടിക്കടി നടക്കുന്ന അനിഷ്ട സംഭവങ്ങൾക്കും നാട്ടിൽ പലതും അപ്രത്യക്ഷമാവുന്നതിനും കാരണം, കാടു പിടിച്ച് കിടക്കുന്ന ഒരു കാവും ഗതി കിട്ടാതെയലയുന്ന ഒരു ആത്മാവും മൂലമാണെന്ന് പ്രശ്‌നം വെച്ചുനോക്കിയറിഞ്ഞ ജൻമി പ്രശ്‌ന പരിഹാരത്തിനു തയാറാകുന്നു. പക്ഷെ താഴ്ന്ന ജാതിയായ കുറവ സമുദായത്തിൽ പെട്ട, മുമ്പ് നാട്ടിൽനിന്ന് കാണാതായ കുറുമ്പിയുടെ സാന്നിധ്യമാണ് കാവിൽ കാണുന്നതെന്നതിനാൽ കുറവ സമുദായത്തിൽപെട്ടവർ തന്നെ പ്രതിഷ്ഠയ്ക്കുള്ള പൂജാകർമ്മങ്ങൾ നടത്തണമെന്നും പ്രശ്‌നത്തിൽ തെളിഞ്ഞപ്പോൾ ജാതി ചിന്ത കൊണ്ട് കേമനായ ജൻമിക്ക് മറ്റ് വഴിയില്ലാതെ അത് ചെയ്യേണ്ടിവരുന്നു. അങ്ങനെ കാട് വെട്ടിത്തെളിച്ച് ദേവിയെ (കുറുമ്പി?) പുനഃപ്രതിഷ്ഠിക്കുകയും ദേവിക്ക് പാൽപായസം നേർച്ചയായി കാണിക്ക വെക്കുന്ന സമ്പ്രദായം ആരംഭിക്കുകയും നഷ്ടപ്പെടുന്ന സാധനങ്ങൾ തിരിച്ചു കിട്ടുകയും ചെയ്യുന്നു.


ലണ്ടനിലെ കാന്റർബർഗിൽ ഗ്രാജുവേറ്റിന് പഠിക്കുന്ന കുഞ്ചു, അച്ഛന്റെ മരണശേഷം ദുബായിലെ ബിസിനസുകൾ ഏറ്റു നടത്തുന്ന അമ്മയോടൊപ്പമുള്ള അവധിക്കാലത്തെ നാട്ടിലേക്കുള്ള യാത്രകളിലാണ് അമ്മമ്മ വഴി തന്റെ വീടിനടുത്തുള്ള കുറുമ്പി ഭഗവതി ക്ഷേത്രത്തെക്കുറിച്ചും ആ കാവിനെക്കുറിച്ചുമുള്ള ഈ പുരാണങ്ങൾ കേൾക്കുന്നത്. നാട്ടിലെ താഴ്ന്ന ജാതിയായ കുറവ സമുദായത്തിൽപ്പെട്ട കുറുമ്പി എന്ന, ജൻമിയുടെ വീട്ടുജോലിക്കാരിയായ പെൺകുട്ടിക്ക് നിശ്ചയിച്ച വരനെ വിജനമായ സ്ഥലത്ത് വെച്ച് കല്യാണത്തലേന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെടുക്കുന്നു. പിന്നെ കേട്ടത് ജൻമിയുടെ കുടുംബത്തിലുള്ള ഏതോ പെൺകുട്ടിയുമായി അയാൾക്ക് അടുപ്പമുണ്ടായിരുന്നെന്നും അതറിഞ്ഞ ജൻമി അയാളെ വകവരുത്തിയെന്നുമാണ്. നിസ്സഹായരുടെ വിളികൾക്ക് എന്നും സംഭവിക്കാറുള്ളത് പോലെ ആ രോദനവും ആരാലും അറിയാതെയും ശ്രദ്ധിക്കപ്പെടാതെയും പോയി. എന്നാൽ കാലങ്ങൾക്ക് ശേഷം ഇതെ കുറുമ്പിയുമായുള്ള മറ്റൊരു വർത്തമാനത്തിന് നടുമുഴുവൻ കാതോർത്തു. ജന്മിയുടെ സുന്ദരിയായ രണ്ടാമത്തെ മകൾ സരസ്വതിയും കുറുമ്പിയും തമ്മിലുള്ള അടുപ്പവും അവിഹിതമായ ബന്ധവും നാട്ടിലാകെ പാട്ടായതും ശേഷം ജൻമി സരസ്വതിക്ക് പെട്ടെന്ന് തന്നെ കല്യാണം നിശ്ചയിക്കുകയും അതറിഞ്ഞ കുറുമ്പിും സരസ്വതിയും നാട്ടിൽ നിന്ന് അപ്രത്യക്ഷമായതും മൂന്നാം ദിവസം അജ്ഞാതമായ ഏതോ കേന്ദ്രത്തിൽ നിന്ന് അവരെ കണ്ടെടുക്കുകയും കുറുമ്പിയെ പിടിച്ചുകൊണ്ട് വന്ന് കെട്ടിയിട്ട് മർദ്ദിക്കുകയും സരസ്വതിയുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്തുകയും ചെയ്തു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുറുമ്പി സ്വയം കെട്ടഴിച്ച് എങ്ങോ അപ്രത്യക്ഷയായി. ആരോരുമില്ലാത്തവളായത് കൊണ്ട് അവളെക്കുറിച്ച് പിന്നെയാരുമോർത്തില്ല.
പിന്നെയാണ് നാട്ടിലെ ഒരു ഒഴിഞ്ഞ പ്രദേശത്തെ ആൾപ്പെരുമാറ്റമില്ലാത്ത കാടുപിടിച്ചു കിടക്കുന്ന ഒരു കാവിനകത്തുനിന്ന് നിലവിളിയും പൊട്ടിച്ചിരികളും ഉയർന്ന് വരുന്നതും പലപ്പോഴും രണ്ടു സ്ത്രീകളുടെ ശബ്ദങ്ങൾ കേൾക്കുന്നതും ചില സന്ധ്യകളിൽ കാവിലെ കാട്ടിനുള്ളിൽനിന്ന് വിളക്ക് തെളിയുന്നതും മറ്റും നാട്ടുകാർ കാണുന്നത്. നാട്ടിൽ അനിഷ്ട സംഭവങ്ങൾ ഉടലെടുക്കുകയും വില പിടിപ്പുള്ള സാധനങ്ങൾ കാണാതാവുകയും നിത്യ പതിവായതോടെയാണ് ജൻമി പ്രശ്‌നം വെപ്പിച്ചതും പരിഹാരക്രിയകൾ ചെയ്ത് ദേവിക്ക് പാൽ പായസം നിവേദ്യമായി സമർപ്പിക്കാനും വനപ്രദേശമായി കിടന്ന കാവിനെ കുറുമ്പി ഭഗവതി ക്ഷേത്രമെന്ന പേരിൽ സംരക്ഷിക്കാൻ പ്രശ്‌നത്തിൽ തെളിഞ്ഞതും.


