മഡ്ഗാവ് - ഐ.എസ്.എല്ലില്‍ ആദ്യ 12 കളികളില്‍ തപ്പിത്തടഞ്ഞ ശേഷം ബംഗളൂരു എഫ്.സി നടത്തിയ അവിശ്വസനീയ കുതിപ്പിന് ഫൈനലില്‍ സ്റ്റോപ്. ആദ്യന്തം ആവേശം വിതറിയ ഫൈനലില്‍ ഷൂട്ടൗട്ടില്‍ എ.ടി.കെ 4-3 ന് ജയിച്ചു. നിശ്ചിത സമയത്ത് 2-2 ന് അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈമിലും തീരുമാനമായില്ല. ഷൂട്ടൗട്ടില്‍ ബ്രൂണൊ സില്‍വയുടെ കിക്ക് തടുത്ത വിശാല്‍ കൈതാണ് എ.ടി.കെയുടെ വിജയമുറപ്പിച്ചത്. അവസാന കിക്കെടുത്ത പാബ്ലൊ പെരസിനും ലക്ഷ്യം തെറ്റി. നിശ്ചിത സമയത്തും ഷൂട്ടൗട്ടിലുമായി എ.ടി.കെയുടെ ദിമിത്രിയോസ് പെട്രറ്റോസ് മൂന്ന് പെനാല്‍ട്ടികളാണ് സ്‌കോര്‍ ചെയ്തത്.
കലാശപ്പോരാട്ടത്തിന്റെ എല്ലാ അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു നിശ്ചിത സമയത്തെ പോരാട്ടം. മൂന്നു പെനാല്‍ട്ടികള്‍ കണ്ട 90 മിനിറ്റില്‍ ഇരു ടീമുകളും മാറി മാറി ലീഡെടുക്കുകയും 2-2 സമനിലയില്‍ അവസാനിക്കുകയും ചെയ്തു. എക്‌സ്ട്രാ സമയമാവുമ്പോഴേക്കും കളിക്കാര്‍ തളര്‍ന്നു. പതിനാലാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഹാന്റ്‌ബോളിന് ലഭിച്ച പെനാല്‍ട്ടിയിലൂടെ ദിമിത്രിയോസ് പെട്രറ്റോസ് എ.ടി.കെക്ക് ലീഡ് സമ്മാനിച്ചു. തുടര്‍ന്നും എ.ടി.കെ ആധിപത്യം പുലര്‍ത്തുന്നതിനിടയില്‍ നാല്‍പത്തഞ്ചാം മിനിറ്റില്‍ പെനാല്‍ട്ടി ബംഗളൂരുവിന് തിരിച്ചുവരാന്‍ അവസരമൊരുക്കി. സുഭാശിഷ് ബോസ് വഴങ്ങിയ പെനാല്‍ട്ടി സുനില്‍ ഛേത്രി ലക്ഷ്യത്തിലെത്തിച്ചു. എഴുപത്തെട്ടാം മിനിറ്റില്‍ റോയ് കൃഷ്ണ ബംഗളൂരുവിന് ആദ്യമായി ലീഡ് നല്‍കി. എണ്‍പത്തഞ്ചാം മിനിറ്റില്‍ മറ്റൊരു പെനാല്‍ട്ടിയിലൂടെ പെട്രറ്റോസ് എ.ടി.കെയുടെ ആയുസ്സ് നീട്ടി.
116 മത്സരങ്ങള്‍ക്കും 341 ഗോളുകള്‍ക്കുമൊടുവില്‍ രണ്ട് പരമ്പരാഗതവൈരികളുടെ പോരാട്ടം ആവേശം വിതറി. എ.ടി.കെയുടെ നാലാം കിരീടമാണ് ഇത്. 2014 ലും 2016 ലും 2019 ലും അവര്‍ ചാമ്പ്യന്മാരായിരുന്നു. 2018 ലെ ചാമ്പ്യന്മാരായിരുന്നു ബംഗളൂരു.
ബംഗളൂരുവിന്റെ തിരിച്ചുവരവ് അക്ഷരാര്‍ഥത്തില്‍ കിരീടം അര്‍ഹിക്കുന്നു. 12 കളികള്‍ പിന്നിട്ടപ്പോള്‍ അവര്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. പിന്നീട് ഓരോ കളിയും അവര്‍ക്ക് ഫൈനലായിരുന്നു.