Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

അടിച്ചുതകര്‍ത്ത് ഡിവൈന്‍, 36 പന്തില്‍ 99

മുംബൈ - വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ അഞ്ച് കളികളും തോറ്റ ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയന്റ്‌സ് നാലിന് 188 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും വനിതാ ക്രിക്കറ്റ് ദര്‍ശിച്ചിട്ടില്ലാത്ത മാരകമായ ആക്രമണത്തിലൂടെ സോഫി ഡിവൈന്‍ ആര്‍.സി.ബിയെ രക്ഷിച്ചു. 27 പന്തും എട്ടു വിക്കറ്റും ശേഷിക്കെ ആര്‍.സി.ബി ലക്ഷ്യം കണ്ടു. എട്ട് സിക്‌സറും ഒമ്പത് ബൗണ്ടറിയുമായി 36 പന്തില്‍ 99 റണ്‍സെടുത്ത ഡിവൈന് അര്‍ഹിച്ച സെഞ്ചുറി പൂര്‍ത്തിയാക്കാനായില്ല. വൈഡായ പന്തില്‍ സിംഗിളെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കുന്നതിനു പകരം ആഞ്ഞടിച്ച് പുറത്തായി. ലോറ വോള്‍വാര്‍ടും (42 പന്തില്‍ 68) സബ്ബിനേനി മേഘനയും (31) അഷ്‌ലെയ് ഗാര്‍ഡ്‌നറുമാണ് (26 പന്തില്‍ 41) ഗുജറാത്തിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ആദ്യ അഞ്ചു കളിയും ജയിച്ച മുംബൈ ഇന്ത്യന്‍സിനെ യു.പി വാരയേഴ്‌സ് അഞ്ചു വിക്കറ്റിന് അട്ടിമറിച്ചു. മുംബൈയുടെ 127 മൂന്നു പന്ത് ശേഷിക്കെ യു.പി മറികടന്നു. യു.പിയുടെ മൂന്നാം ജയമാണ് ഇത്.  
ആദ്യ കളിയില്‍ യു.പിയുടെ സോഫി എക്കിള്‍സ്റ്റനും (4-0-15-3) രാജേശ്വരി ഗെയ്കവാദും (4-0-16-2) ദീപ്തി ശര്‍മയും (4-0-35-2) ഒന്നാന്തരം ബൗളിംഗിലൂടെ മുംബൈയെ 127 ന് ഓളൗട്ടാക്കുകയായിരുന്നു. ഓപണര്‍ ഹെയ്‌ലി മാത്യൂസും (30 പന്തില്‍ 35) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (22 പന്തില്‍ 25) ഇസി വോംഗുമൊഴികെ (19 പന്തില്‍ 32) എല്ലാവരും പരാജയപ്പെട്ടു. 
ഓപണര്‍മാരായ ദേവിക വൈദ്യയെയും അലീസ ഹീലിയെയും എളുപ്പം നഷ്ടപ്പെട്ട ശേഷം യു.പി തിരിച്ചടിച്ചു. തഹലിയ മക്ഗ്രായും (25 പന്തില്‍ 38) ഗ്രെയ്‌സ് ഹാരിസും (28 പന്തില്‍ 39) വിജയമുറപ്പാക്കി. 

Latest News