അന്നു മുതൽ, ജാതി കൊണ്ട് കേമൻമാരും കുലമഹിമ കൊണ്ട് ഉന്നത ജാതരുമെന്ന് ധരിച്ചു വശായിരിക്കുന്നവർ ഭക്തിപൂർവ്വം തൊഴുകയും കാണിക്കയർപ്പിച്ച് ബഹുമാനപുരസ്സം നിവേദ്യ പായസം നുണയുകയും ചെയ്യുമ്പോൾ അതിന്റെ മധുരം മുഴുവൻ അനുഭവിക്കുന്നതും ആസ്വദിക്കുന്നതും സവർണ ആഢ്യത്വത്തിന്റെ ജാതീയമായ വിവേചനത്താലും താഴ്ന്ന കുലവർഗ്ഗമെന്ന അപമാനത്താലും ജീവിതം നിഷേധിക്കപ്പെടുകയും ജീവൻ ഹനിക്കപ്പെടുകയും ചെയ്ത ജാതിക്കൊടിക്കൂറയിൽ നിന്ന് പരകായം പൂണ്ട് ദേവിയായി മാറിയ പഴയ കുറവ സമുദായത്തിലെ കുറുമ്പി തന്നെയാണെന്നത് ഭക്തിയുടെ നേർക്ക് യുക്തി കൊണ്ട് കോർത്തെടുത്ത ചോദ്യങ്ങളാണ്. മാടമ്പിപ്പുരകളിലെ ആഢ്യസ്ത്രീകളും പതിവ്രതകളായ സുന്ദരികളും കുളിച്ച് ശുദ്ധിയായി കുറി തൊട്ട് ഭക്തിപൂർവ്വം തൊഴുമ്പോൾ അത് തങ്ങളാൽ അയിത്തം ചാർത്തപ്പെട്ട് അകലം പാലിക്കാൻ വിധിക്കപ്പെട്ട ഒരു ജാതീയ ഇരയുടെ മധുര പ്രതികാരത്തിനു മുന്നിലെ കുമ്പിടലാക്കി മാറ്റാൻ മിഥോളജിയുടെ ചൂട്ടുപിടിച്ച് നോവലിസ്റ്റ് ആ പ്രതിഷ്ഠാ ദേവിയുടെ പൂർവ്വകാല ചരിത്രം ചമയ്ച്ചതിലുമുണ്ട് യുക്തിഭദ്രതമായ ഒരു ട്വിസ്റ്റ്.


