രോഹിത് കളിക്കും, ഇശാന്‍  തെറിക്കും; ആശങ്കയായി കാലാവസ്ഥ


ഇന്ത്യ-ഓസ്‌ട്രേലിയ
രണ്ടാം ഏകദിനം
ഞായര്‍ രാവിലെ 11.00

വിശാഖപട്ടണം - വാംഖഡെയിലെ പെയ്‌സ് പിച്ചില്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ഒന്നാം ഏകദിനത്തിനു ശേഷം വിശാഖപട്ടണത്തെ ബാറ്റിംഗില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും കൊമ്പുകോര്‍ക്കുന്നു. ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തി. രോഹിതിനു പകരം ആരെ ഒഴിവാക്കണമെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് ആശയക്കുഴപ്പമില്ല. മുംബൈയില്‍ ഇശാന്‍ കിഷന്‍ പരാജയപ്പെടുകയും കെ.എല്‍ രാഹുല്‍ ഉന്നത നിലവാരമുള്ള അര്‍ധ ശതകത്തിലൂടെ (75 നോട്ടൗട്ട്) ഇന്ത്യയെ വിജയ ലക്ഷ്യം കടത്തുകയും ചെയ്തിരുന്നു. കുടുംബപരമായ കാരണങ്ങളാലാണ് രോഹിത് ആദ്യ കളിയില്‍ വിട്ടുനിന്നത്. പകരം ഓപണ്‍ ചെയ്ത ഇശാന്‍ രണ്ടാം ഓവറില്‍ തന്നെ പുറത്തായിരുന്നു. 
ഇശാനും രാഹുലുമാണ് ടീമിലെ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍മാര്‍. സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ഡൈവിംഗ് ക്യാച്ചെടുത്ത രാഹുല്‍ ബൗണ്ടറിയിലേക്കുള്ള ഏതാനും പന്തുകളും  മുഴുനീളം ചാടി തടുത്തിരുന്നു. സ്പിന്നര്‍മാര്‍ക്കും രാഹുല്‍ നന്നായി വിക്കറ്റ് കാത്തു. റിഷഭ് പന്ത് ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കില്ലെന്നുറപ്പായതോടെ വിക്കറ്റിന് മുന്നിലും പിന്നിലും രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് ആഹ്ലാദം പകരും. 
സൂര്യകുമാര്‍ യാദവ് ആദ്യ പന്തില്‍ പുറത്തായതാണ് ഇന്ത്യക്ക് നിരാശ. അവസാന  പത്ത് ഏകദിനങ്ങളില്‍ സൂര്യകുമാര്‍ മൊത്തം നേടിയത് 110 റണ്‍സാണ്. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനാലാണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത്. പരിക്കിനു ശേഷം തിരിച്ചുവന്ന ഗ്ലെന്‍ മാക്‌സ്‌വെലിന് ബാറ്റിംഗിലും ബൗളിംഗിലും കാര്യമായൊന്നും ചെയ്യാനായില്ല. 
ശാര്‍ദുല്‍ താക്കൂറിനു പകരം ഇന്ത്യ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്‍കിയേക്കും. ഡേവിഡ് വാണറും അലക്‌സ് കാരിയും ഓസീസ് പ്ലേയിംഗ് ഇലവനിലും സ്ഥാനം നേടിയേക്കും. വാണര്‍ കളിക്കുകയാണെങ്കില്‍ ബാറ്റിംഗ് ഓര്‍ഡര്‍ ഓസ്‌ട്രേലിയ മാറ്റേണ്ടി വരും. 
അവസാനം ഇവിടെ കളിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ അഞ്ചിന് 387 റണ്‍സടിച്ചിരുന്നു. ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 295 ആണ്. എന്നാല്‍ മഴക്ക് സാധ്യതയുണ്ട്. വിശാഖപട്ടണത്ത് നടന്ന ഒമ്പത് ഏകദിനങ്ങളില്‍ ഏഴും ഇന്ത്യ ജയിച്ചു. ഒന്ന് ടൈ ആയി. കോലി ഇവിടെ മൂന്ന് സെഞ്ചുറിയടിച്ചിട്ടുണ്ട്. ഒരിക്കല്‍ 99 ന് പുറത്തായി. 

Latest News