യുക്തി കൊണ്ട് ഭക്തിയെ ചോദ്യം ചെയ്യുന്ന വേറെയും സന്ദർഭങ്ങളുണ്ട് നോവലിൽ. പൂജ ചെയ്ത് ദേവിയായി പ്രതിഷ്ഠിക്കപ്പെട്ട കുറുമ്പിയ്ക്ക് നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാൻ കഴിവുണ്ടായിട്ടും എന്തേ തന്റെ സരസ്വതിയെ കണ്ടെത്താനായില്ല?, അല്ലെങ്കിൽ തന്റെയരികിൽ എത്തിക്കാനായില്ല? തന്റെ പ്രതിപുരുഷനെ കൊന്നവരോട് എന്തേ പ്രതികാരം ചെയ്തില്ല?
യുക്തിഭദ്രത, മിഥോളജിക്കൽ ബെയ്‌സ്ഡായ ഒരു നോവലിന് അഭികാമ്യമല്ലെന്നുണ്ടെങ്കിൽ ദൈവികമെന്ന് പഴിക്കാവുന്ന ചില മുഹൂർത്തങ്ങളെ നോവലിസ്റ്റ് പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. സരസ്വതിയും കുറുമ്പിയും തമ്മിലുള്ള സ്വവർഗാനുരാഗത്തെ, കുഞ്ചിയും ജെന്നിഫറുമായോ കുഞ്ചിയും ദേവിയു (കുറുമ്പി)മായോ കണക്ടുചെയ്യുന്നുണ്ട്. കുറുമ്പിക്ക് സരസ്വതിയോടും കുഞ്ചിക്ക് ജെന്നിഫറോടും ദേവി(കുറുമ്പി)ക്ക് കുഞ്ചിയോടുമുള്ളത് ഒരേ പ്രണയമായിരുന്നു. (മൂവരുടെയും ആദ്യപ്രണയം നഷ്ടപ്രണയമായിരുന്നു).കാരണം, നാട്ടിൽ നിന്നുള്ള മടക്കയാത്രയുടെയന്ന് കാവിലേക്ക് ചെന്ന കുഞ്ചി കണ്ട, പ്രതിഷ്ഠയായി മാറിയിരുന്ന ദേവിക്ക് അപ്പോൾ ജീവനുണ്ടായിരുന്നു. വലതു കൈയ്യുടെ തോളത്ത് ചരടിൽ കോർത്ത ലോഹത്തകിട് കെട്ടിയിരുന്നു.. ചുമലുകൾ നഗ്‌നമായിരുന്നു.
കാരണം അത് പഴയ കുറുമ്പിയായിരുന്നു. കുഞ്ചിയെ വാരിപ്പുണർന്ന് ചുംബിക്കുമ്പോൾ ദേവി (കുറുമ്പി) കുഞ്ചുവിൽ കണ്ടത് സരസ്വതിയെയായിരുന്നു.
'നിന്നിൽ അവളും അവനും ഞാനുമുണ്ട്' എന്ന് മന്ത്രിക്കുന്നതോടെ അത് പരിപൂർണമാവുന്നു.


യുക്തിഭദ്രമായ അവധാനതയോടെ, ജെന്നിഫർ എന്ന ആദ്യ അധ്യായത്തിലൂടെ, ലോകത്തിന്റെ വിദൂരമായ രണ്ട് ധ്രുവങ്ങളിലുള്ള പരസ്പരബന്ധമില്ലാത്ത രണ്ട് പ്രദേശങ്ങളിലെ രണ്ട് മനസ്സുകളെയും രണ്ട് അവസ്ഥകളെയും പരസ്പരം ചേർത്ത് വെക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. അതിതാണ്. ലണ്ടനിലെ കാന്റർബറി എന്ന സ്ഥലത്ത് നിന്ന് കുഞ്ചുവിന്റെ റൂംമേറ്റ് ഗോവക്കാരി ജെന്നിഫർ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പൊടുന്നനെ അപ്രത്യക്ഷമാവുന്നു. മൂന്നാം ദിവസം അകലെ ആൾപാർപ്പില്ലാത്ത വിജനമായ ഒരിടത്ത് നിന്ന് ജെന്നിയെ കണ്ടെടുക്കുന്നു. അത് ലോകത്തിന്റെ ഏതോ ധ്രുവത്തിലുള്ള കേരളത്തിലെ ഇലവൂർ എന്ന ഗ്രാമത്തിലെ കാവിലെ ആണ്ടുപൂജ മുടങ്ങിയതിന്റെ മൂന്നാം നാളായിരുന്നു. കുഞ്ചുവിനോട് കുറുമ്പിയുടെ കഥ പറയാറുള്ള അമ്മയും അമ്മമ്മയും കുഞ്ചുവിന്റെ റൂം മേറ്റ് എന്ന നിലയിൽ ജെന്നിയുമായി വീഡിയോ കോൾ വഴി ഒരാത്മബന്ധം പുലർത്തിയിരുന്നത് മാത്രമാണ് ജെന്നിയെ അവർ അറിയുന്ന ഏകഘടകം...!
മിത്തും യാഥാർത്ഥ്യവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന അതിരുകളില്ലാത്ത ആകാശത്തിലെ യുക്തിഭദ്രമല്ലാത്ത സമസ്യകളായി തന്നെ എക്കാലവും നിലനിൽക്കുമോ എന്ന സന്ദേഹം തന്നെയാണ് ഈ നോവലും അവശേഷിപ്പിക്കുന്നത്.

കുറുമ്പി ഭഗവതി (നോവൽ)
ധന്യ അജിത്ത്
ഹരിതം ബുക്‌സ്: വില 120 രൂപ
 

Latest News